Thursday, January 27, 2022

ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ

Must Read

ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ. കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടി മൂന്നു വീടുകള്‍ ഒലിച്ചു പോയി. 13 പേരെ കാണാതായതില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

ഇതിനു പിന്നാലെ കൂട്ടിക്കലിനു സമീപം ഇടുക്കി ജില്ലയില്‍ വീണ്ടും ഉരുള്‍ പൊട്ടി. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് ഉരുള്‍ പൊട്ടിയത്. ഇവിടെയും 3 വീടുകള്‍ ഒലിച്ചു പോയതായി സംശയിക്കുന്നു. 10 പേരെ കാണാതായിട്ടുണ്ട്.

കെ.കെ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. പെന്തുവന്താനം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ വെള്ളപ്പൊക്കത്തിൽ റോഡ് മുങ്ങി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്. കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് സേന എത്തും.

മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട്–വാഗമൺ റോഡിൽ ഉരുൾപൊട്ടി. ജനവാസ മേഖലയല്ലാത്തതിനാൽ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തിൽ ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവർ പല സ്ഥലങ്ങളിലും കുടുങ്ങി.

kottayam-kootikkal
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടി വെള്ളമൊഴുകുന്നു
കനത്ത മഴയിൽ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം വെള്ളത്തിനടിയിലായി. മുണ്ടക്കയം–എരുമേലി റോഡിലെ കോസ് വേയും സമീപത്തെ വീടുകളും മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാർ വീടിനു മുകളിൽ കയറിയിരിക്കുന്നു. മുണ്ടക്കയം–എരുമേലി റോഡിൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.

പൊന്തൻപുഴ രാമനായി ഭാഗത്ത് തോട്ടിൽനിന്നു വെള്ളം കയറിയതിനെ തുടർന്ന് ആറു കുടുംബങ്ങളെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഇടക്കുന്നം വില്ലേജ് മുറികല്ലുംപുറം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പ്രദേശം ഒറ്റപ്പെട്ട സാഹചര്യത്തിൽ ആളുകളെ മാറ്റാൻ സാധിച്ചിട്ടില്ല. സിഎസ്ഐ പള്ളിയുടെ അടുത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

കുറവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. എങ്ങലി വടക്ക് പുത്തൻചന്ത ഭാഗത്ത് മുപ്പതോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ വരിക്കാനി എസ്എൻ സ്കൂളിലെ ക്യാംപിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കാഞ്ഞിരപ്പള്ളി പ്രസ് സെന്ററിൽ വെള്ളം കയറി. താഴത്തെ നില പൂർണമായും വെള്ളത്തിലായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ചോലത്തടം ഭാഗത്ത്‌ ഉരുൾ പൊട്ടിയതായി റിപ്പോർട്ടുണ്ട്. മന്നം ഭാഗത്ത്‌ ആൾ താമസം ഇല്ലാത്ത വീട് ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. പാതാമ്പുഴ കുഴുമ്പള്ളിയിൽ ഉരുൾ പൊട്ടി പന്നി ഫാം ഒലിച്ചു പോയതായി സൂചനയുണ്ട്.

കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.

താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ഫയര്‍ഫോഴ്‌സ് കൂടുതല്‍ ടീമിനെ എത്തിച്ചു തുടങ്ങി. പാലായില്‍ (രണ്ട്), ഈരാറ്റുപേട്ട (രണ്ട്) കാഞ്ഞിരപ്പള്ളി (ഏഴ് ) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ രണ്ടു ടീമും പാമ്പാടി, ചങ്ങനാശ്ശേരി, കോട്ടയം, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളില്‍നിന്നുള്ള ഓരോ ടീമുമാണ് കാഞ്ഞിരപ്പള്ളിയിലുള്ളത്. കോട്ടയം, മീനച്ചില്‍ താലൂക്ക് പ്രദേശങ്ങളില്‍ വെളളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവടങ്ങളില്‍ നിന്നായി 20 പേരടങ്ങുന്ന ടീം ജില്ലയില്‍ ഉടന്‍ എത്തിച്ചേരും.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News