കേന്ദ്ര ഏജന്‍സികളെയും മാധ്യമങ്ങളെയും വിമര്‍ശിച്ചു പുസ്‌തകമെഴുതിയ എം. ശിവശങ്കറിനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍

0

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെയും മാധ്യമങ്ങളെയും വിമര്‍ശിച്ചു പുസ്‌തകമെഴുതിയ എം. ശിവശങ്കറിനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം അനുഭവം പങ്കുവയ്‌ക്കുന്നതില്‍ തെറ്റു കാണാനാവില്ലെന്നും വിമര്‍ശനത്തിന്‌ ഇരയായവര്‍ക്കു പകയുണ്ടാവുക സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
“വിഷമതകള്‍ അനുഭവിച്ചയാള്‍ തുറന്നു പറയുമ്പോള്‍ മാധ്യമങ്ങള്‍ക്കുണ്ടാവുന്ന വിഷമം എനിക്കു മനസിലാവും. തനിക്കുണ്ടായ അനുഭവങ്ങളാണ്‌ ശിവശങ്കര്‍ പറയുന്നത്‌. പുസ്‌തകമെഴുതാനുള്ള മാനസികാവസ്‌ഥ ശിവശങ്കര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളെക്കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല. ഇക്കാര്യത്തില്‍ ഏതെങ്കിലുമൊരാളിന്റെ അഭിപ്രായം മാത്രമാവില്ല സര്‍ക്കാര്‍ പരിശോധിക്കുക. വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ജോലി നേടിയതില്‍ പോലീസ്‌ അന്വേഷണം തുടരുകയാണ്‌. വ്യാജരേഖ ശിവശങ്കറിന്‌ അറിയാമായിരുന്നു എന്നത്‌ അവര്‍ തമ്മിലുള്ള കാര്യമാണ്‌. ആരെയും തള്ളാനും കൊള്ളാനും ഞാന്‍ തയാറായിട്ടില്ല. എല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്‌. പ്രത്യേക മാനസികാവസ്‌ഥയാണ്‌ മാധ്യമങ്ങള്‍ക്ക്‌. ശബ്‌ദരേഖ പ്രചരിപ്പിച്ച കേസില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിരുന്നതാണ്‌. കേസ്‌ സുപ്രീം കോടതിയില്‍ വരെയെത്തി. അന്വേഷണം കൃത്യമായി നടത്തുകയെന്ന നിലപാടാണ്‌ സര്‍ക്കാരിന്‌. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ പുസ്‌തകമെഴുതാമോ ഇല്ലയോ എന്നു സാങ്കേതികമായി സര്‍ക്കാര്‍ പരിശോധിക്കും”- അദ്ദേഹം പറഞ്ഞു.
പുസ്‌തകമെഴുതിയതു സര്‍ക്കാരിന്റെ അനുമതിയോടെയാണോയെന്ന്‌ ആവര്‍ത്തിച്ചു ചോദിച്ചിട്ടും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല.

Leave a Reply