Sunday, September 26, 2021

പെരുമ്പാവൂരിൽ വ്യാജ കള്ള് നിർമാണകേന്ദ്രം നടത്തിയിരുന്ന
ഷാപ്പ് കോൺട്രാക്ടർ റിമാൻഡിൽ; രക്ഷപ്പെടുത്താൻ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും മാധ്യമ സ്ഥാപന ഉടമകളും; രക്ഷപ്പെടാൻ പഴുതുകൾ പറഞ്ഞു കൊടുക്കാനെത്തിയ ആളെ അന്വേഷണ ഉദ്യോഗസ്ഥർ പുറത്താക്കി; വ്യാജ കള്ള് നിർമാണ യൂണിറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തു; കള്ളിൽ സ്പിരിറ്റോ കഞ്ചാവോ ചേർത്തിട്ടുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധന

Must Read

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വ്യാജ കള്ള് നിർമാണകേന്ദ്രം നടത്തിയിരുന്ന
ഷാപ്പ് കോൺട്രാക്ടറെ റിമാൻഡ് ചെയ്തു. ചേരാനല്ലൂർ നെടുങ്കണ്ടത്തിൽ ജോമി പോളിനെ (58)യാണ് റിമാൻഡ് ചെയ്തത്. പെരുമ്പാവൂരിൽ വ്യാജ കള്ള് നിർമാണകേന്ദ്രം റെയ്ഡ് ചെയ്ത് 2460 ലിറ്റർ കള്ള് പിടിച്ചെടുത്ത കേസിൽ ജോമി പോളിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് സ്റ്റേറ്റ്എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡാണ് പെരുമ്പാവൂർ നഗരസഭാ ആറാം വാർഡിലെ തുരുത്തിപ്പറമ്പ് ഭാഗത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച വ്യാജ കള്ള് നിർമാണകേന്ദ്രം റെയ്ഡ് ചെയ്തത്.

ജോമി പോൾ അറസ്റ്റിലായതോടെ രക്ഷപെടുത്താൻ നിരവധി ശ്രമങ്ങൾ നടന്നു. ഉന്നത സ്വാധീനമുള്ള ഇയാളെ രക്ഷിക്കാൻ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും മാധ്യമ സ്ഥാപന ഉടമകളും അടക്കം രംഗത്തെത്തിയിരുന്നു. രാവിലെ നടന്ന സംഭവത്തിൽ രാത്രി ഏറെ വൈകിയും വിവരങ്ങൾ നൽകില്ലെന്ന നിലപാടിലായിരുന്നു പെരുമ്പാവൂർ എക്സൈസ് ഉദ്യോഗസ്ഥർ. സാധാരണക്കാരനെ പിടികൂടിയാൽ ഫോട്ടോ വച്ച് പ്രസ് റിലീസ് ഇറക്കുന്ന എക്സൈസ് സംഘം ഒരു വിവരവും കൈമാറിയില്ല.

എന്നാൽ രാത്രി തന്നെ ഇയാളെ റിമാൻഡ് ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥർ എന്നാണ് ഔദ്യോഗീക ഭാഷ്യം.

റെയ്ഡിനിടെ ജോമി പോളിന് രക്ഷപ്പെടാൻ പഴുതുകൾ പറഞ്ഞു കൊടുക്കാനെത്തിയ ആളെ അന്വേഷണ ഉദ്യോഗസ്ഥർ പുറത്താക്കിയിരുന്നു. മാധ്യമ പ്രവർത്തകൻ എന്ന വ്യാജേനയായിരുന്നു ഇയാളുടെ രംഗപ്രവേശം. അറസ്റ്റിലായ ജോമി പോളിന് മരുന്നുകൾ നൽകാൻ എത്തിയതാണെന്നായിരുന്നു പിന്നീട് പറഞ്ഞത്.

