ബെംഗളൂരു: സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ ബാലവിവാഹം 15 വർഷത്തിനുള്ളിൽ 50 ശതമാനം കുറഞ്ഞെന്ന് കണക്കുകൾ. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് കണ്ടെത്തൽ.
2006-07 വർഷത്തെ സർവേയിൽ 51.1 ശതമാനമായിരുന്നു ഗ്രാമീണ മേഖലയിലെ ബാലവിവാഹങ്ങൾ. 2019-20 ലെ കണക്കനുസരിച്ച് 24.7 ആയി ബാലവിവാഹങ്ങൾ കുറഞ്ഞിട്ടുണ്ട്. 2006-ൽ നിലവിൽവന്ന ബാലവിവാഹ നിരോധനനിയമം ഏറെ ഗുണം ചെയ്തുവെന്നാണ് നിഗമനം.
സംസ്ഥാനത്തെ ചില ജില്ലകളിൽ ബാലവിവാഹം ആചാരമായി നടപ്പാക്കുന്നവരുണ്ട്. 16 നും 18-നും ഇടയിൽ പെൺകുട്ടികളുടെ വിവാഹം നടത്തുന്ന സമ്പ്രദായമാണ് പല ഗ്രാമീണ മേഖലകളിലുമുള്ളത്. മൈസൂരു, കോലാർ, റായ്ച്ചൂർ, കൊപ്പാൾ, ചാമരാജഗനർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ബാലവിവാഹങ്ങൾ നടന്നിരുന്നത്. കൃത്യമായ ബോധവത്കരണത്തിലൂടെ ഗ്രാമീണരിൽ ബാലവിവാഹത്തിന് എതിരായ അവബോധം ഒരു പരിധിവരെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ മാർച്ച് മുതൽ നവംബർ വരെ 400-ത്തോളം ബാലവിവാഹങ്ങൾ കണ്ടെത്തി തടയാനും കഴിഞ്ഞു. കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ പൂട്ടിയതോടെ പെൺകുട്ടികളുടെ വിവാഹം നടത്തുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. ഗ്രാമ- നഗര വ്യത്യസം ഇക്കാര്യത്തിലില്ല. നവംബറിൽ ഇക്കാര്യത്തിൽ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു.
English summary
In rural areas, child marriage is estimated to have dropped by 50 per cent in 15 years