Wednesday, June 16, 2021

അങ്കമാലിയിൽ, 2 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നു പൊലീസ് പിടികൂടി

Must Read

അങ്കമാലി: കറുകുറ്റിയിൽ, 2 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നു (എംഡിഎംഎ) പൊലീസ് പിടികൂടി. 2 പേരെ അറസ്റ്റ് ചെയ്തു. ചേർത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം 29 ) , തളിപ്പറമ്പ് മന്ന സി.കെ ഹൗസിൽ ആബിദ് (33) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ അതിർത്തിയിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിക്കപ് വാനിൽ കടത്തുകയായിരുന്ന ഏകദേശം 2 കിലോഗ്രാം ലഹരിമരുന്നു പിടിച്ചത്. ലോക്ഡൗണുമായി ബന്ധപ്പെട്ട് ഇവിടെ പൊലീസ് പരിശോധന ശക്തമായിരുന്നു. മുനമ്പം കുഴുപ്പിള്ളിയിൽ വീട് വാടകയ്ക്കെടുത്തു താമസിക്കുന്നവരാണു ലഹരിസംഘം.

ലഹരിമരുന്നു ചെന്നൈയിൽനിന്ന് എറണാകുളം ഭാഗത്തേക്കു കൊണ്ടുപോവുകയായിരുന്നെന്നാണു നിഗമനം. ചെന്നൈയിലേക്കു പൈനാപ്പിൾ കയറ്റിപ്പോയ വാഹനത്തിന്റെ തിരികെയുള്ള യാത്രയിലായിരുന്നു ലഹരിമരുന്നു കടത്ത്. തഹസിൽദാരുടെ മേൽനോട്ടത്തിൽ ലഹരിമരുന്നിന്റെ തൂക്കം തുടങ്ങിയവയെ സംബന്ധിച്ചു പരിശോധന നടത്തുകയാണ്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്താലാണു ലഹരിമരുന്ന് ആർക്കു വേണ്ടിയാണ് എത്തിച്ചതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകൂ.

അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തും. ഏറെ നാൾ മുൻപ് അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം കാറിൽ കടത്തുകയായിരുന്ന കഞ്ചാവു പിടികൂടിയിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിൽ ലഹരിമരുന്നു കടത്തിലെ വൻശൃംഖലയെ തിരിച്ചറിയാനും ഒട്ടേറെ കുറ്റവാളികളെ പിടികൂടാനും പൊലീസിനു കഴിഞ്ഞിരുന്നു. അഡീഷനൽ എസ്പി എസ്. മധുസൂദനൻ, ഡിവൈഎസ്പിമാരായ കെ.അശ്വകുമാർ, ടി.എസ്. സിനോജ്, എസ്ഐ കെ. അജിത്ത്, ഡാൻസാഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Latest News

More News