സി.പി.എം. സംസ്‌ഥാന സമ്മേളനത്തിനായി കൊച്ചി നഗരത്തിലെ ഫുട്‌പാത്തുകള്‍ കൈയേറി കൊടിതോരണങ്ങള്‍ സ്‌ഥാപിക്കുന്നതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0

കൊച്ചി: സി.പി.എം. സംസ്‌ഥാന സമ്മേളനത്തിനായി കൊച്ചി നഗരത്തിലെ ഫുട്‌പാത്തുകള്‍ കൈയേറി കൊടിതോരണങ്ങള്‍ സ്‌ഥാപിക്കുന്നതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പാതയോരങ്ങളും മറ്റും കൈയേറുന്ന സംഭവങ്ങള്‍ക്കെതിരേ കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന്‌ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.
രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ എന്തും ചെയ്യാമെന്നാണോ കരുതുന്നത്‌? സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിക്കുമ്പോള്‍ കോടതിക്കു മേല്‍ രാഷ്‌ട്രീയതാല്‍പ്പര്യം ആരോപിക്കുകയാണ്‌. സി.പി.എം. നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്‌ക്കുന്നു. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ്‌ വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്‌ഥിതിയെന്നും ഹൈക്കോടതി ചോദിച്ചു. റോഡരികിലെ അനധികൃത ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌.
നഗരത്തിലെ റോഡരികിലും ഫുട്‌പാത്തുകളിലും സി.പി.എം. സംസ്‌ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള കൊടിതോരണങ്ങളും ബോര്‍ഡുകളുമാണെന്ന്‌ അമിക്കസ്‌ ക്യൂറി കോടതിയെ അറിയിക്കുകയായിരുന്നു. ഫുട്‌പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്‌ഥാപിച്ചിരിക്കുന്നുവെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന്‌ അപകടങ്ങളില്‍ ജീവന്‍ നഷ്‌ടമാകുന്നതിനായി കാത്തുനില്‍ക്കണോ? കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട്‌ എന്താണെന്നു കോടതി ചോദിച്ചു.
പാതയോരങ്ങളിലെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നീക്കാന്‍ നടപടി സ്വീകരിക്കാത്ത കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരേയും ഹൈക്കോടതി വിമര്‍ശനമുന്നയിച്ചു. അനധികൃത ബോര്‍ഡുകള്‍ നീക്കാനാകില്ലെങ്കില്‍ സെക്രട്ടറി എങ്ങനെ ആ സ്‌ഥാനത്ത്‌ ഇരിക്കുമെന്ന്‌ വ്യക്‌തമാക്കണമെന്ന്‌ കോടതി പറഞ്ഞൂ. കലൂരില്‍ അടക്കം ഇപ്പോഴും നിരവധി ബോര്‍ഡുകള്‍ കാണാം. ഹൈക്കോടതി നോക്കുകുത്തിയാണെന്നു ധരിക്കരുത്‌. വര്‍ഷങ്ങളായി കോടതി ഇക്കാര്യം പറയുന്നു. നിയമലംഘനത്തിന്‌ എതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. നഗരസഭകള്‍ ഈ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സമ്മേളനത്തിനോടനുബന്ധിച്ച്‌ കൊടിതോരണങ്ങള്‍ സ്‌ഥാപിക്കാന്‍ സി.പി.എമ്മിന്‌ അനുമതി നല്‍കിയിട്ടുണ്ടെന്നു കൊച്ചി കോര്‍പ്പറേഷന്‍ മറുപടി നല്‍കി. മാര്‍ച്ച്‌ അഞ്ചിനു ശേഷം എല്ലാം നീക്കം ചെയ്യുമെന്നും കോര്‍പറേഷന്‍ പറഞ്ഞു. റോഡ്‌ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചു സ്‌ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്ന്‌ കോടതി പറഞ്ഞു. പൊതുസ്‌ഥലങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ നഗരസഭകള്‍ക്കു നിര്‍ദേശം നല്‍കി. കൊടിതോരണങ്ങള്‍ സ്‌ഥാപിക്കാന്‍ നല്‍കിയ അനുമതി ഹാജരാക്കാന്‍ കൊച്ചി കോര്‍പ്പറേഷനോടും നിര്‍ദേശിച്ചു.
ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും ഇന്‍സ്‌റ്റലേഷനുകളും സ്‌ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ കോടതി കടുത്ത അതൃപ്‌തിയറിയിച്ചു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയല്ല രാഷ്‌്രടീയ പാര്‍ട്ടികളുടെ സമ്മേളനം നടത്തേണ്ടത്‌. സമ്മേളന ശേഷം കൊടിതോരണങ്ങള്‍ നീക്കം ചെയ്‌തതിന്റെ പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

Leave a Reply