കോന്നി: കൂടൽ പുന്നമൂട്ടിൽ അഞ്ചുവർഷം മുമ്പ് സ്വകാര്യ വ്യക്തിക്ക് വിറ്റ ഭൂമിയിൽ സർക്കാർ ഭൂമിയെന്ന് തെറ്റിദ്ധരിച്ച് ആളുകൾ കൈയേറാൻ ശ്രമിച്ചത് അധികൃതർ തടഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പുന്നമൂട്ടിൽ എ.വി.ടിയുടെ റബർ എസ്റ്റേറ്റിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 14 അംഗ സംഘം ൈകയേറാൻ ശ്രമിച്ചത്. രാത്രിയിൽ ഇവിടെ എത്തിയവർ കാടുപിടിച്ച് കിടന്ന സ്ഥലം വെട്ടിത്തെളിച്ച് കുടിൽ കെട്ടുകയും പാചകം ചെയ്യുകയും ചെയ്തു.
കോന്നി തഹൽസിദാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി, കൂടൽ പൊലീസ് എന്നിവർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തുകയും സമരക്കാരുമായി ചർച്ച നടത്തി ൈകയേറ്റം ഒഴിപ്പിക്കുകയും ചെയ്തു. ഭൂമിയില്ലാതിരുന്ന ഇവർക്ക് സർക്കാർ കാസർകോട്, ഇടുക്കി ജില്ലകളിൽ ഭൂമി അനുവദിച്ചിരുന്നു. എന്നാൽ, ഈ ഭൂമി വാസയോഗ്യമല്ലെന്ന് ആരോപിച്ചാണ് ഇവർ ൈകയേറാൻ ശ്രമിച്ചത്.
സ്വകാര്യ വ്യക്തിയുടെ ഭൂമിയും സർക്കാർ ഭൂമിയും ചേർന്നുകിടന്ന സ്ഥലത്ത് സർക്കാർ സ്ഥാപിച്ച ബോർഡ് കണ്ട് തെറ്റിദ്ധരിച്ച് ഭൂമി ൈകയേറിയതാകാനാണ് സാധ്യത എന്നും അധികൃതർ പറയുന്നു. ഇവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹാരം കാണുന്നതിന് തിങ്കളാഴ്ച മൂന്നിന് കോന്നി താലൂക്ക് ഓഫിസിൽ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച നടക്കും
English summary
In Koodal Punnamootty, the authorities blocked an attempt by people to encroach on land sold to a private individual five years ago, mistaking it for government land.