Tuesday, June 22, 2021

പരാജയപ്പെട്ട ദിവസം പടിയിറങ്ങിപ്പോകാന്‍ തനിക്ക് അറിയാഞ്ഞിട്ടല്ല; അത്തരം തീരുമാനം എടുക്കുന്ന കാര്യത്തില്‍ താന്‍ ഒരിക്കലും പിന്നാക്കം പോയിട്ടുമില്ലെന്ന് മുല്ലപ്പിള്ളി രാമചന്ദ്രൻ

Must Read

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരാജയപ്പെട്ട ദിവസം പടിയിറങ്ങിപ്പോകാന്‍ തനിക്ക് അറിയാഞ്ഞിട്ടല്ല. അത്തരം തീരുമാനം എടുക്കുന്ന കാര്യത്തില്‍ താന്‍ ഒരിക്കലും പിന്നാക്കം പോയിട്ടുമില്ല. എന്നാല്‍ പാര്‍ട്ടി പരാജയപ്പെട്ട് നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇട്ടിട്ടുപോയ ആള്‍ എന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കാനാണ് താന്‍ സ്ഥാനത്ത് തുടര്‍ന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഫലപ്രഖ്യാപനത്തിനു പിന്നാലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെ കുറിച്ചും വളരെ കൃത്യമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷനായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു ബദല്‍ സംവിധാനം വളരെപ്പെട്ടെന്ന് ഉണ്ടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതായും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കവേ വ്യക്തമാക്കി. സംവിധാനം നിലവില്‍ വരുന്നതുവരെ കെപിസിസി അധ്യക്ഷ പദവിയില്‍ തുടരാമെന്നാണ് പറഞ്ഞിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിര്‍ലോഭമായ സഹകരണമാണ് സോണിയാ ഗാന്ധിയില്‍നിന്നും രാഹുല്‍ ഗാന്ധിയില്‍നിന്നും ലഭിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്ന ദുഃഖവും വേദനയും മനസ്സിലുണ്ട്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിന്റെ പരിപൂര്‍ണമായ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. ആ ഉത്തരവാദിത്തം ആരുടെയെങ്കിലും തലയില്‍വെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ സോണിയാ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയെന്ന കാര്യം വസ്തുതാവിരുദ്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അത്തരം ഒരു കത്ത് എഴുതേണ്ട കാര്യമില്ല. അശോക് ചവാന്‍ കമ്മിഷനെ ബഹിഷ്‌കരിച്ചു എന്ന വാര്‍ത്തയോടും അദ്ദേഹം പ്രതികരിച്ചു. അശോക് ചവാനെയും ആ കമ്മിറ്റിയിലെ അംഗങ്ങളെയും വര്‍ഷങ്ങളായി അറിയാം. കമ്മിറ്റിയിലെ ഒരാള്‍ ഒഴികെ എല്ലാവരും തന്റെ ആത്മസുഹൃത്തുക്കളാണ്. കമ്മിഷന്‍ മുന്‍പാകെ വന്ന് ഒരു പുതിയ കാര്യം പറയാനില്ലെന്ന് ചവാനെ അറിയിച്ചിരുന്നു. പറയേണ്ട കാര്യങ്ങള്‍ എല്ലാം സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അതിനപ്പുറം കൂട്ടിച്ചേര്‍ക്കാനില്ലെന്നും അറിയിച്ചിരുന്നു. സോണിയാ ഗാന്ധിക്ക് അയച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കമ്മിഷന് മുന്‍പാകെ അയക്കാം. അത് തന്റെ പ്രസ്താവനയായി രേഖപ്പെടുത്താമെന്നും വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് ഇലപൊഴിയും കാലം കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഈ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിരിക്കുന്നു എന്ന രൂപത്തില്‍ വാര്‍ത്ത കൊടുക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്ന പോലെ കോണ്‍ഗ്രസില്‍ അത്തരത്തില്‍ ഒരു ആശയസംഘര്‍ഷവുമില്ല. തങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. അവരുടെ മനോവീര്യം തകര്‍ക്കാന്‍ നിഗൂഢമായ ലക്ഷ്യങ്ങളും സങ്കുചിതമായ താല്‍പര്യങ്ങളുമായി പ്രസ്ഥാനത്തോട് അപരാധം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ചും മുല്ലപ്പള്ളി വിശദീകരിച്ചു. കെപിസിസി അധ്യക്ഷന്‍ എന്ന നിലയിലാണ് തനിക്ക് യുഡിഎഫ് ഏകോപന സമിതിയില്‍ പങ്കെടുക്കാനാവുക. എന്നാല്‍ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി സ്വീകരിക്കണമെന്ന് സോണിയാ ഗാന്ധിയോട് അഭ്യര്‍ഥിച്ച സാഹചര്യത്തില്‍, പിന്നെയും യോഗത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ അത് രാഷ്ട്രീയവും ധാര്‍മികവുമായി തെറ്റായ നടപടിയാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News