‘ഞങ്ങളുടെ പൊന്നോമന പുത്രനായിരുന്നു അവൻ’; ഉറുമ്പിനെ പോലും നോവിക്കാത്തവനായിരുന്നു; ജനകീയനായിരുന്ന നേതാവിന്റെ കൊലപാതകത്തിൽ തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചപ്പോൾ വൻ വൈകാരിക പ്രതികരണവുമായി നാട്ടുകാർ

0

ഞങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു അവൻ.. ഒരു ഉറുമ്പിനെ പോലും നോവിക്കാത്തവനായിരുന്നു.. ഒരു തിന്മയുമില്ലാതെ നന്മ മാത്രം ഉണ്ടായിരുന്നവൻ.. അതായിരുന്നു സന്ദീപ്. നാട്ടിലെ ജനകീയ നേതാവ്. ചിരിക്കുന്ന മുഖവുമായിട്ടല്ലാതെ അവനെ കണ്ടിട്ടില്ല.. ഒരു പൊന്നോമനപുത്രനായിരുന്നു.. തിരുവല്ല പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതക കേസിൽ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതികാരങ്ങളായിരുന്നു ഇങ്ങനെ. വൻ പ്രതിഷേധമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. നാട്ടുകാരുടെ പ്രതിഷേധം മൂലം പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് പൂർണ്ണമായി നടത്താൻ പൊലീസിന് സാധിച്ചില്ല.

ഇന്നലെ സന്ദീപ് കൊലപാതക കേസിലെ പ്രതികളെ എട്ടുദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ബിജെപിയുമായി ബന്ധമില്ലെന്ന് പ്രതികള്‍ തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പറഞ്ഞു. ഒരു വര്‍ഷമായി ബിജെപിയുമായി യാതൊരു ബന്ധമില്ലെന്ന് ഒന്നാം പ്രതി ജിഷ്ണു പറഞ്ഞു. സന്ദീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അക്രമിച്ചത് കൊല്ലാന്‍വേണ്ടി ആയിരുന്നില്ലെന്നും വധഭീഷണിയുണ്ടെന്നും ജിഷ്ണു പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയിലേക്ക് നയിച്ചത്. സ്വയംരക്ഷയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും ജിഷ്ണു പറഞ്ഞു. ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വിരോധമുണ്ടായിരുന്നതെന്ന് മൂന്നാംപ്രതിയായ നന്ദു പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ആരുംതന്നെ ഹാജരായിരുന്നില്ല. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് സന്ദീപ് വധമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം സന്ദീപ് കൊലക്കേസ് ആസൂത്രിമാണന്ന് സിപിഎം – ബിജെപി നേതൃത്വങ്ങൾ ഒരു പോലെ പറയുന്നതിനിടെയാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് നിലവിലെ അന്വേഷണം. പ്രതികളുടെ പൂർവകാല ബന്ധങ്ങളും ക്രിമിനൽ പ്രവര്ത്തനങ്ങളും ഒരു സംഘം അന്വേഷിക്കുമ്പോൾ കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവരെ കേന്ദ്രീകരിച്ചാണ് മറ്റൊരു സംഘത്തിന്റെ അന്വേഷണം. കഴിഞ്ഞ ഒരു വർഷ കാലയളവിലെ പ്രതികളുടെ ഫോൺ കോളുകൾ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെത്താനുമാണ് അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള അഞ്ച് പേരെ ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയുടെ നേതൃത്വത്തില് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്.

അതേസമയം തിരുവല്ലയിൽ സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർ.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്നു കോടിയേരി പറഞ്ഞു. കൊലപാതക സംഘത്തെ നിയോഗിച്ചത് ബി.ജെ.പിയാണ്. കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പോലീസ് പറഞ്ഞതായി അറിയില്ല. രാഷ്ട്രീയ കൊലപാതകം എന്ന് റിമാൻഡ് റിപ്പോർട്ട് ഉണ്ട്. കൊല്ലപ്പെട്ട സന്ദീപിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിന്റെ ഉത്തരവാദിത്തം പാർട്ടി ഏറ്റെടുക്കും. ഭാര്യ സുനിതയ്ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുന്ന ജോലി സിപിഎം ജില്ലാ നേതൃത്വം ഉറപ്പാക്കും. മക്കളുടെ പഠനത്തിന് ആവശ്യമായ സമ്പത്തിക സഹായം ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ബൈക്കിലെത്തിയ സംഘം വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. നെഞ്ചിൽ ഉൾപ്പെടെ ഒമ്പത് കുത്തുകളേറ്റാണ് മരണം സംഭവിച്ചത്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകൾ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കിയത്.

