Monday, December 6, 2021

കേരളത്തിൽ കെഎസ്ആർടിസി ജീവനക്കാർ ഇന്ന് ഡയസ് നോൺ ലംഘിച്ചും പണിമുടക്കുമ്പോൾ യഥാർത്ഥ ഡയസ് നോൺ ഇന്നും ഓഫീസിൽ പോകും

Must Read

കേരളത്തിൽ കെഎസ്ആർടിസി ജീവനക്കാർ ഇന്ന് ഡയസ് നോൺ ലംഘിച്ചും പണിമുടക്കുമ്പോൾ യഥാർത്ഥ ഡയസ് നോൺ ഇന്നും ഓഫീസിൽ പോകും. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, മേലുളിയാഴ്ത്തുറയിൽ വട്ടപ്പറമ്പിൽ പീതാംബരന്റെ മകൻ ഡയസ് നോൺ എന്ന യുവജനക്ഷേമ ബോർഡ് ജീവനക്കാരൻ കേരളത്തിലെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമാണ്. അച്ചുതമേനോൻ സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ് അധ്യാപകനായ വട്ടപ്പറമ്പിൽ പീതാംബരൻ തനിക്ക് ജനിച്ച കുഞ്ഞിന് ഡയസ്നോൺ എന്ന് പേരിട്ടത്. ആ കുട്ടി വളർന്ന് ഇന്ന് 47 വയസിൽ എത്തി നിൽക്കുമ്പോൾ സിപിഎം ഭരണകൂടം തന്നെ ഡയസ് നോൺ പ്രഖ്യാപിച്ച് സമരക്കാരെ ഭീഷണിപ്പെടുത്തുന്നു എന്നതും രസകരമായ മറ്റൊരു സംഗതിയാണ്.

വിവിധ സ്‌കൂളുകളിൽ 31 വർഷം അധ്യാപകനായും അഞ്ചു വർഷം കോലിയക്കോട് ഗവ. യു പി എസിൽ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചയാളാണ് വട്ടപ്പറമ്പിൽ പീതാംബരൻ. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെജിടിഎ( ഇപ്പോഴത്തെ കെഎസ്ടിഎ) 1973,74 കാലഘട്ടത്തിൽ അന്നത്തെ അച്ചുതമേനോൻ സർക്കാരിനെതിരെ നടത്തിയ സമരത്തോടെയാണ് ഡയസ്നോണിന്റെ ജീവിത ചരിത്രം ആരംഭിക്കുന്നത്.

സമര ചരിത്രത്തിൽ ഐതിഹാസികം എന്നാണ് സിപിഎം സംഘടനകൾ 1973 ജനുവരി 10 മുതൽ മാർച്ച് 14 വരെ 54 ദിവസം സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിനെ ഇന്നും വിളിക്കുന്നത്. 1972 മെയ് 13 15 തീയതികളിൽ ആലപ്പുഴയിൽ ചേർന്ന 9 ആം സമ്മേളനം സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിന് ഒരു ഉന്നതാധികര കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന പരിപാടി പ്രമേയം അംഗീകരിച്ചു. തുടർന്ന് അതിനായി പ്രചാരണ– പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഒക്ടോബർ 14 ന് യൂണിയൻ സംസ്ഥാന കൗൺസിൽ ചേർന്ന് ഇടക്കാലാശ്വാസമായി 100 രൂപ ആവശ്യപ്പെട്ടു. ശമ്പള കമ്മീഷനെ നിയമിക്കുകം 100 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക, വിലക്കയറ്റം തടയുക, വർദ്ധിപ്പിച്ച തൊഴിൽകരം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിത കാലത്തേക്ക് പണിമുടക്കാൻ തീരുമാനിച്ചു.

1972 ഡിസംബർ 20 ന് സർക്കാരിന് പണിമുടക്ക് നോട്ടീസ് നൽകി. പണിമുടക്കാൻ തീരുമാനിച്ച സംഘടനകളുടെ യോഗം ഡിസംബർ 24 ന് തിരുവനന്തപുരത്ത് വിളിച്ചു ചേർത്തു. 21 സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ചു. ഇ.പത്മനാഭൻ കൺവീനറായി സമരസമിതി (ആക്ഷൻ കമ്മിറ്റി) രൂപീകരിച്ചു. ജനുവരി 10 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു.

