ഗ്രൂപ്പുകളി അവസാനിപ്പിച്ചു കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കാന്‍ കൊണ്ടുവന്ന നേതൃനിരയിലും ബലാബലം

0

തിരുവനന്തപുരം : ഗ്രൂപ്പുകളി അവസാനിപ്പിച്ചു കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കാന്‍ കൊണ്ടുവന്ന നേതൃനിരയിലും ബലാബലം. പാര്‍ട്ടി പുനഃസംഘടന പൊടുന്നനെ നിര്‍ത്തിവയ്‌ക്കാനുള്ള ഹൈക്കമാന്‍ഡ്‌ തീരുമാനത്തില്‍ പ്രകോപിതനായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. അധ്യക്ഷസ്‌ഥാനത്ത്‌ കടിച്ചുതൂങ്ങാനില്ലെന്നു വ്യക്‌തമാക്കി ഹൈക്കമാന്‍ഡിന്‌ കത്തയച്ചു.
എം.പിമാര്‍ക്ക്‌ ചില പരാതികളുണ്ടെന്നും അത്‌ പരിഹരിച്ചശേഷം പുനഃസംഘടന നടത്തുമെന്നുമാണ്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ പറയുന്നത്‌. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയെ പൂര്‍ണമായും വരുതിയിലാക്കാനുള്ള നീക്കമാണിതെന്ന്‌ ആരോപണം ശക്‌തമായി.
എം.പിമാരുടെ പരാതികള്‍ തീര്‍ത്തിട്ടു മതി പുനഃസംഘടനയെന്ന്‌ എ.ഐ.സി.സി പ്രതിപക്ഷ നേതാവിനു നിര്‍ദേശം നല്‍കിയെന്നാണ്‌ അദ്ദേഹത്തോട്‌ അടുപ്പമുള്ളവര്‍ പറയുന്നത്‌. ഇതുതന്നെയാണ്‌ കെ. സുധാകരനെ പ്രകോപിപ്പിച്ചതും. പാര്‍ട്ടിയുടെ തലപ്പത്തുള്ള സുധാകരനെ ഒഴിവാക്കി തലയ്‌ക്കു മുകളില്‍ പ്രതിപക്ഷ നേതാവിനെ പ്രതിഷ്‌ഠിക്കാനുള്ള നീക്കമായും ഇത്‌ വിലയിരുത്തപ്പെട്ടു.
26ന്‌ ചേര്‍ന്ന നേതൃയോഗത്തിനുശേഷം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ്‌ അന്‍വറും പ്രദേശ്‌ വരണാധികാരി ജി. പരമേശ്വരയും പുനഃസംഘടനയ്‌ക്ക്‌ അനുമതി നല്‍കിയതാണ്‌. തുടര്‍ന്ന്‌ ഡി.സി.സി. പുനഃസംഘടനയ്‌ക്കുള്ള അന്തിമപട്ടികയ്‌ക്ക്‌ കെ.പി.സി.സി അംഗീകാരം നല്‍കി.
അന്തിമ പ്രഖ്യാപനത്തിനായി എ.ഐ.സി.സിക്കും സമര്‍പ്പിച്ചു. ഇതിനു ശേഷമാണ്‌ എം.പിമാര്‍ക്ക്‌ പരാതികളുണ്ടെന്നും പുനഃസംഘടന നിര്‍ത്തിവയ്‌ക്കണമെന്നും താരിഖ്‌ അന്‍വര്‍ സംസ്‌ഥാന നേതൃത്വത്തെ അറിയിച്ചത്‌. അങ്ങനെയെങ്കില്‍ ആ പരാതി കെ.പി.സി.സിക്കു കൈമാറാനാണ്‌ സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടത്‌. ഗ്രൂപ്പ്‌ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി മാരത്തണ്‍ ചര്‍ച്ച നടത്തി ആര്‍ക്കും പരാതിയില്ലാത്ത പട്ടികയാണ്‌ സമര്‍പ്പിച്ചത്‌. തുടര്‍ന്നുള്ള ചരടുവലി പിന്‍വാതിലില്‍ കൂടി പാര്‍ട്ടിയെ പിടിച്ചടക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണെന്ന്‌ സുധാകരപക്ഷം സംശയിക്കുന്നു.
കെ.സി. വേണുഗോപാലിന്റെ കൂടി താല്‍പര്യപ്രകാരമാണ്‌ സുധാകരനെയും സതീശനേയും കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവുമായി നിയമിച്ചത്‌. തുടക്കത്തില്‍ ഇവര്‍ എല്ലാം ഒരുപക്ഷത്തായിരുന്നു. പിന്നീട്‌ സുധാകരന്‍ വേണുഗോപാലിനെ മറികടന്നു മുന്നോട്ടുപോകുന്നെന്ന സംശയമുയര്‍ന്നതാണ്‌ ബലാബലങ്ങള്‍ക്കു കാരണം.
തുടക്കത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ഇടഞ്ഞുനിന്ന സുധാകരന്‍ പിന്നീട്‌ രമേശ്‌ ചെന്നിത്തലയുമായി അടുത്തു. അദ്ദേഹത്തെയും ഐ ഗ്രൂപ്പിനെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം നടത്തുകയും ചെയ്‌തു. നേര്‍വിപരീത ദിശയിലാണ്‌ സതീശന്‍ നീങ്ങിയത്‌.

Leave a Reply