Monday, December 6, 2021

മൽസരം അഫ്ഘാനിസ്ഥാനും ന്യൂസ് ലാൻ്റും തമ്മിൽ; നെഞ്ചിടിപ്പ് ഇന്ത്യാക്കാർക്ക്; മൂന്നു ടീമിനും സെമി സാധ്യത

Must Read

അബുദാബി: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പര്‍ 12 ഗ്രൂപ്പ്‌ രണ്ടിലെ രണ്ടാം സെമി ഫൈനലിസ്‌റ്റ് ആരെന്ന്‌ ഇന്നറിയാം. വൈകിട്ട്‌ 3.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ്‌ അഫ്‌ഗാനിസ്‌ഥാനെ നേരിടും. അഫ്‌ഗാന്‍ അട്ടിമറി ജയം നേടുമെന്ന പ്രതീക്ഷയിലാണ്‌ ഇന്ത്യ.
അഫ്‌ഗാനെ തോല്‍പ്പിച്ചാല്‍ പാകിസ്‌താനു പിന്നാലെ ന്യൂസിലന്‍ഡ്‌ സെമിയില്‍ കടക്കും. അഫ്‌ഗാന്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാല്‍ ഇന്ത്യക്കു സെമിയിലേക്കുള്ള വഴി തുറക്കും. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തിലെ ഗംഭീര ജയത്തോടെ ഇന്ത്യ നെറ്റ്‌ റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെയും അഫ്‌ഗാനിസ്‌ഥാനെയും മറികടന്നു.

മൂന്ന്‌ ടീമുകള്‍ക്കും സാധ്യത

അഫ്‌ഗാന്‍-ന്യൂസിലന്‍ഡ്‌ ഫലം ഏറെ നിര്‍ണായകം. മൂന്ന്‌ ടീമുകള്‍ക്കും സെമി സാധ്യതയുള്ളതാണു പോരാട്ടം ആവേശകരമാക്കുന്നത്‌. ന്യൂസിലന്‍ഡ്‌ പരിചയസമ്പന്നരും കരുത്തരുമാണ്‌. അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്‌ അഫ്‌ഗാനിസ്‌ഥാന്‍. അബുദാബിയിലാണു മത്സരം.

പേസര്‍മാര്‍ തിളങ്ങും

അബുദാബിയിലെ പിച്ചില്‍ പേസര്‍മാര്‍ക്ക്‌ നിര്‍ണായക റോളുണ്ട്‌. ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്‌ കൂടുതല്‍ ആനുകൂല്യം പിച്ചിലുണ്ട്‌. പവര്‍പ്ലേയില്‍ ഏറ്റവും കുറഞ്ഞ റണ്‍ ശരാശരിയും ഈ പിച്ചിലാണ്‌. ന്യൂസിലന്‍ഡും അഫ്‌ഗാനും തമ്മില്‍ ട്വന്റി20 കളിച്ചിട്ടില്ല. ഏകദിനത്തില്‍ തന്നെ ഇരുവരും നേര്‍ക്കുനേര്‍ പോരടിച്ചത്‌ രണ്ട്‌ തവണ മാത്രമാണ്‌. 2015, 2019 ലോകകപ്പുകളില്‍ നടന്ന മത്സരങ്ങളില്‍ ജയം ന്യൂസിലന്‍ഡിനായിരുന്നു. ഈ കണക്കുകള്‍ക്ക്‌ പ്രസക്‌തിയില്ല.
റാഷിദ്‌ ഖാന്‍, മുഹമ്മദ്‌ നബി, നവീന്‍ ഉള്‍ ഹഖ്‌, ഹാമിദ്‌ ഹസന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അഫ്‌ഗാന്‍ തങ്ങളുടേതായ ദിവസം ഏത്‌ വമ്പനെയും വീഴ്‌ത്താന്‍ കെല്‍പ്പുള്ളവരാണ്‌. പരുക്കേറ്റ ഓഫ്‌ സ്‌പിന്നര്‍ മുജീബ്‌ ഉര്‍ റഹ്‌മാന്‍ കളിക്കുമെന്ന്‌ ഉറപ്പില്ലാത്തത്‌ അഫ്‌ഗാന്‌ തിരിച്ചടിയാണ്‌. മുജീബിന്‌ വേണ്ട ചികിത്സ ഉറപ്പാക്കുമെന്ന ഇന്ത്യന്‍ താരം ആര്‍. അശ്വിന്റെ പ്രസ്‌താവന ചിരി പടര്‍ത്തി. മുജീബിനു പകരം ഇടംകൈയന്‍ സ്‌പിന്നര്‍ ഷറഫുദ്ദീന്‍ അഷ്‌റാഫിനെയാണു കണ്ടുവച്ചിരിക്കുന്നത്‌. ഷറഫുദ്ദീന്‍ ഇന്ത്യക്കെതിരേ ഇതേ പിച്ചില്‍ റണ്‍ വഴങ്ങി ധാരാളിയായിരുന്നു.

