ഓട്ടോയിൽ ഞങ്ങൾ സ്ത്രീകൾ മാത്രം; വീട്ടിലേക്കെന്ന് പറഞ്ഞപ്പോൾ ചോദിച്ചത് എന്തിനാണ് വീട്ടിൽ പോകുന്നതെന്ന്’; കേരള പോലീസിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി അർച്ചന കവി

0

കേരള പൊലീസിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വ്യക്തമാക്കി നടി അർച്ചന കവി. ഓട്ടോയിൽ വരുമ്പോൾ തടഞ്ഞ് നിർത്തി നടത്തിയ ചോദ്യം ചെയ്യലിനെ കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തൽ. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചോദിക്കുകയായിരുന്നു എന്ന് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി താരം കുറിച്ചു.

വളരെ പരുഷമായാണ് അവർ പെരുമാറിയതെന്നും സുരക്ഷിതമായി തോന്നിയില്ലെന്നും അർച്ചന വ്യക്തമാക്കുന്നു. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് ചോദിച്ചെന്നും താരം പറഞ്ഞു. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ്ടാ​ഗിലാണ് പോസ്റ്റ്. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചന കുറിപ്പ് ആരംഭിച്ചത്.

അർച്ചനയുടെ കുറിപ്പ് വായിക്കാം

ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങളെ നിർത്തിച്ച് ചോദ്യം ചെയ്തു. ഒരു ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ വളരെ അധികം പരുഷമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥത പെടുത്തുന്നതായിരുന്നു.

‘ജീവിക്കാൻ ഇനിയെങ്കിലും പഠിക്കു പെണ്ണുങ്ങളെ..! ഒരടിയും നിസാരമല്ല’

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ ഗാർഹിക പീഡനത്തിനെതിരെ കുറിപ്പ് പങ്കുവെച്ച് നടി ജൂവൽ മേരി. ഒരു അടിയും നോർമൽ അല്ല എന്നാണ് ജൂവൽ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത്. ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുമോ എന്നും താരം ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ..

എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ട് വന്നത് ! ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ?

ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോർമൽ അല്ല ! പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട് ഭർത്താവ് നിർദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന് ! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം !

ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിൽ എത്തിച്ചു ! എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്കെയിൽ ആണ് നിയമത്തിൽ ഉള്ളത് ! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ ! ജീവിക്കാൻ ഇനിയെങ്കിലിം പടിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കൾ ആണ് ! ജീവിതം അങ്ങനെ അല്ല ! Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace #justiceforvismaya

LEAVE A REPLY

Please enter your comment!
Please enter your name here