മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഹൈദരാബാദ് പേസര്‍ ഉമ്രാന് മാലിക്കിന് പകരം കാര്‍ത്തിക് ത്യാഗിക്ക് അന്തിമ ഇലവനില്‍ അവസരം നല്‍കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മാലിക്കിനെ നിലനിര്‍ത്തി.
സീസണില്‍ ഇതുവരെ തോല്‍ക്കാത്ത ഒരേയൊരു ടീമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സ് . കളിച്ച മൂന്ന് കളികളും ഗുജറാത്ത് ജയിച്ചപ്പോള്‍ ഹൈദരാബാദിന് മൂന്ന് കളികളില്‍ ഒരു ജയം മാത്രമാണുള്ളത്.
തോല്‍വിയുടെ വക്കില്‍ നിന്ന് പഞ്ചാബ് കിംഗ്സിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ഹൈദരാബാദിനെതിരെ ഇറങ്ങുന്നത്. അവസാന രണ്ട് പന്തിലും സിക്സ് നേടി രാഹുല്‍ തെവാട്ടിയയാണ് ഗുജറാത്തിനെ വിജത്തിലേക്ക് നയിച്ചത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്പിച്ച് വിജയവഴിയില്‍ എത്തിയെങ്കിലും ഹൈദരാബാദിന് പരിഹരിക്കാന്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. ഓപ്പണിംഗ് ബാറ്റര്‍മാരുടെ മെല്ലെപ്പോക്കാണ് പ്രധാനപ്രശ്നം. ഏറെക്കാലും ബൗളിംഗ് നിരയിലുണ്ടായിരുന്ന റാഷിദ് ഖാനായിരിക്കും ഹൈദരാബാദിന് ഇന്ന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക. ഐപിഎല്ലില്‍ 100 വിക്കറ്റ് ക്ലബിലെത്താന്‍ രണ്ട് വിക്കറ്റ് മാത്രം അകലെയാണ് റാഷിദ്.