Thursday, January 27, 2022

പഞ്ചായത്ത് പത്തനംതിട്ട ജില്ലയിലെ പെരിങ്ങരയാണെങ്കിൽ വില്ലേജ് ഓഫീസ് കോട്ടയം ജില്ലയിലെ പെരുന്നയിൽ

Must Read

പഞ്ചായത്ത് പത്തനംതിട്ട ജില്ലയിലെ പെരിങ്ങരയാണെങ്കിൽ വില്ലേജ് ഓഫീസ് കോട്ടയം ജില്ലയിലെ പെരുന്നയിൽ. മൂന്ന് വശത്തും തോടും കണ്ണെത്താദൂരം പാടവുമുണ്ടെങ്കിലും കുടിവെള്ളം തേടിപ്പോകണം. തൊട്ടടുത്തുള്ള റോഡിലേക്ക് എത്താൻ തോടിനുകുറുകെ തേക്കിൻകഴയിട്ട ആടുന്നപാലം. ഇത് അപ്പർകുട്ടനാട്ടിലെ മേപ്രാലിന് അടുത്ത് കൂമ്പുംമൂട്ടിലെ കുടുംബങ്ങളുടെ ദുരിത കഥ.

വീടിന് മുറ്റത്തുനിന്നാൽ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും കൂറ്റൻ കെട്ടിടങ്ങൾ തലയുയർത്തി നിൽക്കുന്നത് ഇവർക്കു കാണാം. രണ്ട് പട്ടണങ്ങൾക്ക് തൊട്ടടുത്താണ് വികസനം തലനീട്ടിയിട്ടില്ലാത്ത ഈഗ്രാമം. അസൗകര്യങ്ങൾ മാത്രം സ്വന്തമായുളള നിരവധികുടുംബങ്ങൾ തോട്ടുവക്കത്തെ വീടുകളിൽ കഴിയുന്നു. സ്വന്തമായി വീടും റേഷൻ കാർഡും ഇല്ലാത്ത ഏഴ് കുടുംബങ്ങൾ ഇവിടെയുണ്ട്. ആറ് വർഷം മുന്നേ ഇവർക്ക് വീടുവെയ്ക്കാൻ സർക്കാർ ഇടപെട്ട് നടത്തിയ ഭൂമിയിടപാട് ത്രിശങ്കുവിലുമായി.

വാങ്ങിയത് 20.5 സെന്റ്

പെരിങ്ങര പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് കൂമ്പുംമൂട്. പഞ്ചായത്ത്, തപാൽ ഓഫീസ്, പോലീസ് സ്‌റ്റേഷൻ തുടങ്ങിയവയെല്ലാം പത്തനംതിട്ട ജില്ലയിലാണെങ്കിലും വില്ലേജ് ഓഫീസ് കോട്ടയം ജില്ലയിലെ പായിപ്പാടിന്റെ പരിധിയിലുള്ള പെരുന്നയിലാണ്. 2015-ൽ പട്ടികജാതി ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി ഏഴ് കുടുംബങ്ങൾക്ക് കൂമ്പുംമൂട്ടിൽത്തന്നെ ഒറ്റപ്ലോട്ടിൽ 20.5 സെന്റ് സ്ഥലം ആധാരമാക്കി നൽകി. ചമ്പക്കുളം സ്വദേശിയുടെ ഭൂമിയാണ് ഇത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽനിന്നാണ് നടപടിക്രമങ്ങൾ നീക്കിയത്. മൂന്ന് ലക്ഷം രൂപ ഭൂമി വാങ്ങാനും മൂന്ന് ലക്ഷം രൂപ വീടുവെയ്ക്കുന്നതിനും ഗഡുക്കളായി നൽകുന്ന പദ്ധതിയായിരുന്നെന്ന് ഗുണഭോക്താക്കളായ കണ്ണാടംവേലിൽ സുധീഷ്, അശ്വതി എന്നിവർ പറഞ്ഞു. എന്നാൽ വില്ലേജിൽ എത്തിയപ്പോൾ ആറുപേരുടെ സ്ഥലം പോക്കുവരവ് ചെയ്യാൻ തടസ്സങ്ങളുണ്ടായി. രേഖകളിൽ നിലമായി കിടക്കുന്നതാണ് തിരിച്ചടിയായത്.

ആദ്യം സ്ഥലം അനുവദിച്ച കണ്ണാടംവേലിൽ സുനോദിന് പോക്കുവരവ് നടത്തി ഉടമസ്ഥാവകാശം ലഭിക്കുകയും ചെയ്തു. എന്നാൽ വീട്ടുനമ്പർ നൽകിയില്ല. മറ്റുള്ളവർ ഇതിനിടെ വീടുപണിക്കായി അടിത്തറ കെട്ടിത്തുടങ്ങിയിരുന്നു. പിന്നീട് നൂലാമാലകൾ ആയതോടെ, കെട്ടിയ തറയിപ്പോൾ കാടുമൂടിക്കിടക്കുന്നു. വീടുവെയ്ക്കാനുള്ള പണം കിട്ടിയില്ല. അനുവദിച്ച ഭൂമി നൂലാമാലകളിൽപ്പെട്ടതോടെ പണം തിരിച്ചടയ്ക്കേണ്ടിവരുമോയെന്ന ഭീതിയും ഇവർക്കുണ്ട്. സമീപത്തെ ബന്ധുവീടുകളിലാണ് ഇവർ കഴിയുന്നത്. കുരുക്കൊഴിവാക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും പ്രയോജനം ഉണ്ടായിട്ടില്ലെന്ന് ചെമ്പിലകത്ത് ഔസേപ്പ് ജോർജ് പറഞ്ഞു.

വികസനമോ, അതെന്താ

മേപ്രാൽ-കിടങ്ങറ റോഡിലെ മാനങ്കേരിയിൽനിന്നു പുറംബണ്ടിലൂടെ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ കൂമ്പുംമൂട്ടിലെത്താം. കഷ്ടിച്ച് സ്‌കൂട്ടറിൽ പോകാം. എന്നാൽ ഇവിടത്തുകാരുടെ തൊട്ടുമുന്നിൽ വേങ്ങൽ-വേളൂർമുണ്ടകം റോഡ് നടുവിൽ വെള്ളവര വരച്ച് കിടപ്പുണ്ട്. എത്തിപ്പെടാൻ 30 മീറ്ററോളം നീളമുളള ആടുന്ന തടിപ്പാലമാണ് തുണ. കൃഷിപ്പണിയും മത്സ്യബന്ധനവുമാണ് എല്ലാകുടുംബങ്ങളുടേയും വരുമാനമാർഗം. വർഷത്തിൽ ആറുമാസം വീട്ടുമുറ്റത്തുവരെ വെള്ളം കയറിക്കിടക്കും. കിണറുകളിൽ ശുദ്ധജലമില്ല. പഞ്ചായത്ത് അടുത്തിടെ മുതൽ ടാങ്കറിൽ തോടിനപ്പുറത്ത് വെള്ളം എത്തിക്കുന്നുണ്ട്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News