ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചു; ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്റർ മിലാൻ

0

മിലാൻ: ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്റർ മിലാൻ. ഫൈനലിൽ കരുത്തരായ യുവന്റസിനെ തകർത്താണ് ഇന്റർ കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഇന്ററിന്റെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ഇന്റർ തിരിച്ചടിക്കുകയായിരുന്നു.

എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ സൂപ്പർതാരം അലെക്സി സാഞ്ചസാണ് ടീമിനായി വിജയഗോൾ നേടിയത്. പെനാൽട്ടിയിലൂടെ ലൗട്ടാരോ മാർട്ടിനെസും ഇന്ററിനായി ലക്ഷ്യം കണ്ടു. വെസ്റ്റൺ മക്കീനി യുവന്റസിനായി വലകുലുക്കി.

ഇന്ററിനെ ഞെട്ടിച്ചുകൊണ്ട് യുവന്റസാണ് ആദ്യം വലകുലുക്കിയത്. 25-ാം മിനിറ്റിൽ മക്കീനിയിലൂടെ യുവന്റസ് മുന്നിലെത്തി. ആൽവാരോ മൊറാട്ടയുടെ ക്രോസിന് കൃത്യമായി തലവെച്ച മക്കീനി അനായാസം പന്ത് വലയിലെത്തിച്ചു.

എന്നാൽ യുവന്റസിന്റെ ആഹ്ളാദത്തിന് പത്തുമിനിറ്റ് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 35-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാറോ മാർട്ടിനെസ് ഇന്ററിനായി സമനില ഗോൾ നേടി. ബോക്സിനകത്തുവെച്ച് സെക്കോയെ സിഗ്ലിയോ വീഴ്ത്തിയതിനാണ് റഫറി ഇന്ററിനനുകൂലമായി പെനാൽട്ടി വിധിച്ചത്

രണ്ടാം പകുതിയിൽ ഇരുടീമുകളും നന്നായി കളിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. പോരാട്ടം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ച സമയത്താണ് രക്ഷകനായി സാഞ്ചസ് അവതരിച്ചത്. പകരക്കാരനായി വന്ന സാഞ്ചസ് എക്സ്ട്രാ ടൈമിന്റെ ഇൻജുറി ടൈമിലാണ് ഗോളടിച്ചത്. യുവന്റസ് പ്രതിരോധതാരം അലക്സ് സാൻഡ്രോ വരുത്തിയ പിഴവിൽ നിന്ന് പന്ത് സ്വീകരിച്ച സാഞ്ചസ് മികച്ച ഫിനിഷിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ ഇന്റർ വിജയമുറപ്പിച്ചു.

തകർപ്പൻ ഫോമിൽ കളിക്കുന്ന ഇന്റർ അവസാന എട്ട് സീരി എ മത്സരങ്ങളിലും തോൽക്കാതെയാണ് സൂപ്പർ കപ്പ് ഫൈനലിനിറങ്ങിയത്. ഇന്റർ സ്വന്തമാക്കുന്ന ആറാം സൂപ്പർ കപ്പ് കിരീടമാണിത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായിരുന്ന യുവന്റസ് കണ്ണീരോടെ മിലാനിൽ നിന്നും വിടവാങ്ങി

Leave a Reply