അനന്തപുരി മതവിദ്വേഷക്കേസില്‍
പി സി ജയിലിലേക്ക്; പി സി ജോർജിനെ റിമാൻഡ് ചെയ്തത് പതിനാല് ദിവസത്തേക്ക്

0

തിരുവനന്തപുരം: അനന്തപുരി മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. ഇതോടെ ജോര്‍ജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച് മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് പിസിയെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷമായിരുന്നു ഹാജരാക്കിയത്.

അതേസമയം സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. സമൂഹം വിലയിരുത്തട്ടെയെന്നും പി.സി.ജോര്‍ജ് പറഞ്ഞു. നോട്ടീസ് കിട്ടിയപ്പോള്‍ പാലാരിവട്ടം പൊലീസ് മുന്നില്‍ ഹാജരായതാണ്. എന്തിനാണ് എന്നെ ഇങ്ങനെ ദഹണിച്ചു കൊണ്ട് നടക്കുന്നതെന്ന് പൊലീസിനോടും അതിന്റെ ഭരണ കര്‍ത്താക്കളോടും ചോദിക്കണം. കോടതി അനുവാദിക്കാത്തതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. കോടതി ജാമ്യം അനുവദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യ പരിശോധനക്കെത്തിച്ചപ്പോഴായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം.

തനിക്ക് ജനം സുരക്ഷ തരും. ഇത് ഇരട്ട നീതിയല്ല, കൊടും ക്രൂരതയാണ് നടക്കുന്നത്. ഇത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ എന്നല്ല എല്ലാ തെരഞ്ഞെടുപ്പിനെയും ബാധിക്കാന്‍ പോകുകയാണ്. ബിജെപിയുടെ എന്നല്ല, എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ട്. ബിജെപിയുടെ ആത്മാര്‍ഥ പിന്തുണയുണ്ട്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ വേട്ടയാടുന്നുവെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

പി.സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രോസിക്യൂഷൻ. രണ്ട് മത വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനാണ് പിസി ജോർജ് പ്രസ്താവന ആവർത്തിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗൂഢാലോചന തെളിയിക്കാൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പി സി ജോർജിന്റെ ശബ്ദ സാംപിൾ പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജോർജിനെ വെറുതെ വിട്ടാൽ സമാന കുറ്റങ്ങൾ ആവർത്തിക്കും. പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

അതേസമയം ഇന്നലെയാണ് മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു. അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയാണ് പിസി ജോർജിനെ തിരുവനന്തപുരത്തെത്തിച്ചത്. ഇതിനിടെ ബിജെപി പ്രവർത്തകർ എആർ ക്യാമ്പിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. പിസി ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യവും വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തു.

ഇന്നലെ വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പോലീസ് പിസി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ജോര്‍ജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടർന്നാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here