പെരുമ്പാവൂർ ടൗണിലുൾപ്പെടെ ഒക്കൽ, ചേരാനല്ലൂർ, കുന്നുവഴി, കാഞ്ഞിരക്കാട് എന്നിവിടങ്ങളിലെ അഞ്ച് ഷാപ്പുകൾ മുഖേനയായിരുന്നു വ്യാജ കള്ള് വിൽപ്പന. വീപ്പകളിലായി സൂക്ഷിച്ചിരുന്ന കൃത്രിമ കള്ള് എക്സൈസ് കസ്റ്റഡിയിലെടുത്തു. അഞ്ച് ഷാപ്പുകളിലേക്കായി പാലക്കാടുനിന്ന് ഒരുദിവസം 850 ലിറ്റർ കള്ള് കൊണ്ടുവരാനാണ് കരാറുകാരന് അനുമതിയുള്ളത്. യഥാർത്ഥ കള്ളിൽ വെള്ളം, പഞ്ചസാര, ഈസ്റ്റ് എന്നിവ ചേർത്താണ് കൃത്രിമ കള്ള് കൂടുതലായി നിർമിച്ചത്. വീര്യം വർധിപ്പിക്കാൻ കള്ളിൽ സ്പിരിറ്റ് ചേർത്തിട്ടുണ്ടോയെന്ന് ലാബ് പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു ലിറ്റർ കള്ളിൽ 8.1 ശതമാനമാണ് അനുവദനീയമായ ആൽക്കഹോളിന്റെ അളവ്.

കള്ള് നിർമാണ യൂണിറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഹാർഡ് ഡിസ്കുകൾ പരിശോധിക്കാനാണ് പദ്ധതി. കള്ളിൽ എന്തൊക്കെ കൃതൃമങ്ങൾ കാട്ടിയിട്ടുണ്ടെന്നറിയാൻ സാമ്പിളുകൾ പരിശോധനക്ക് അയച്ചു.

കള്ളിൽ സ്പിരിറ്റോ കഞ്ചാവോ ചേർത്തിട്ടുണ്ടോ എന്നറിയാനാണ് നീക്കം.

ഇടതുമുന്നണി നേതാവിൻ്റെ അടുത്ത ബന്ധുവാണ് ജോമി. കള്ള് ഷാപ്പ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയായ ഇയാൾ വർഷങ്ങളായി വ്യാജ കള്ള് നിർമാണം നടത്തുന്നുണ്ടെന്നാണ് വിവരം. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച മുതൽ സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അംഗങ്ങൾ പെരുമ്പാവൂരിൽ ക്യാമ്പ് ചെയ്തിരുന്നു. 2400 ലിറ്റർ വ്യാജ കള്ളാണ് പിടികൂടിയത്.

വ്യാജ കള്ള് നിർമാണ യൂണിറ്റ് പ്രവർത്തിപ്പിച്ചിരുന്നത് വൻ സുരക്ഷ ക്രമീകരണങ്ങളോടെയാണ്. ജോമി പോളിൻ്റെ വീടിനോട് ചേർന്നാണ് വ്യാജ കള്ള് നിർമാണം നടന്നിരുന്നത്. നിർമാണ യൂണിറ്റിൻ്റെ നാലു വശങ്ങളിലും ക്യാമറ, റിമോർട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഷട്ടറുകൾ തുടങ്ങിയ നിരവധി സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

പരിചയമില്ലാത്തവരെ കണ്ടതോടെ നിർമാണ സാമഗ്രികൾ മാറ്റി. പരിശോധനയുടെ ഭാഗമായി ജോമിയുടെ വീട്ടിലെത്തിയതോടെ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി ഉദ്യോഗസ്ഥരെ മറ്റൊരു ഗോഡൗണിലേക്ക് കൊണ്ടു പോയി. പിന്നീട് യഥാർഥ ഗോഡൗൺ കണ്ടെത്തുകയായിരുന്നു.

പെരുമ്പാവൂർ തുരുത്തിപ്പറമ്പിൽ മാസങ്ങളായി ഗോഡൗൺ പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ മത്സരിച്ച ഇടതു സ്ഥാനാർഥിയുടെ സ്പോൺസർ ആയിരുന്നു ജോമി പോൾ.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽ കുമാർ, ജി. കൃഷ്ണകുമാർ, എക്സൈസൈസ് ഇൻസ്പെക്ടർ ടി. ആർ മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, എസ് സെന്തിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സുബിൻ, എസ് ഷംനാദ് , ആർ.രാജേഷ്, എം.എം അരുൺകുമാർ, ബസന്ത്, വിശാഖ്, മുഹമ്മദ് അലി എന്നിവരടങ്ങുന്ന ടീം ആണ് റെയ്ഡ് നടത്തിയത്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News