Monday, December 6, 2021

ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ്‌ കെ. മാണിയോ ജനറല്‍ സെക്രട്ടറി സ്‌റ്റീഫന്‍ ജോര്‍ജോ മത്സരിച്ചേക്കും

Must Read

കോട്ടയം: ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍നിന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) സ്‌ഥാനാര്‍ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണിയോ ജനറല്‍ സെക്രട്ടറി സ്‌റ്റീഫന്‍ ജോര്‍ജോ മത്സരിച്ചേക്കും. ഈ മാസം 29 നാണു തെരഞ്ഞെടുപ്പ്‌.
ഇടതു മുന്നണി പ്രവേശനത്തിന്റെ ഭാഗമായി ജോസ്‌ കെ. മാണി രാജിവച്ച ഒഴിവിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. എല്‍.ഡി.എഫ്‌. സീറ്റ്‌ കേരളാ കോണ്‍ഗ്രസ്‌ (എം) നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ജോസ്‌ കെ. മാണി മത്സരിക്കുന്നതിനോടാണു സി.പി.എമ്മിനു താത്‌പര്യമെന്നാണു സൂചന. കേരളാ കോണ്‍ഗ്രസിന്റെ വരവു മധ്യകേരളത്തില്‍ എല്‍.ഡി.എഫിനു നേട്ടമായെന്ന്‌ സി.പി.എം. പലവട്ടം ആവര്‍ത്തിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്നാണു കേരളാ കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായവും. ഈ സാഹചര്യത്തില്‍ ജോസ്‌ കെ.മാണി തന്നെ മത്സരിച്ചേക്കുമെന്നാണു അഭ്യൂഹം. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതിനു പിന്നാലെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട്‌ ജോസ്‌ കെ. മാണി മത്സരസാധ്യത തള്ളിയതുമില്ല. സീറ്റ്‌ കേരളാ കോണ്‍ഗ്രസിനുള്ളതാണെന്നും താന്‍ മത്സരിക്കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു പാര്‍ട്ടിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജോസ്‌ കെ. മാണി മാറി നിന്നാല്‍, ജനറല്‍ സെക്രട്ടറി സ്‌റ്റീഫന്‍ ജോര്‍ജിനാണു പരിഗണന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍നിന്നു നേരിയ വ്യത്യാസത്തിനാണു പരാജയപ്പെട്ട സ്‌റ്റീഫന്‍ ജോര്‍ജ്‌, ജോസ്‌ കെ. മാണിയുടെ വിശ്വസ്‌തനാണ്‌. എല്‍.ഡി.എഫ്‌. യോഗങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കാറുമുണ്ട്‌. എന്നാല്‍, ക്‌നാനായ സമുദായംഗമായ തോമസ്‌ ചാഴികാടന്‍ ലോക്‌സഭാംഗമായിരിക്കേ അതേ സമുദായത്തില്‍ നിന്നുതന്നെയുള്ള സ്‌റ്റീഫന്‍ ജോര്‍ജ്‌ വരുന്നതിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്‌. വരും ദിവസങ്ങളില്‍ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന്‌ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണു പാര്‍ട്ടി തീരുമാനം.
കഴിഞ്ഞ ജനുവരി 11നാണു ജോസ്‌ കെ.മാണി രാജിവച്ചത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പാലായില്‍നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2024 വരെയാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സീറ്റിന്റെ കാലാവധി. പശ്‌ചിമ ബംഗാള്‍, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലെ രണ്ട്‌ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നടക്കും.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News