കൊച്ചി:ലോകായുക്ത നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിക്കുന്നതിനിടെ, ലോകായുക്തക്കെതിരെ കടുത്ത ആരോപണവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. ‘യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങി, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യും’ – ഫെയ്സ്ബുക്കിലൂടെയാണ് ജലീലിന്റെ ആരോപണം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരു പറയാതെ സൂചനകള്‍ നല്‍കിയാണ് ജലീലിന്റെ പോസ്റ്റ്.
നിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്നാണ് കെ ടി ജലീല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലഘട്ടത്തിലായിരുന്നു രാജി.