ഗുപ്‌റ്റില്‍ കഴിഞ്ഞാല്‍…

ഏകദിന ലോകകപ്പിലെ റണ്ണര്‍ അപ്പായ ന്യൂസിലന്‍ഡിന്റെ പ്രകടനം അത്ര മികച്ചതല്ല. നിരവധി മികച്ച താരങ്ങളുണ്ടെങ്കിലും ഫോമിന്റെ നിഴലിലാണ്‌. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ (134.09) ഒഴികെയുള്ള ബാറ്റര്‍മാരുടെ സ്‌ട്രൈക്ക്‌ റേറ്റ്‌ 111 ല്‍ താഴെയാണ്‌. നായകന്‍ കെയ്‌ന്‍ വില്യംസണിന്റെ മോശം ഫോമും ”ഇന്ത്യക്ക്‌” പ്രതീക്ഷയാണ്‌്. അതിവേഗം സ്‌കോറിങ്‌ ഉയര്‍ത്താന്‍ നായകനാകുന്നില്ല. ടോപ്‌ ഓഡറില്‍ ടീമിന്‌ വിശ്വസിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌.
ഡെവന്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്‌ എന്നിവരും മികവിന്റെ നിഴലിലാണ്‌. ബൗളിങ്‌ കരുത്തില്‍ ടീമിന്‌ ആശങ്കകളില്ല. ടിം സൗത്തി, ട്രെന്റ്‌ ബോള്‍ട്ട്‌, ആഡം മില്‍നെ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ്‌ നിര അതിശക്‌തമാണ്‌. സ്‌പിന്‍ നിരയില്‍ മിച്ചല്‍ സാന്റ്‌നറും ഇഷ്‌ സോധിയുമുണ്ട്‌. നമീബിയന്‍ താരം ഡേവിഡ്‌ വീസിന്റെ പന്ത്‌ തലയ്‌ക്കു കൊണ്ട ഇഷ്‌ സോധി പരുക്കില്ലാത്തതിനാല്‍ ഇന്നു കളിക്കും.

