ദിലീപിനെതിരേ തെളിവുതേടി വീട്ടിലും ഓഫീസിലും റെയ്‌ഡ്‌; പരിശോധനാ റിപ്പോര്‍ട്ട്‌ ഇന്ന്‌ ഹൈക്കോടതിയെ അറിയിക്കും; നാലു മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഒമ്പതു ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

0

കൊച്ചി/ആലുവ: നടന്‍ ദിലീപിന്റേയും സഹോദരന്റേയും വീടുകളിലും ഇവരുടെ ഉടമസ്‌ഥതയിലുള്ള സിനിമാ നിര്‍മാണകമ്പനിയിലും ക്രൈംബ്രാഞ്ച്‌ പരിശോധന. മൂന്നിടത്തുമായി ഏഴുമണിക്കൂറോളം നീണ്ട പരിശോധനയില്‍ നാലു മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഒമ്പതു ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനേത്തുടര്‍ന്നുള്ള കേസിലാണ്‌ ക്രൈംബ്രാഞ്ച്‌ പരിശോധന. ദിലീപിന്റെ പേഴ്‌സണല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. രണ്ട്‌ ഐ പാഡ്‌, രണ്ടു പെന്‍ഡ്രൈവ്‌, ഒരു ഹാര്‍ഡ്‌ ഡിസ്‌ക്‌ എന്നിവയും പിടിച്ചെടുത്തവയിലുണ്ട്‌. ക്രൈംബ്രാഞ്ച്‌ എസ്‌.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണു മൂന്നായി തിരിഞ്ഞു പരിശോധന നടത്തിയത്‌. സൈബര്‍, റവന്യൂ, ഫോറന്‍സിക്‌ വിദഗ്‌ധരും സംഘത്തിലുണ്ടായിരുന്നു. ആലുവ പാലസിനു സമീപം കൊട്ടാരക്കടവ്‌ റോഡിലുള്ള ദിലീപിന്റെ “പത്മസരോവരം” വീട്‌, പറവൂര്‍കവല വി.ഐ.പി. റോഡിലുള്ള സഹോദരന്‍ അനൂപിന്റെ വീട്‌, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനിയായ ഗ്രാന്‍ഡ്‌ പ്ര?ഡക്ഷന്‍സിന്റെ എറണാകുളം ചിറ്റൂര്‍ റോഡിലുള്ള ഓഫീസ്‌ എന്നിവിടങ്ങളിലായിരുന്നു കോടതിയുടെ അനുമതിയോടെയുള്ള പരിശോധന.
ആലുവയിലെ വീട്ടില്‍ റെയ്‌ഡ്‌ നടക്കുമ്പോള്‍ വീട്ടില്‍ ഇല്ലാതിരുന്ന ദിലീപ്‌ അരമണിക്കൂര്‍ കഴിഞ്ഞ്‌ സ്വയം ഡ്രൈവ്‌ ചെയ്‌ത്‌ എത്തുകയായിരുന്നു. പതിനൊന്നരയോടെ അന്വേഷണ സംഘം എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ്‌ താഴിട്ടു പൂട്ടിയ നിലയിലായിരുന്നു. രണ്ടു പോലീസുകാര്‍ ഗേറ്റ്‌ ചാടിക്കടന്നു വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെത്തി കാര്യം തിരക്കി. കോടതി ഉത്തരവനുസരിച്ചു പരിശോധനക്കെത്തിയതാണെന്നു പറഞ്ഞപ്പോള്‍ ഉള്ളിലേക്കു പോയ കാവ്യ തിരിച്ചെത്തി വാതില്‍ തുറന്നില്ല. 12 മണിയോടെ ദിലീപിന്റെ സഹോദരി പുറത്തുനിന്നെത്തിയാണ്‌ മാധ്യമങ്ങളെ ഒഴിവാക്കി തെരച്ചില്‍സംഘത്തെ അകത്തുകടക്കാന്‍ അനുവദിച്ചത്‌. അന്വേഷണഉദ്യോസ്‌ഥരെ ആക്രമിക്കാനുള്ള ഗൂഢാലോചന പ്രധാനമായും ദിലീപിന്റെ വീട്ടിലാണു നടന്നതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി.
ഗ്രാന്‍ഡ്‌ പ്ര?ഡക്ഷന്‍സില്‍ പോലീസ്‌ സംഘമെത്തിയപ്പോള്‍ ഓഫീസ്‌ അടച്ചിട്ട നിലയിലായിരുന്നു. ജീവനക്കാരെ വിളിച്ചുവരുത്തി ഓഫീസ്‌ തുറപ്പിച്ചാണു പരിശോധന നടത്തിയത്‌. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഡിവൈ.എസ്‌.പി. ബൈജു പൗലോസായിരുന്നു ഇവിടെ പരിശോധനയ്‌ക്കു നേതൃത്വം നല്‍കിയത്‌. ദിലീപിന്റെ അഭിഭാഷകരുടെ സന്നിധ്യത്തിലായിരുന്നു പരിശോധന.
ചോദ്യം ചെയ്യലല്ല, പരിശോധന മാത്രമാണു നടന്നതെന്നും പരിശോധനയോടു ദിലീപ്‌ പൂര്‍ണമായും സഹകരിച്ചുവെന്നും എസ്‌.പി. മോഹനചന്ദ്രന്‍ പറഞ്ഞു. ഒന്നാം പ്രതി ദിലീപ്‌, സഹോദരന്‍ അനൂപ്‌, സഹോദരീ ഭര്‍ത്താവ്‌ സുരാജ്‌ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന്‌ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്‌. പരിശോധനാ റിപ്പോര്‍ട്ട്‌ ഇന്ന്‌ ഹൈക്കോടതിയെ അറിയിക്കും.

Leave a Reply