മലയോര ഹൈവേ നിർമാണം: രണ്ടിടത്തു യാതൊരു പണികളും തുടങ്ങിയില്ല

0

വെള്ളറട: നാലുവർഷം മുമ്പ് പണികൾ ആരംഭിച്ച മലയോര ഹൈവേയുടെ ഒന്നും രണ്ടും റീച്ചുകളിൽ രണ്ടിടത്ത് ഇതേവരെ പണികൾ ആരംഭിച്ചില്ല. പാറശ്ശാല മുതൽ കുടപ്പനമൂടുവരെ നീളുന്ന ഒന്നാം റീച്ചിൽ പളുകൽ മുതൽ കന്നുമാമൂട് വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരത്തും രണ്ടാം റീച്ചിന്റെ കുടപ്പനമൂട് മുതൽ വാഴിച്ചൽ വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരത്തുമാണ് പണികൾ തുടങ്ങാതെ കിടക്കുന്നത്. ഇതിൽ പളുകൽ മുതൽ കന്നുമാമൂട് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും തമിഴ്‌നാടിന്റെ പ്രദേശമാണ്.

പനച്ചമൂട് മുതൽ കന്നുമാമൂട് വരെയുള്ള ദൂരം റോഡിന്റെ ഇരുവശവും തുല്യമായി കേരള തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളാണ്. ഇവിടെ നിർമാണത്തിനു തടസ്സമില്ല. എന്നാൽ ഇരുവശവും തമിഴ്‌നാട് ഉൾപ്പെടുന്ന പ്രദേശത്ത് നിർമാണത്തിന് തർക്കം നിലനിൽക്കുന്നുണ്ട്. ഈ പ്രദേശത്തുള്ള റോഡ് പൂർണമായും തമിഴ്‌നാട് സർക്കാരിന്റെ നിയന്ത്രണത്തിലായതിനാൽ തമിഴ്‌നാട് പൊതുമാരമത്ത് വകുപ്പിനാണ് നിർമാണാധികാരമുള്ളതെന്ന് അധികൃതർ പറയുന്നു. ഇവിടുത്തെ നിർമാണാവശ്യം ഉന്നയിച്ച് വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധവും നടന്നിരുന്നു. രണ്ടാം റീച്ച് കുടപ്പനമൂട് മുതൽ കള്ളിക്കാട് വരെയാണ് ആദ്യം നിശ്ചയിച്ചത്.

കുടപ്പനമൂടുനിന്ന് തുടങ്ങി അമ്പൂരി പൂച്ചമൂക്ക് വഴി കുട്ടമല വാഴിച്ചലിൽ എത്തി കള്ളിക്കാടിൽ സമാപിക്കുന്നതരത്തിലാണ് രണ്ടാം റീച്ചിന്റെ ഏരിയാ തയ്യാറാക്കിയത്. കുടിയേറ്റ ഗ്രാമമായ അമ്പൂരിയെ കൂടി ഹൈവേയിൽ ഉൾപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

എന്നാൽ ഇതിലേക്കായി സ്കെച്ചുകൾ തയ്യാറാക്കിയപ്പോൾ 84 വീടുകൾ ഭാഗികമായും 17 എണ്ണം പൂർണമായും നീക്കം ചെയ്യേണ്ടി വരും. കൂടാതെ ഏകദേശം 19 ഏക്കറോളം വസ്തുവും ഏറ്റെടുക്കേണ്ടി വരും.

ഏറ്റെടുക്കേണ്ടി വരുന്ന വസ്തുവിനും വീടുകൾക്കുമായി ഭീമമായ തുക ചെലവഴിക്കേണ്ടി വരുമെന്ന കണ്ടെത്തലുകളെ തുടർന്നും അതിനുള്ള തുകയും ഉൾക്കൊള്ളിച്ചിട്ടില്ലാത്തതിനാലും ആ ശ്രമങ്ങൾ ഉപേക്ഷിച്ചു. ഇതിനിടയിൽ രണ്ടാം റീച്ച് വാഴിച്ചൽ മുതൽ കള്ളിക്കാട് വരെയാക്കി ചുരുക്കി ടെൻഡറും നൽകി പണികളും തുടങ്ങി.

നിലവിൽ ഒന്നാം റീച്ചിൽ കുടപ്പനമൂട് മുതൽ കോവില്ലൂർ വരെയുള്ള ഭാഗത്തും രണ്ടാം റീച്ചിൽ വാഴിച്ചൽ മുതൽ കള്ളിക്കാട് വരെയും ടാറിങ് തുടങ്ങി. ഇതിന്റെ ഇടയിലുള്ള വാഴിച്ചൽ മുതൽ കുടപ്പനമൂട് വരെയുള്ള ദൂരത്ത് നിർമാണത്തിനായി ഒരു നടപടികളും തുടങ്ങാത്ത അവസ്ഥയിലുമാണ്.

മലയോര ഹൈവേയുടെ ഒന്നും രണ്ടും റീച്ചുകളുടെ ഉദ്ഘാടനം 2022 ജനുവരിയിൽ നടത്തുമെന്ന് മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും രണ്ടിടത്തും പണികൾ നിശ്ചലാവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നിർമാണ നടപടികൾ നടക്കുന്നു

തമിഴ്‌നാടിന്റെ അധികാര പരിധിയിലുള്ള കന്നുമാമൂട് മുതൽ പളുകൾ വരെയുള്ള ഭാഗത്തെ നിർമാണത്തിനായി തമിഴ്‌നാട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. അവിടുത്തെ പൊതുമരാമത്ത് വകുപ്പ് അധികൃതർ എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് പണികൾ തുടങ്ങും. കുടപ്പനമൂട്-വാഴിച്ചൽ വരെയുള്ള ഭാഗത്തെ റോഡ് നിർമാണത്തിനുള്ള എസ്റ്റിമേറ്റും ഡിസൈനും ഏജൻസി തയ്യാറാക്കി കിഫ്ബിക്കു കൈമാറിയിട്ടുണ്ട്. തുടർനടപടികൾ ഉണ്ടാകുന്ന മുറയ്ക്ക് ടെൻഡർ നൽകി പണികൾ തുടങ്ങും.

Leave a Reply