റാഷിദിന്‌ ഉറപ്പ്‌

ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും മറികടന്ന്‌ തങ്ങള്‍ സെമിയിലെത്തുമെന്ന്‌ അഫ്‌ഗാന്‍ മുന്‍ നായകനും ലെഗ്‌ സ്‌പിന്നറുമായ റാഷിദ്‌ ഖാന്‍ മുന്നറിയിപ്പ്‌ നല്‍കി. സ്‌കോട്ട്‌ലന്‍ഡിനോടു വിറച്ചു ജയിച്ച ന്യൂസിലന്‍ഡിനു കാര്യങ്ങള്‍ എളുപ്പമാകില്ല. സ്‌പിന്നില്‍ തന്ത്രം മെനഞ്ഞ്‌ അഫ്‌ഗാന്‍ ഇറങ്ങിയാല്‍ വില്യംസണും സംഘവും പാടുപെടും.
വിജയ സാധ്യത കൂടുതല്‍ ന്യൂസിലന്‍ഡിനാണെങ്കിലും അഫ്‌ഗാനെ എഴുതിത്തള്ളാനാവില്ല. ട്രെന്റ്‌ ബോള്‍ട്ട്‌ ഈ ലോകകപ്പില്‍ എട്ടു വിക്കറ്റെടുത്തെങ്കിലും പവര്‍പ്ലേയില്‍ പിന്നാക്കം പോയി. രണ്ടു തവണ മാത്രമാണു ബോള്‍ട്ട്‌ പവര്‍ പ്ലേയില്‍ വിക്കറ്റെടുത്തത്‌. ഹസ്‌റത്തുള്ള സാസായി പവര്‍ഹിറ്റര്‍മാരില്‍ മുമ്പനാണ്‌. കരിയര്‍ സ്‌ട്രൈക്ക്‌ റേറ്റ്‌ 148.64 ആണെന്നതു വില്യംസണിന്റെ ഉറക്കം കളയാന്‍ ധാരാളം. ഇന്ത്യയുടെ ജസ്‌പ്രീത്‌ ബുംറയെ സിക്‌സറിനു പറത്തിയ ഷോട്ട്‌ മാത്രം മതി സാസായിയെ അളക്കാന്‍.

കഴിഞ്ഞ മത്സരത്തില്‍ നമീബിയയെ 52 റണ്ണിനു തോല്‍പ്പിച്ചതോടെ ന്യൂസിലന്‍ഡ്‌ സെമി ഫൈനലിന്‌ അടുത്തെത്തി. ഇന്നു വൈകിട്ട്‌ 7.30 മുതല്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ പാകിസ്‌താന്‍ സ്‌കോട്ട്‌ലന്‍ഡിനെ നേരിടും. ഷാര്‍ജയിലാണു മത്സരം. നാല്‌ മത്സരവും ജയിച്ച പാകിസ്‌താന്‍ നേരത്തെ തന്നെ സെമി ഉറപ്പിച്ചു.
സ്‌കോട്ട്‌ലന്‍ഡിനെയും തോല്‍പ്പിച്ച്‌ അഞ്ചു ജയവുമായി സെമിയിലെത്താനാകും പാകിസ്‌താന്‍ ലക്ഷ്യമിടുക. ഇത്തവണ ഫേവറേറ്റുകളായ പാകിസ്‌താന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ വലിയ ജയം തന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യയോട്‌ വന്‍ തോല്‍വി വഴങ്ങിയ ക്ഷീണത്തിലിറങ്ങുന്ന സ്‌കോട്ട്‌ലന്‍ഡ്‌ അവസാന മത്സരത്തില്‍ ശക്‌തമായ പോരാട്ടം കാഴ്‌ചവയ്‌ക്കുമെന്നാണു കരുതുന്നത്‌.

സാധ്യതാ ടീം

ന്യൂസിലന്‍ഡ്‌- മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്‌ന്‍ വില്യംസണ്‍ (നായകന്‍), ഡെവണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ജെയിംസ്‌ നീഷാം, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ, ടിം സൗത്തി, ഇഷ്‌ സോധി, ട്രെന്റ്‌ ബോള്‍ട്ട്‌.

അഫ്‌ഗാനിസ്‌ഥാന്‍ – ഹസ്‌റത്തുള്ള സാസായി, മുഹമ്മദ്‌ ഷെഹ്‌സാദ്‌, റഹ്‌മത്തുള്ള ഗുര്‍ബാസ്‌, ഗുല്‍ബാദില്‍ നായിബ്‌, നജീബുള്ള സാദ്രാന്‍, മുഹമ്മദ്‌ നബി (നായകന്‍), കരിം ജനാത്‌, റാഷിദ്‌ ഖാന്‍, ഷറഫുദ്ദീന്‍ അഷ്‌റാഫ്‌/ മുജീബ്‌ ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്‌, ഹാമിദ്‌ ഹസന്‍

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News