ബംബോലിം: ഐഎസ്എല്ലില്‍ ഒഡിഷ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദ് എഫ്സി പരാജയപ്പെടുത്തി. 35ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കില്‍ അരിഡാനെ സന്റാനയാണ് വിജയഗോള്‍ നേടിയത്. ഹാളിചരണ്‍ നര്‍സാരിയുടെ ഷോട്ട് പെനാല്‍റ്റി ബോക്സില്‍ ഒഡിഷ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്ലറുടെ കൈയില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. ടെയ്ലര്‍ക്ക് ഇതിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.
മത്സരത്തില്‍ മുഴുവന്‍ സമയവും മികച്ച പ്രകടനമാണ് ഹൈദരബാദ് കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ നിരവധി ഗോള്‍ ശ്രമങ്ങളാണ് നടത്തിയത്. അഞ്ചാം മിനിറ്റില്‍ ലൂയിസ് സാസ്ത്രെയുടെ കോര്‍ണറില്‍ നിന്ന് അരിഡാനെ സന്റാന തൊടുത്ത ഹെഡര്‍ ഒഡിഷ ബോക്സിന് പുറത്തേക്ക് പോയി. ഏഴാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ആകാശ് മിശ്രയുടെ ഷോട്ട് ഒഡിഷ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ് പിടിച്ചു.
ഹൈദരാബാദ് നിരയില്‍ ഹാളിചരണ്‍ നര്സാരിയ്ക്ക് പകരക്കാരനായി ഇറങ്ങിയ ലിസ്റ്റന്‍ കൊളാകോയുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്. നിരവധി മുന്നേറ്റങ്ങളില്‍ നിര്‍ണായകമായത് ലിസ്റ്റന്റെ പ്രകടനമായിരുന്നു. ഹൈദരാബാദിന്റെ മുന്നേറ്റത്തില്‍ പലപ്പോഴും ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ്ങാണ് ഒഡിഷയ്ക്ക് രക്ഷകനായി ഉണ്ടായത്. 18 ഷോട്ടുകളാണ് ഹൈദരാബാദ് താരങ്ങളുടെ ബൂട്ടില്‍ നിന്നും പിറന്നത്. അഞ്ച് ഒഡിഷ താരങ്ങളാണ് മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടത്.
English summary
Hyderabad FC defeated Odisha FC by one goal in the ISL.