Wednesday, October 27, 2021

അപൂര്‍വ രോഗബാധിതര്‍ക്കായി പൊതുഫണ്ട്‌ ശേഖരിക്കുന്നതു നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നു സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം

Must Read

കൊച്ചി: അപൂര്‍വ രോഗബാധിതര്‍ക്കായി പൊതുഫണ്ട്‌ ശേഖരിക്കുന്നതു നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നു സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം. ഇത്തരം ഫണ്ട്‌ ശേഖരണം നിരീക്ഷിക്കാന്‍ സംവിധാനങ്ങളില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. വ്യക്‌തികള്‍ക്ക്‌ പൊതുഫണ്ട്‌ ശേഖരണം നടത്താമെങ്കില്‍ സര്‍ക്കാരിന്‌ ഇതു കഴിയില്ലേയെന്നും കോടതി ആരാഞ്ഞു.
വ്യക്‌തികളുടെ പ്രവര്‍ത്തനം പബ്ലിസിറ്റിക്കുവേണ്ടിയാണ്‌, സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന പ്രചാരണങ്ങളിലൂടെയാണ്‌ ഫണ്ട്‌ ശേഖരണം. ഇത്തരത്തില്‍ വരുന്ന ഫണ്ടിന്‌ അക്കൗണ്ടബിലിറ്റിയില്ലെന്നതാണ്‌ പ്രധാന പ്രശ്‌നമെന്നു കോടതി നിരീക്ഷിച്ചു. ശേഖരിക്കുന്ന ഫണ്ട്‌ അര്‍ഹതപ്പെട്ടവര്‍ക്ക്‌ ലഭിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു.
മങ്കട നിയമസഭാ മണ്ഡലത്തില്‍ സ്‌പൈനല്‍ മസ്‌കുലര്‍ രോഗം (എസ്‌.എം.എ) ബാധിച്ച കുട്ടിക്കുവേണ്ടി 18 കോടി രൂപ ശേഖരിച്ചെങ്കിലും കുട്ടി മരിച്ചു. ഈ കേസുമായി ബന്ധപ്പെട്ടു മങ്കട എം.എല്‍.എ. മഞ്ഞളാംകുഴി അലിയെ കോടതി സ്വമേധയാ കേസില്‍ കക്ഷിചേര്‍ത്തിരുന്നു. ഈ കുട്ടിക്കുവേണ്ടി ശേഖരിച്ച തുകയില്‍ രണ്ടുകോടി വീതം രോഗബാധിതരായ ആറു കുട്ടികള്‍ക്ക്‌ കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിന്‌ അനുമതി നല്‍കണമെന്നും എം.എല്‍.എയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
അപൂര്‍വരോഗം ബാധിച്ചു മരിച്ച ഇമ്രാന്റെ പേരില്‍ ഇത്തരം കുട്ടികള്‍ക്കായി മങ്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ബ്ലോക്ക്‌ പണിയാന്‍ ആലോചിക്കുന്നതായും ബാക്കി തുക ഇതിനായി വിനിയോഗിക്കാന്‍ അനുമതി നല്‍കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.
കണ്ണൂര്‍ മാട്ടൂലില്‍ എസ്‌.എം.ഇ. രോഗബാധിതനായ മുഹമ്മദിനുവേണ്ടി 46.5 കോടി പിരിച്ചെടുത്തെന്നു കല്യാശേരി എം.എല്‍.എ. എം.വിജിന്‍ അറിയിച്ചു. 18 കോടി രൂപ മുഹമ്മദിന്റെ കുടുംബത്തിനു കൈമാറിയെന്നും ബാക്കി തുക സര്‍ക്കാരിലേക്കു കൈമാറാനാണെന്നും വിജിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
കോടതിയുടെ ഉത്തരവുണ്ടാവുന്നതുവരെ ശേഖരിച്ച ഫണ്ട്‌ കൈമാറരുതെന്നു കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറത്ത്‌ അപൂര്‍വരോഗം ബാധിച്ച കുട്ടിക്ക്‌ സൗജന്യ ചികില്‍സ ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണ്‌ ജസ്‌റ്റിസ്‌ പി.ബി സുരേഷ്‌കുമാര്‍ പരിഗണിച്ചത്‌.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News