മഹാരാഷ്ട്രയിൽ വിമത നീക്കവും രാഷ്ട്രീയ നാടകവും അവസാനത്തോട് അടുക്കുന്നു

0

മുംബൈ : മഹാരാഷ്ട്രയിൽ വിമത നീക്കവും രാഷ്ട്രീയ നാടകവും അവസാനത്തോട് അടുക്കുന്നു. വഴികളെല്ലാം അടഞ്ഞതോടെ  മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിയിലേക്ക് നീങ്ങുകയാണ്. അതിന് മുന്നോടിയായി അവസാന അടവ് പുറത്തെടുക്കുകയാണ് ശിവസേന. അഘാടി സഖ്യം വിടാൻ ശിവസേന തയ്യാറാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. എല്ലാ എംഎൽഎമാരുടെയും അഭിപ്രായം ഇതാണെങ്കിൽ പരിഗണിക്കാം. പക്ഷേ അത് ആഗ്രഹിക്കുന്ന എംഎൽഎമാർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. ആവശ്യങ്ങളുന്നയിക്കേണ്ടത് ഗുവാഹത്തിയിൽ നിന്നല്ല. വിമത എംഎൽഎമാര്‍ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെടുന്നു. എന്നാലിക്കാര്യത്തിൽ വിമതർ മറുപടി നൽകിയിട്ടില്ല. 
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഇരട്ടി പ്രഹരമാണുണ്ടാകാൻ പോകുന്നത്. മുഖ്യമന്ത്രി പദം നഷ്ടമാകുന്നതിനൊപ്പം പാര്‍ട്ടിയും വിമതര്‍ പിടിച്ചെടുക്കുന്ന അവസ്ഥയിലാണ് ശിവസേന തലവൻ. 38 എംഎൽഎമാര്‍ ഒപ്പം ചേര്‍ന്നതോടെ ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഏകനാഥ് ഷിന്‍ഡേയും കൂട്ടരും നീക്കം തുടങ്ങി. ആകെ 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഷിൻഡേ വീഡിയോ പുറത്തുവിട്ടു.

മുഖ്യമന്ത്രിയുടെ വസതിയിൽ ഉദ്ധവ് വിളിച്ച യോഗത്തിൽ 13 എംഎൽഎമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇതോടെ ഉദ്ധവിന്‍റെ രാജിയിലേയ്ക്കാണ് പ്രതിസന്ധി നീങ്ങുന്നതെന്ന് വ്യക്തം. സർക്കാർ താഴെ വീഴാനുള്ള സാധ്യത പാര്‍ട്ടി യോഗത്തിൽ ശരദ് പവാര്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ഇതനുസരിച്ച് നീങ്ങാനാണ് പവാര്‍ പാര്‍ട്ടി എംഎൽഎമാര്‍ക്ക് നൽകിയ നിര്‍ദ്ദേശം. 

LEAVE A REPLY

Please enter your comment!
Please enter your name here