മുഖത്തും കയ്യിലും മാരകമായി വെട്ടേറ്റെങ്കിലും ധൈര്യം വിടാതെ വടിവാൾ പിടിച്ചുവാങ്ങി; വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി 5 പവന്റെ മാല കവർന്ന കേസിൽ റിപ്പർ സുരേന്ദ്രൻ അറസ്റ്റിൽ; തലയ്ക്കടിച്ചു വീഴ്ത്തിയുള്ള കവർച്ചകൾ പതിവാക്കിയതാണു സുരേന്ദ്രനു റിപ്പർ എന്ന പേരു വീഴാൻ കാരണം; ഇരകളെല്ലാം സ്ത്രീകളാണെന്നതു മറ്റൊരു പ്രത്യേകത

0

തൃശൂർ ∙ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി 5 പവന്റെ മാല കവർന്ന കേസിൽ റിപ്പർ സുരേന്ദ്രൻ അറസ്റ്റിൽ. 5 മാസം മുൻപു ചെന്ത്രാപ്പിന്നി കണ്ണം പുള്ളിപ്പുറം മാരാത്ത് ശശിധരന്റെ ഭാര്യ രാധയെ വീട്ടിൽ കയറി തലയ്ക്കടിച്ചു വീഴ്ത്തിയ കേസിലാണ് വെള്ളാങ്കല്ലൂർ നടവരമ്പ് അത്തക്കുടത്തുപറമ്പിൽ സുരേന്ദ്രൻ (43) കയ്പമംഗലം പൊലീസിന്റെ പിടിയിലായത്. കൊലപാതകവും ജയിൽചാട്ടവും അടക്കം പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുരേന്ദ്രൻ.

7 കൊല്ലത്തെ ശിക്ഷ കഴിഞ്ഞ് 2016ൽ ജയിൽമോചിതനായെങ്കിലും കുറ്റകൃത്യങ്ങൾ തുടരുകയായിരുന്നു. മാർച്ച് 23ന് ആയിരുന്നു മാരാത്ത് രാധയെ ആക്രമിച്ചത്. പുലർച്ചെ 2.30നു നടവരമ്പിലെ വീട്ടിൽ നിന്നു സൈക്കിളിലാണ് സുരേന്ദ്രൻ ചെന്ത്രാപ്പിന്നിയിൽ എത്തിയത്. 6 മണിയോടെ മാരാത്ത് ശശിധരന്റെ വീടിനു മുന്നിലെത്തി മറഞ്ഞു നിന്നു. ശശിധരൻ പ്രഭാത നടത്തത്തിന് ഇറങ്ങിയ സമയത്തു പ്രതി വടിവാളുമായി വീട്ടിൽ കയറി രാധയെ ആക്രമിക്കുകയായിരുന്നു.

മുഖത്തും കയ്യിലും മാരകമായി വെട്ടേറ്റെങ്കിലും രാധ ധൈര്യം വിടാതെ വടിവാൾ പിടിച്ചുവാങ്ങുകയും നിലവിളിക്കുകയും ചെയ്തു. ഇതോടെ രാധയുടെ 5 പവന്റെ മാലയും പൊട്ടിച്ചെടുത്തു സുരേന്ദ്രൻ കടന്നുകളഞ്ഞു. മരപ്പണിക്കാരനായ പ്രതി പലവട്ടം ഈ പ്രദേശങ്ങളിൽ ജോലിക്കെത്തിയിരുന്നു. മരപ്പണിക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള സ്ക്രൂ സംഭവസ്ഥലത്തു നിന്നു ലഭിച്ചതു നിർണായകമായി.

പ്രതിയെ റിമാൻഡ് ചെയ്തു. ഡിവൈഎസ്പി സലീഷ് എൻ. ശങ്കരൻ, എസ്ഐമാരായ കെ.ജെ. ജിനേഷ്, പി. സുജിത്ത്, പാട്രിക്, അബ്ദുൽ സത്താർ, പി.സി. സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സുരേന്ദ്രനെ എത്തിച്ച് പൊലീസ് തെളിവെടുത്തു. കവർന്ന സ്വർണാഭരണവും പ്രതി സഞ്ചരിച്ചിരുന്ന സൈക്കിളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.സൈക്കിൾ വാങ്ങിയ സ്ഥാപനവും തിരിച്ചറിഞ്ഞിട്ടുണ്ട്.

തലയ്ക്കടിച്ചു മോഷണം; ജയിൽചാട്ടം ശീലം

തലയ്ക്കടിച്ചു വീഴ്ത്തിയുള്ള കവർച്ചകൾ പതിവാക്കിയതാണു സുരേന്ദ്രനു റിപ്പർ എന്ന പേരു വീഴാൻ കാരണം. ഇരകളെല്ലാം സ്ത്രീകളാണെന്നതു മറ്റൊരു പ്രത്യേകത. 2007ൽ പൊറത്തിശേരി സ്വദേശി മറിയയെ (80) തലയ്ക്കടിച്ചു കൊലപ്പെടുത്തി 11 പവൻ കവർന്ന സംഭവത്തോടെയാണു സുരേന്ദ്രൻ പേടിസ്വപ്നമായി മാറിയത്. അന്തിക്കാട്, കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് 10 കവർച്ചക്കേസുകൾ. പല കേസുകളിൽ കോടതി ശിക്ഷിച്ചെങ്കിലും 2 വട്ടം ജയിൽചാടി.

2009 മുതൽ 2016 വരെ ജയിലിലായിരുന്നു. പുറത്തിറങ്ങിയ ശേഷവും കവർച്ച തുടർന്നു, മരപ്പണിക്കു പോകുന്ന സ്ഥലത്തെ വീടുകൾ നോക്കിവച്ച ശേഷം പുലർച്ചെയെത്തി ആക്രമിക്കുന്നതാണു രീതി. മോഷണം നടത്തുന്ന ദിവസങ്ങളിൽ തിരികെയെത്തി സ്വന്തം വീടിന്റെ ടെറസിൽ കിടന്നുറങ്ങുന്ന വിചിത്രരീതിയും സുരേന്ദ്രനുണ്ടെന്നു പൊലീസ് പറയുന്നു

Leave a Reply