സംഭവ ശേഷം ബൈക്കിൽ രക്ഷപ്പെട്ട ആദ്യ മൂന്നു പ്രതികളെ ഇന്നു പുലർച്ചെയോടെ മൊബൈൽ ടവർ ലൊക്കേഷൻ നോക്കി ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചാത്തങ്കരിയിൽ ഡോ. ജോസഫ് മണക്കിന്റെ വീടിന് സമീപമുള്ള ആദ്യത്തെ കലുങ്കിൽ വച്ചാണ് സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൃത്യം നടത്തിയത്. കൃത്യം നടത്തുന്നതിന് മുൻപ് സന്ദീപ് കലുങ്കിൽ ഇരിക്കുന്നതായി പ്രതികൾ സമീപത്തെ മാടക്കടയിൽ ചെന്ന് ഉറപ്പു വരുത്തിയിരുന്നു. സാധാരണ രാത്രി 9.30 വരെ സന്ദീപും കൂട്ടുകാരും ഈ കലുങ്കിൽ വന്നിരിക്കാറുണ്ട്.

സംഭവത്തിന് ശേഷം ആദ്യം അവിടെയെത്തിയ രാകേഷ് എന്ന ചെറുപ്പക്കാരനെ കൊലയാളി സംഘം തടഞ്ഞിരുന്നു. സന്ദീപിനെ കുത്തി വീഴ്‌ത്തിയ ശേഷം ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ നിൽക്കുമ്പോഴാണ് രാജേഷ് അവിടെ എത്തിയത്. സന്ദീപിനെ ഞങ്ങൾ കുത്തി കണ്ടത്തിലിട്ടിട്ടുണ്ട് എന്നായിരുന്നു ജിഷ്ണു പറഞ്ഞത്. രാജേഷിനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജേഷ് ഓടി കൊലയാളി സംഘം പറഞ്ഞ സ്ഥലത്ത് ചെന്നപ്പോൾ സന്ദീപ് അവിടെ കുത്തിയിരിക്കുകയായിരുന്നു. ശ്വാസമെടുക്കാൻ പാടുപെടുകയും ചെയ്യുന്നുണ്ടായിരുന്നു. സുഹൃത്തുക്കളെ വിളിച്ചു വരുത്തി ബൈക്കിൽ കയറ്റിയാണ് മുറിവേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അങ്ങു ചെന്നു കഴിഞ്ഞപ്പോഴേക്കും സന്ദീപ് മരിച്ചിരുന്നു. ജിഷ്ണുവും സന്ദീപുമായി വ്യക്തിവൈരാഗ്യം നില നിന്നിരുന്നു. പാർട്ടി പരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു.

തിരുവല്ലയിൽ ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊന്ന സംഭവത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണിത്. ആർഎസ്എസിന്റെ കൊലക്കത്തിയാൽ സിപിഐ എം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം-സിപിഎം ആരോപിച്ചു. ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആർഎസ്എസ് സൃഷ്ടിക്കുന്ന പ്രകോപനങ്ങളിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയർത്തണം. സമഗ്രമായി അന്വേഷിച്ച് മുഴുവൻ പ്രതികളേയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തിരുവല്ലയിൽ സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റേത് ആസൂത്രിത കൊലപാതകമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ജനകീയനായ പ്രവർത്തകനെയാണ് അരുംകൊല ചെയ്തത്. അങ്ങേയറ്റം പ്രതിഷേധാർഹമാണിത്. നാടിന്റെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയുടെ ഭാഗമാണിത്.

പത്തനംതിട്ട ജില്ലയിലും പെരിങ്ങരയിലും ബിജെപി വിട്ട് നിരവധിപേർ സിപിഐ എമ്മിനോട് അടുക്കുന്നു. സന്ദീപടക്കമുള്ള പ്രവർത്തകർ ഇതിന് നേതൃത്വം നൽകിയത് സംഘപരിവാറിനെ അലോസരപ്പെടുത്തി. ഗൂഢാലോചന നടത്തി സന്ദീപിനെ കൊലപ്പെടുത്തുകയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം നിരവധി അക്രമത്തെ അതിജീവിച്ചാണ് പ്രവർത്തിക്കുന്നത്. സമാധാനമാണ് സിപിഐ എം എക്കാലവും ആഗ്രഹിക്കുന്നത്. ആർഎസ്എസ് കൊലക്കത്തിക്ക് മുന്നിൽ കീഴടങ്ങാത്ത പ്രസ്ഥാനമാണ് സിപിഐ എം. കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. എല്ലാവിഭാഗം ജനങ്ങളും ഇതിനെതിരെ പ്രതിഷേധിക്കണം. സന്ദീപിന്റെ രക്തസാക്ഷിത്വത്തിൽ അനുശോചിക്കുന്നതായും വിജയരാഘവൻ പറഞ്ഞു.

Leave a Reply