സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരുന്നു

0

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരുന്നു. ഇന്ന്‌ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്‌. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന്‌ ഓറഞ്ച്‌ അലെര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇന്നലെ സംസ്‌ഥാന വ്യാപകമായി മഴ ലഭിച്ചു. മധ്യ-വടക്കന്‍ കേരളത്തിലാണ്‌ മഴ കനത്തത്‌.
കര്‍ണാടകയുടെ തെക്കന്‍ ഭാഗത്തുണ്ടായിരുന്ന അന്തരീക്ഷ ചുഴി ഇപ്പോള്‍ വടക്കോട്ടുമാറി ബംഗളൂരുവിന്‌ വടക്ക്‌ നിലയുറപ്പിച്ചിരിക്കുകയാണ്‌. ഇതിന്റെ പ്രഭാവത്തില്‍ സംസ്‌ഥാനത്ത്‌ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും രണ്ട്‌ ദിവസം ശക്‌തമായ മഴയുണ്ടാകുമെന്നാണ്‌ മുന്നറിയിപ്പ്‌. 60 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്‌.
ഇന്നലത്തെ മഴയില്‍ കൊച്ചിയിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുവനന്തപുരം തമ്പാനൂരില്‍ വെള്ളക്കെട്ടുണ്ടായെങ്കിലും കാനയുടെ സ്ലാബ്‌ തുറന്നുവിട്ട്‌ വെള്ളക്കെട്ട്‌ ഒഴിവാക്കിയതിനാല്‍ വലിയ ഗതാഗത തടസമുണ്ടായില്ല.
മഴക്കാല തയാറെടുപ്പുകളുടെ ഭാഗമായി അടിയന്തര പ്രവര്‍ത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു. ജലസേചനവകുപ്പിലെ എക്‌സിക്യൂട്ടീവ്‌ എന്‍ജിയര്‍മാര്‍ക്ക്‌ 20 ലക്ഷം രൂപ വീതമാണ്‌ അനുവദിച്ചത്‌. കടലാക്രമണവും തീരശോഷണവും നേരിടാന്‍ ഒമ്പതു തീരദേശ ജില്ലകള്‍ക്ക്‌ 20 ലക്ഷം രൂപ വീതം അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here