കൊച്ചി: 21കാരിയായ ‘ആത്മീയശിഷ്യ’യെ മാതാപിതാക്കളിൽനിന്ന് വിട്ടുകിട്ടാൻ 52കാരനായ സൈക്യാട്രിക് കൺസൾട്ടൻറ് നൽകിയ ഹേബിയസ് കോർപസ് ഹരജി ഹൈകോടതി തള്ളി. യുവതിയെ വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി കോടതിയെ സമീപിച്ചത്. സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ലാത്ത യുവതി മാതാപിതാക്കൾക്കൊപ്പം കഴിയുന്നതാണ് നല്ലതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
ഡോക്ടർ എന്ന വിശ്വാസത്തിലാണ് ഹരജിക്കാരെൻറ അടുത്ത് മകളെ ചികിത്സക്ക് എത്തിച്ചതെങ്കിലും ആ വിശ്വാസം അയാൾ ലംഘിച്ചതായും കോടതി ഉത്തരവിൽ പറയുന്നു.
പഠിക്കാൻ മിടുക്കിയായിരുന്ന മകളിൽ മാനസികമായ ചില അസ്വസ്ഥതകൾ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കൗൺസലിങ്ങിനായാണ് മാതാപിതാക്കൾ ഹരജിക്കാരെൻറ പക്കൽ എത്തിക്കുന്നത്. യുവതിയെ തനിച്ച് കൗൺസലിങ്ങിന് വിധേയയാക്കിയതോടെ തെൻറ ആത്മീയശിഷ്യയായി മാറിയെന്നായിരുന്നു ഇയാളുടെ വാദം. വിവാഹം കഴിച്ചിട്ടില്ലെങ്കിലും രണ്ടര വർഷമായി സ്പിരിച്വൽ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. ഇതിനിെടയാണ് മാതാപിതാക്കൾ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതെന്നാണ് ആരോപണം.
നേരേത്ത ഹരജിക്കാരൻ കോടതിയെ സമീപിച്ചപ്പോൾ മാതാപിതാക്കളിൽനിന്ന് യുവതിയെ മോചിപ്പിക്കാനാവില്ലെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകിയെങ്കിലും ഹൈകോടതിതന്നെ പരിഗണിക്കാൻ തിരിച്ചയക്കുകയായിരുന്നു
English summary
High court rejects habeas corpus petition filed by 52-year-old psychiatric consultant seeking release of 21-year-old ‘spiritual disciple’ from parents