കൊച്ചി: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞു കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. സര്‍ക്കാര്‍ നടപടി നാളെ വരെ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് മീഡിയ വണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് എന്‍. നാഗരേഷാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഹര്‍ജി പരിഗണിക്കുന്ന ബുധനാഴ്ച വരെ താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.
സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങള്‍ കൊണ്ടാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിനു മതിയായ കാരണമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ഇന്നലെ ഉച്ചയോടെയാണ് മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം തടഞ്ഞത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണു സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയാറായില്ലെന്നും ചാനല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. ടെലിപോര്‍ട്ട് ഓപ്പറേറ്ററായ പ്ലാനറ്റ് കാസ്റ്റ് മീഡിയ സര്‍വീസസ് എന്ന സ്ഥാപനത്തോട് ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഹര്‍ജിയില്‍ പ്ലാനറ്റ് മീഡിയ സര്‍വീസസിന് ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു. ചാനലിന്റെ പ്രവര്‍ത്തനം തടഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചു ഇടക്കാല ഉത്തരവു നേടുകയായിരുന്നു.
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) എസ്. മനു എതിര്‍വാദമുന്നയിച്ചു. എന്നാല്‍ കേസ് പരിഗണിക്കുന്ന അടുത്ത ദിവസം വരെ ചാനലിന്റെ പ്രവര്‍ത്തനം തടയേണ്ടതില്ലെന്നു കോടതി പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനുവരി അഞ്ചിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ ഭാഗം കൂടികേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാവൂവെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ചാനലിന്റെ പ്രവര്‍ത്തനം തടഞ്ഞതെന്നും ഹര്‍ജി ഭാഗം ആരോപിച്ചു.