തെരുവുനായ്ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത് മല്ലന് സഹിക്കാനാകില്ല. ഇവർക്ക് ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത് മെട്രോ റെയിൽ സ്റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി നായ്ക്കൾക്ക് ഭക്ഷണം നൽകുന്നു. പതിനാറോളം നായ്ക്കൾക്കായിരുന്നു ദിവസവും ഭക്ഷണം നൽകിയിരുന്നത്. നാൽപ്പതോളം തെരുവുനായ്ക്കൾ മല്ലന്റെ സ്നേഹവിരുന്നിൽ പങ്കാളികളാകാൻ എത്തുന്നു. ഇരുപത്തഞ്ചുവർഷംമുമ്പ് പുനലൂരിൽനിന്ന് എറണാകുളത്ത് എത്തിയ ഷിബുവാണ് ഇപ്പോൾ മല്ലൻ എന്ന പേരിൽ അറിയപ്പെടുന്നത്. മല്ലൂസ് എന്നും ചിലർ വിളിക്കും. കൂലിപ്പണിയാണ് തൊഴിൽ. താമസം തെരുവിൽ. ഇപ്പോൾ കിടപ്പ് സൗത്ത് മെട്രോ റെയിൽ സ്റ്റേഷന്റെ തൂണിനടിയിൽ. ഷിബു ഉറങ്ങുമ്പോൾ നായ്ക്കൾ ചുറ്റും കാവലിരിക്കുമെന്ന് പരിസരവാസികൾ പറയുന്നു. ചിലപ്പോൾ തൊട്ടടുത്ത ഷാലിമാർ മെൻസ് ഹോസ്റ്റലിന്റെ ടെറസിലും ഇടംതേടും.കടവന്ത്ര മാർക്കറ്റിൽനിന്നുള്ള കോഴി, ബീഫ് അവശിഷ്ടങ്ങൾ വാങ്ങിയാണ് നായ്ക്കൾക്ക് നൽകുന്നത്. തുച്ഛമായ വരുമാനത്തിൽനിന്നാണ് ഇതിനുള്ള വക കണ്ടെത്തുന്നത്. പൊലീസ് നിർദേശപ്രകാരം അജ്ഞാതമൃതദേഹങ്ങൾ പുഴയിൽനിന്നും മറ്റും പുറത്തെടുക്കുന്ന ജോലിയാണ് പ്രധാനമായും ചെയ്തിരുന്നത്. ചീഞ്ഞളിഞ്ഞ മൃതദേഹമായാലും ഷിബുവിന് പ്രശ്നമില്ല. റെയിൽ ട്രാക്കിലെ ചതഞ്ഞരഞ്ഞവയടക്കം നൂറുകണക്കിന് മൃതദേഹങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കും പോകും. കോവിഡിനെ പേടിയില്ലെങ്കിലും ലോക്ക്ഡൗൺമൂലം പണി കുറവാണെന്ന് ഷിബു പറയുന്നു. സന്നദ്ധസംഘടനകൾ എത്തിച്ചുനൽകുന്ന ഭക്ഷണമാണ് ആശ്രയം. മെൻസ് ഹോസ്റ്റലിലെ പരിചയക്കാർ നൽകുന്ന ചെറിയ സഹായങ്ങൾ നായ്ക്കൾക്ക് ഭക്ഷണം വാങ്ങാൻ മാറ്റിവയ്ക്കും. നാട്ടിൽ സഹോദരങ്ങളുണ്ടെങ്കിലും വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ. മൃഗങ്ങൾ മനുഷ്യരേക്കാൾ നന്ദിയുള്ളവരാണെന്നാണ് ഷിബുവിന്റെ പക്ഷം. ‘നമുക്ക് എവിടെനിന്നെങ്കിലും ഭക്ഷണം കിട്ടും. പക്ഷേ, ഇവർക്ക് എവിടെനിന്നു കിട്ടാനാണ്’–- ഷിബു ചോദിക്കുന്നു
English summary
In Kochi Lockdown, street dogs are stranded without food.