Sunday, October 17, 2021

രക്തം ആവശ്യമുണ്ടെന്ന് അറിഞ്ഞാൽ അബുവും സുഹൃത്തുക്കളും ആവശ്യക്കാരെ വിളിച്ചുചോദിക്കും

Must Read

നെടുംകുന്നം:രക്തം ആവശ്യമുണ്ടെന്ന് അറിഞ്ഞാൽ അബുവും സുഹൃത്തുക്കളും ആവശ്യക്കാരെ വിളിച്ചുചോദിക്കും. എപ്പോൾ, എവിടെ എത്രമാത്രം എന്ന് അറിഞ്ഞാൽ, പറഞ്ഞ സമയത്തിനുള്ളിൽ ഇവർ ആശുപത്രിയിലെത്തും. നെടുംകുന്നം സ്വദേശികളായ അബു താഹിറും (29) സുഹൃത്തുക്കളുമാണ് രക്തദാനത്തിന് സജ്ജരായിട്ടുള്ളത്.

സുഹൃത്തുക്കളായ മനോജ് അരണപ്പാറ (40), അസ്ഹർ മുഹമ്മദ് (29), ജെസീർ ജലീൽ (22), നിസാർ സലീം (30) എന്നിവരാണ് രക്തദാനത്തിന് സജീവമായി പ്രവർത്തിക്കുന്നത്. ‘രക്തദാനം മഹാദാനം’ എന്ന ആശയമുയർത്തി സൗജന്യമായാണ് ഇവരുടെ ഈ സേവനം. സുഹൃത്തുക്കളുടെ രക്തഗ്രൂപ്പുകളുടെ പട്ടികയും ഫോൺ നമ്പറും മാത്രമാണ് ഇവർ സൂക്ഷിച്ചിട്ടുള്ളത്. ജില്ലയിൽ ആർക്ക് അടിയന്തരമായി രക്തം ആവശ്യമായിവന്നാലും ഇവർ നേരിട്ടോ, അല്ലെങ്കിൽ രക്തം നൽകാനുള്ള ആളുകളുമായോ എത്തും. ഇവരുടെ കൂട്ടത്തിലെ മുതിർന്ന അംഗമായ മനോജ് 20-ലേറെ തവണ രക്തം ദാനം ചെയ്തിട്ടുണ്ട്. അബു 12 പ്രാവശ്യവും.

22-കാരനായ ജസീർ രണ്ടുവർഷത്തിനുള്ളിൽ നാലുപേർക്കാണ് രക്തം നൽകിയത്. വ്യാഴാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ആളുകൾക്ക് 20 യൂണിറ്റ് രക്തമാണ് ഇവർ നൽകിയത്. ചുരുങ്ങിയ കാലങ്ങൾകൊണ്ട് നൂറുകണക്കിന് ആളുകൾക്കാണ് ഇവർ രക്തം ദാനംചെയ്തത്.

കോവിഡ് കാലത്ത് രക്തം ആവശ്യപ്പെട്ട് നിരവധിപേരാണ് ഇവരെ സമീപിച്ചത്. നൂറുകണക്കിനുപേർക്ക് ഈ കാലയളവിൽ രക്തം നൽകി. ആവശ്യപ്പെട്ട ഒരാളോടും ‘ക്ഷമിക്കണം, ഇല്ല’ എന്ന വാക്ക് ഒരിക്കൽപോലും ഇവർ പറഞ്ഞിട്ടില്ല. ആരോഗ്യമുള്ള ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന രക്തം ഒരാളുടെ ജീവൻ രക്ഷിക്കാൻ നൽകുന്നതിനേക്കാൾ പുണ്യപ്രവൃത്തി മറ്റെന്തുണ്ട് എന്നാണ് ഈ യുവാക്കൾ ചോദിക്കുന്നത്.

ഇവരുടെ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ നിരവധി യുവാക്കളാണ് രക്തദാനത്തിന് തയ്യാറായെത്തുന്നത്. എതുരാത്രിയിലും രക്തം ആവശ്യപ്പെട്ട് ഈ നെടുംകുന്നംകാരെ ഒന്നുവിളിച്ചാൽ മതി യാതൊരു മടിയും കൂടാതെ പറഞ്ഞ സമയത്തിന് മുൻപ് സ്വന്തം വാഹനങ്ങളിൽ ഇവരെത്തും.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News