ഓസ്‌ട്രേലിയയില്‍ ഞാന്‍ തീരുമാനങ്ങളെടുത്തു, അതിന്റെ ക്രഡിറ്റ് തട്ടിയത് മറ്റ് ചിലര്‍’; തുറന്നടിച്ച് രഹാനെ

0

മുംബൈ: ചരിത്രം തിരുത്തിയ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്റെ തീരുമാനങ്ങള്‍ ജയിച്ചതിന്റെ ക്രഡിറ്റ് മറ്റ് പലരും തട്ടിയെടുത്തതായി അജിങ്ക്യാ രഹാനെ. എന്റെ കരിയര്‍ അവസാനിച്ചു എന്ന് പറയുന്നവര്‍ക്ക് കളി എന്താണെന്ന് അറിയില്ലെന്നും രഹാനെ പറഞ്ഞു.

കളി അറിയാവുന്നവര്‍ ഒരിക്കലും അങ്ങനെ പറയില്ല. ഓസ്‌ട്രേലിയയില്‍ എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. അതിന് മുന്‍പ് റെഡ് ബോളില്‍ ഞാന്‍ നല്‍കിയ സംഭാവനകള്‍ എന്താണെന്നുമറിയാം. കളിയെ സ്‌നേഹിക്കുന്നവര്‍ വിവേകത്തോടെയേ സംസാരിക്കുകയുള്ളു, രഹാനെ പറയുന്നു.

വിളിച്ചു പറയുകയും ക്രഡിറ്റ് എടുക്കുകയും ചെയ്യുന്നത് എന്റെ രീതിയല്ല

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഞാന്‍ എന്താണ് ചെയ്തത് എന്ന് എനിക്ക് അറിയാം. അതെല്ലാം വിളിച്ചു പറയുകയും ക്രഡിറ്റ് എടുക്കുകയും ചെയ്യുന്നത് എന്റെ രീതിയല്ല. അതെ, ഞാന്‍ എടുത്ത ചില തീരുമാനങ്ങളുണ്ട്, എന്നാല്‍ മറ്റ് പലരുമാണ് അതിന്റെ ക്രഡിറ്റ് എടുത്തത്. പരമ്പര ജയിക്കുക എന്നതായിരുന്നു എന്നെ സംബന്ധിച്ച് പ്രധാനം എന്നും രഹാനെ പറഞ്ഞു.

അഡ്‌ലെയ്ഡില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞതോടെ 4-0ന് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കും എന്ന് ക്രിക്കറ്റ് വിദഗ്ധരെല്ലാം പ്രവചിച്ചു. എന്നാല്‍ മെല്‍ബണില്‍ സെഞ്ചുറിയോടെ രഹാനെ മുന്‍പില്‍ നിന്ന് നയിച്ചു. പിന്നാലെ സിഡ്‌നിയില്‍ വീറുറ്റ സമനില. ഗബ്ബയില്‍ ചരിത്ര ജയം. അതും ഇന്ത്യയുടെ ബി ടീമുമായി. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടതോടെ ടീമില്‍ രഹാനെയുടെ സ്ഥാനം പരുങ്ങലിലായിരിക്കുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടു.

Leave a Reply