തൃശ്ശൂര്‍: നടീല്‍ സമയത്തുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കൃഷിയിറക്കാന്‍ വൈകിയ ഉള്ളിക്ക് വിപണിയില്‍ കനത്ത വില. രണ്ടാഴ്ച്ചക്കിടെ ഉള്ളിയുടെ മൊത്തവില കിലോയ്ക്ക് 125 രൂപ വരെ ഉയര്‍ന്നു. ഏതാനും ദിവസങ്ങള്‍ കൂടി വില ഉയര്‍ന്നു തന്നെ തുടരാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്. സവാളയുടെ വിലയും കൂടിയിട്ടുണ്ട്. 40-ല്‍ നിന്ന് 60 രൂപ വരെയാണ് വില ഉയര്‍ന്നത്.
നടീല്‍ വൈകിയതിനനുസരിച്ച് വിളവെടുപ്പും വൈകുന്നതാണ് വിലവര്‍ധനയ്ക്ക് കാരണം. തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തില്‍ പ്രധാനമായും ഉള്ളി എത്തുന്നത്. ഇപ്പോള്‍ മൈസുരുവില്‍ നിന്നാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. ഗ്രേഡിനനുസരിച്ച് 102 മുതല്‍ 125 രൂപ വരെയാണ് മൈസുരുവിലെ മൊത്തവില. ചില്ലറവില നല്ല ഇനത്തിന് 125-150 നിലവാരത്തിലാണ്. എന്നാല്‍, തമിഴ്നാട്ടില്‍ വിളവെടുപ്പ് തുടങ്ങുന്നതോടെ വില കുറയുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. വിലവര്‍ധനയെത്തുടര്‍ന്ന് ഉള്ളിയുടെ വില്‍പ്പനയിലും നല്ല ഇടിവുണ്ടായിട്ടുണ്ട്.
അതേസമയം, മഹാരാഷ്ട്രയില്‍ നിന്നാണ് കേരളത്തിലേക്ക് സവാള എത്തുന്നത്. പ്രതികൂല കാലാവസ്ഥമൂലം കൃഷിയിറക്കാന്‍ വൈകിയതിനാല്‍ സവാളയുടെ വരവ് കുറഞ്ഞതുമൂലം ഏഷ്യയിലെ ഏറ്റവും വലിയ സവാള വിപണിയായ നാസിക്കിലും വിലവര്‍ധന ഉണ്ടായിട്ടുണ്ട്. മുന്‍പ് വിലകൂടിയപ്പോള്‍ ഉള്ളിക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണം കര്‍ഷകരുടെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ എടുത്തുകളഞ്ഞിരുന്നു. ഇതും വിലവര്ധനക്കിടയാക്കിയതായാണ് സൂചനകള്‍.