സിപിഎം അനുകൂല സംഘടനകളുടെ പണിമുടക്ക് പ്രഖ്യാപനത്തെ തുടർന്ന് പല വകുപ്പുകളിലും പണിമുടക്ക് നിരോധിച്ചു. 1973 ജനുവരി 10ന് പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിയ പ്രൊബേഷണർമാരുടെ സർവ്വീസ് അവസാനിപ്പിക്കാൻ നോട്ടീസ് നൽകാൻ സർക്കാർ ഉത്തരവിട്ടു. പണിമുടക്കിനെ അടിച്ചമർത്താൻ ശക്തമായ നടപടികൾ സ്വീകരിച്ചു. ആയിരക്കണക്കിന് ജീവനക്കാരെ അറസ്റ്റ് ചെയ്തു, ജയിലിലടച്ചു, സസ്‌പെന്റ് ചെയ്തു. സസ്‌പെന്റ് ചെയ്യപ്പെട്ടവർക്ക് ഉപജീവനപ്പടി നിഷേധിച്ചു. ഡൈസ്‌നോണും കരിനിയമങ്ങളും ഉപയോഗിച്ചു. സമരക്കാരുമായി ചർച്ചയില്ലെന്ന് പ്രഖ്യാപിച്ചു. സമരം അക്രമാസക്തമായിട്ടും വഴങ്ങാൻ സർക്കാർ തയ്യാറായില്ല

മാർച്ച് 3മൂന്നിന് മൂന്ന് സമരസമിതികളുടേയും യോഗം ചേർന്ന് പണിമുടക്ക് നിരുപാധികം പിൻവലിക്കാൻ തീരുമാനിച്ചു. മാർച്ച് അഞ്ചിന് ജോലിക്ക് ഹാജരാകുവാനും എല്ലാ ജീവനക്കാരോടും സമരസമിതി അഭ്യർത്ഥിച്ചു. സമരം പിൻവലിക്കുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർ സർവ്വീസിന് വെളിയിലായിരുന്നു. പതിനായിരത്തോളം ജീവനക്കാരുടെ പേരിൽ കേസ്സെടുത്തിരുന്നു. പ്രൊബേഷൻ ടെർമിനേഷൻ നോട്ടീസ് ലഭിച്ച ആയിരങ്ങൾ വേറെയും. കുറഞ്ഞത് പതിനായിരം ജീവനക്കാരെങ്കിലും സ്ഥലം മാറ്റത്തിന് വിധേയരായി. നൂറ് കണക്കിന് ജീവനക്കാർ ജയിലിലായിരുന്നു.

പണിമുടക്ക് പിൻവലിച്ചുകൊണ്ട് സമരസമിതി കൺവീനർ ഇ.പത്മനാഭൻ ജീവനക്കാരോട് തലയുയർത്തിപ്പിടിച്ച് സ്ഥാപനങ്ങളിൽ കയറുവാനാണ് ആഹ്വാനം ചെയ്തത്. പണിമുടക്ക് മാത്രമെ പിൻവലിച്ചിട്ടുള്ളു എന്നും, സമരം തുടരുമെന്നും സമര സമിതി പ്രഖ്യാപിച്ചു. ‘ആളിക്കത്തുന്ന തീയും അമർന്ന് കത്തുന്ന തീയും തീയാണ്’ എന്നായിരുന്നു ഇ പദ്മനാഭൻ അന്ന് പ്രഖ്യാപിച്ചത്.

സിപിഎം അനുകൂല അധ്യാപക സംഘടനയായ കെജിടിഎയുടെ നേതാവായിരുന്നു വട്ടപ്പറമ്പിൽ ​പീതാംബരൻ. ഡയസ്നോൺ ലംഘിച്ചതിന്റെ പേരിൽ 64 ദിവസമാണ് അദ്ദേഹത്തിന് ജോലിയിൽ പ്രവേശിക്കാൻ കഴിയാതിരുന്നത്. സസ്പെൻഷനിൽ കഴിയവെ അദ്ദേഹത്തിന് ഒരു ആൺ കുഞ്ഞ് ജനിച്ചു. കുഞ്ഞിന് പേരിടാൻ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല ആ അധ്യാപകന്. ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായി ഡയസ്നോൺ എന്ന് പേരിട്ടു.

ഡയസ്നോൺ ഇന്ന് യുവജനക്ഷേമ ബോർഡിലെ ജീവനക്കാരനാണ്. എസ്.സി.ഇ.ആർ.ടി ജീവനക്കാരിയായ രാജിയാണ് ഭാര്യ. രണ്ട് മക്കൾ. ഇരട്ടകളായ നിരഞ്ജനും നീരജയും.

Leave a Reply

Latest News

“ഇടപ്പള്ളി ശിവൻ ഇടറാത്ത വിശ്വാസ കരുത്ത് “; മകൾ ഗീതാകൃഷ്ണൻ എഴുതിയ ജീവിതാഖ്യായിക ഡിസംബർ 19 ന് പുറത്തിറങ്ങും

എക്കാലത്തെയും മികച്ച കമ്യൂണിസ്റ്റുകാരിൽ ഒരാളായ ഇടപ്പള്ളി ശിവൻ്റെ ജീവിതം പ്രമേയമാക്കി മകൾ ഗീതാകൃഷ്ണൻ എഴുതിയ "ഇടപ്പള്ളി ശിവൻ ഇടറാത്ത വിശ്വാസ കരുത്ത് " ഡിസംബർ 19...

More News