കൊച്ചി∙ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട ക്വാറന്റീനിലായിരുന്ന യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം വെള്ളറട സ്വദേശിയുടെ പരാതി വ്യാജമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. യുവതിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ലൈംഗികമായി ബന്ധപ്പെട്ടത് ഉഭയസമ്മത പ്രകാരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ പരാതി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
നാടകീയത, ഒടുവിൽ പിരിച്ചുവിടല്‍
ക്വാറന്റീനിലായിരുന്ന യുവതിയെ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നൽകാനെന്ന പേരിൽ വീട്ടിൽ വിളിച്ചു വരുത്തി കെട്ടിയിട്ടു പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതേതുടർന്ന് കൊല്ലം കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിനെ ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടിരുന്നു.
പീഡനമല്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നെന്നുമുള്ള പരാതിക്കാരിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 77 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാണ് ജാമ്യം അനുവദിച്ചത്.
യുവതിയുടെ സത്യവാങ്മൂലം സംബന്ധിച്ചു പൊലീസ് അന്വേഷണം വേണമെന്നു കോടതി ഡിജിപിയോടു നിർദേശിച്ചിരുന്നു. ബന്ധുക്കളുടെ പ്രേരണ മൂലമാണു പീഡനക്കേസ് കൊടുത്തതെന്നാണു യുവതിയുടെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ഇതു വായിച്ച് അത്ഭുതപ്പെട്ടു പോയെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാൻ സീനിയർ പൊലീസ് ഓഫിസറെ ഡിജിപി ചുമതലപ്പെടുത്തണമെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
English summary
High court orders prosecution of quarantine