കൊല്ലം: കടയ്ക്കലില്‍ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നിരന്തര ഗാര്‍ഹിക പീഡനത്തിനൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഒരു വര്‍ഷത്തിനു ശേഷം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് ചിതറ കല്ലുവെട്ടാംകുഴി സുധീന ഭര്‍ത്താവ് അനനസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തലക്കടിയേറ്റ് ഗുരുതര പരിക്കായിരുന്നു മരണ കാരണം. അന്നു മുതല്‍ മകളുടെ ആത്മഹത്യയ്ക്കു കാരണം ഭര്‍തൃവീട്ടിലെ പീഡനമാണെന്ന പരാതി സുധീനയുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നു.
ഭര്‍ത്താവ് അനസും,അനസിന്റെ ഉമ്മയും സഹോദരിയും സുധീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുനലൂര്‍ ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനസിന്റെ അറസ്റ്റ്.
അനസിനെ മാത്രമല്ല അനസിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുളളവരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സുധീനയുടെ കുടംബം.
English summary
Husband arrested for committing suicide by jumping from autorickshaw