ക്രൂര പീഡനത്തെ തുടര്‍ന്ന്‌ ഭാര്യ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവിന്‌ എട്ട്‌ വര്‍ഷം തടവും 40000 രൂപാ പിഴയും ശിക്ഷ

0

മുട്ടം (ഇടുക്കി): ക്രൂര പീഡനത്തെ തുടര്‍ന്ന്‌ ഭാര്യ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവിന്‌ എട്ട്‌ വര്‍ഷം തടവും 40000 രൂപാ പിഴയും ശിക്ഷ. കരുണാപുരം കുഴിഞ്ഞാളൂര്‍ നിരപ്പേല്‍ക്കട ഭാഗത്ത്‌ പുല്ലുംപ്ലാവില്‍ വീട്ടില്‍ സുജിത്ത്‌ സുരേന്ദ്രനെയാ (39) ണ്‌ തൊടുപുഴ നാലാം നമ്പര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി ശിക്ഷിച്ചത്‌.
കരുണാപുരം രാമക്കല്‍മേട്‌ ബാലന്‍ പിള്ള സിറ്റി ഭാഗത്ത്‌ വെട്ടിക്കല്‍ വീട്ടില്‍, ഉണ്ണിയുടെ മകള്‍ മഞ്‌ജു (29) തൂങ്ങി മരിക്കാനിടയായ കേസിലാണ്‌ വിധി. ആത്മഹത്യാപ്രേരണയ്‌ക്ക്‌ 5 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ഭര്‍ത്താവായ പ്രതിയുടെ ക്രൂരതയ്‌ക്ക്‌ 3 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും 25,000 രൂപ പിഴ ഒടുക്കിയില്ലെങ്കില്‍ ആറ്‌ മാസം അധിക തടവും 15,000 രൂപ പിഴ ഒടുക്കിയില്ലെങ്കില്‍ 3 മാസം അധിക തടവും അനുഭവിക്കണമെന്ന്‌ ജഡ്‌ജി പി.വി. അനീഷ്‌ കുമാറിന്റെ വിധിയില്‍ പറയുന്നു.
2016 നവംബര്‍ 11ന്‌ വൈകിട്ട്‌ 4.20 നും 6നും ഇടയിലാണ്‌ സംഭവം. പ്രതിയുടെയും മരണപ്പെട്ട മഞ്‌ജുവിന്റെയും വിവാഹം 2010 നവംബര്‍ 10നായിരുന്നു. വിവാഹ സമയം മഞ്‌ജുവിന്‌ സമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും മറ്റും പ്രതി വിറ്റിരുന്നു. കൃഷി ചെയ്യുന്നതിനായി പാട്ടത്തിനെടുത്ത വസ്‌തുവിലെ വീട്ടിലാണ്‌ ഇരുവരും താമസിച്ചിരുന്നത്‌. വിവാഹം കഴിഞ്ഞത്‌ മുതല്‍ മഞ്‌ജുവിനെ മദ്യപിച്ച്‌ വന്ന്‌ പതിവായി പ്രതി ഉപദ്രവിച്ചിരുന്നു.
ഇതിനിടെയൊരു ദിവസം മഞ്‌ജുവിന്റെ മാതാവ്‌ വത്സ ഇവര്‍ താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ മഞ്‌ജുവിന്റെ ചെവി മുറിഞ്ഞ്‌ രക്‌തം ഒലിക്കുന്നതും കാതിലെ കമ്മല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലും കണ്ടു. ഭര്‍ത്താവ്‌ കഠിനമായി ഉപദ്രവിച്ചുവെന്ന്‌ മനസിലാക്കിയ മാതാവ്‌ മകളെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകുവാന്‍ ശ്രമിച്ചെങ്കിലും മഞ്‌ജു പോകാന്‍ തയാറായില്ല. മര്‍ദന വിവരം മഞ്‌ജു വിളിച്ച്‌ പറഞ്ഞിട്ട്‌ മാതാവ്‌ വന്നുവെന്നാണ്‌ സുജിത്ത്‌ കരുതിയത്‌. ഇതിന്റെ പ്രതികാരമായി മാതാവ്‌ തിരികെ പോയിക്കഴിഞ്ഞപ്പോള്‍ മഞ്‌ജു ഉപയോഗിച്ചു കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ പ്രതി എറിഞ്ഞുടച്ചു. ക്രൂരത തുടര്‍ന്നപ്പോള്‍ മഞ്‌ജു ഒരു വയസ്‌ മാത്രം പ്രായമാകാറായ കുട്ടിയെയും കൂട്ടി മഞ്‌ജുവിന്റെ വീട്ടിലേയ്‌ക്ക്‌ പോകുകയും ചെയ്‌തു.
ഇക്കാലയളില്‍ മഞ്‌ജുവിന്റെ ഇരട്ട സഹോദരി ആയ അഞ്‌ജുവിന്‌ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കിയതിന്റെ പേരില്‍ പ്രതി വീണ്ടും വഴക്കുണ്ടാക്കി. ഇതിന്റെ പ്രതികാരമായി മഞ്‌ജു മരണപ്പെട്ട അന്നേ ദിവസം ഉച്ചയോടുകൂടി പ്രതി മഞ്‌ജുവിന്റെ വീട്ടുകാര്‍ വാങ്ങിക്കൊടുത്ത വീട്ടുപകരണങ്ങള്‍ മഞ്‌ജുവിന്റെ കുടുംബവീട്ടില്‍ കൊണ്ടുചെന്നിട്ടു. തുടര്‍ന്ന്‌ താന്‍ ഗള്‍ഫിന്‌ പോകുകയാണെന്ന്‌ പറഞ്ഞ്‌ പോകാന്‍ ഇറങ്ങിയപ്പോള്‍ മഞ്‌ജു മകന്റെ പിറന്നാള്‍ കാര്യം ഓര്‍മിപ്പിക്കുകയും ഒരു ഉടുപ്പെങ്കിലും വാങ്ങിക്കൊണ്ടു കൊടുക്കണ്ടായോ എന്ന്‌ ചോദിക്കുകയും ചെയ്‌തു. എന്നാല്‍ അത്‌ നിന്റെ ബാപ്പയോട്‌ പറഞ്ഞാല്‍ മതിയെന്ന്‌ പറഞ്ഞ്‌ പ്രതി വഴക്കുണ്ടാക്കുകയായിരുന്നു. ഇതിന്‌ ശേഷമാണ്‌ മഞ്‌ജു സ്വന്തം വീട്ടില്‍ വച്ച്‌ ആത്മഹത്യ ചെയ്‌തത്‌.
പ്രതിയുടെ ക്രൂരത സഹിക്കവയ്യാതെ മരണ ദിവസത്തിന്‌ മുന്‍പൊരിക്കലും മഞ്‌ജു തൂങ്ങി മരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കുരുക്കിന്റെ കെട്ടഴിഞ്ഞ്‌ താഴെ വീണു. ഇക്കാര്യമറിഞ്ഞ പ്രതി ഒരു ഷാള്‍ എടുത്ത്‌ അഴിഞ്ഞ്‌ പോകാത്ത വിധം കഴുത്തില്‍ കുരുക്കിടുന്ന വിധവും ഇങ്ങനെയിട്ടാലേ കുരുക്ക്‌ മുറുകി മരിക്കുകയുള്ളൂ എന്നും മഞ്‌ജുവിനോട്‌ പറഞ്ഞ്‌ ആത്മഹത്യ ചെയ്യാന്‍ പ്രേരണ ചെലുത്തിയിരുന്നു. മഞ്‌ജുവിന്റെ മരണ ശേഷം കുട്ടിയെ നോക്കി വളര്‍ത്തുന്നത്‌ മഞ്‌ജുവിന്റെ ഇരട്ട സഹോദരിയായ അഞ്‌ജുവാണ്‌. കട്ടപ്പന ഡിവൈ.എസ്‌.പി.ആയിരുന്ന എന്‍.സി.റെജിമോന്‍ അന്വേഷണം പൂര്‍ത്തീകരിച്ചകേസില്‍ പ്രോസിക്യൂഷന്‌ വേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എബി.ഡി.കോലോത്ത്‌ ഹാജരായി.

Leave a Reply