ഹിജാബ് വിവാദം പടരുന്നു; ശിവമോഗയിൽ കോളജുകൾ അടച്ചു, നിരോധനാജ്ഞ

0

ബംഗളൂരു: മുസ്‌ലിം വിദ്യാർഥിനികൾ ഹിജാബ് ധരിച്ചു കോളജിൽ വരുന്നതു വിലക്കിയതിനെത്തുടർന്ന് ഉഡുപ്പി ജില്ലയിൽ ഉടലെടുത്ത സമരവും വിവാദവും മറ്റു ജില്ലകളിലും രൂക്ഷമാകുന്നു. ശിവമോഗ, ഹസൻ ജില്ലകളിലും സമരവും ബദൽ സമരവും ശക്തമായിരിക്കുകയാണ്.

ഹിജാബ് ധരിച്ചു കോളജിൽ കയറാനുള്ള അവകാശത്തിനായി മുസ്‌ലിം പെൺകുട്ടികൾ രംഗത്ത് ഇറങ്ങുകയും അതിനു പിന്തുണയുമായി ചില സംഘടനകൾ രംഗത്തുവരികയും ചെയ്തതിനു പിന്നാലെ ഇതിനു ബദലായി ഹിന്ദു കുട്ടികളിൽ ഒരു വിഭാഗം കാവിഷാൾ ധരിച്ചു കാന്പസുകളിൽ എത്തുകയായിരുന്നു.

രണ്ടു കൂട്ടരെയും ക്ലാസുകളിൽ പ്രവേശിക്കാൻ അധികൃതർ അനുവദിച്ചില്ല. ഉഡുപ്പി ജില്ലയിൽനിന്നു ശിവമോഗയിലേക്കു പടർന്ന പ്രതിഷേധം സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചതിനെത്തുടർന്ന് ഇവിടെ കോളജുകൾ രണ്ടു ദിവസത്തേക്ക് അടച്ചു. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പല കോളജുകളുടെയും മുന്നിൽ ബജ്‌രംഗ് ദൾ പ്രവർത്തകർ വിദ്യാർഥികൾക്കു കാവി ഷാൾ വിതരണം ചെയ്യാൻ രംഗത്തിറങ്ങിയത് സംഘർഷം വർധിപ്പിച്ചു. സംഘർഷം പടർന്ന കോളജുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ രംഗത്തെത്തി. കോളജുകൾ അടച്ചു ക്ലാസുകൾ ഒാൺലൈൻ ആക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഇതിനിടെ, മധ്യപ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുമെന്ന സൂചന നൽകി വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പാർമർ രംഗത്തെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യുണിഫോം ധരിക്കണമെന്നും ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, ഉഡുപ്പി ഗവ.പിയു കോളജിൽ ഇന്നലെ ഹിജാബും കാവിഷാളും ധരിച്ചെത്തിയ വിദ്യാർഥികളെ പ്രത്യേക ക്ലാസ് റൂമുകളിലാണ് ഇരുത്തിയത്. ക്ലാസുകളിൽ പോകാൻ ഇവർക്ക് അനുമതി നൽകിയില്ല. യുണിഫോം ധരിച്ചെത്തുന്നവരെ മാത്രമേ ക്ലാസുകളിൽ പ്രവേശിപ്പിക്കൂ എന്ന നിലപാടിലാണ് കോളജ് അധികൃതർ.

ഉഡുപ്പിയിലെയും കുന്ദാപുരത്തെയും കോളജുകളിൽ തുടക്കമിട്ട ഹിജാബ് വിവാദം ഇപ്പോൾ ചിക്കബെല്ലാപൂർ, ചിക് മംഗളൂരു, ഹാസൻ, മാണ്ഡ്യ, വിജയപുര ജില്ലകളിലെ കോളജുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

ഉഡുപ്പി ജില്ലയിൽ മാത്രം ഏഴു കോളജുകളിലെ പഠനത്തെ ഇതു ബാധിച്ചുകഴിഞ്ഞു. മിക്ക ജില്ലകളിലും ഇതു ഒരു ക്രമസമാധാന പ്രശ്നമായി വളർന്നുകഴിഞ്ഞെന്നാണ് സൂചന. ഇതിനിടെ, ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു രണ്ടു മുസ്‌ലിം വിദ്യാർഥിനികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം തുടരുകയാണ്.

Leave a Reply