കൊല്ലം: കൊട്ടിയത്തെ റംസി ആത്മഹത്യ കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു.
റംസി ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഏക പ്രതിയാണ് ഹാരിസ്. വിവാഹവാഗ്ദാനം നല്‍കിയതിനു ശേഷം വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്മാറിയതോടൊണ് റംസി ആത്മഹത്യ ചെയ്തത്. അറസ്റ്റിനു ശേഷം ജാമ്യം നിഷേധിക്കപ്പെട്ട ഹാരിസ് ഏതാണ്ട് ഒരു മാസത്തിലേറെയായി റിമാന്‍ഡിലാണ്. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹാരിസിന്റെ ജാമ്യാപേക്ഷ.
കേസിന്റെ അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് മുഖ്യവാദം. തിങ്കളാഴ്ച ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി പരിഗണിക്കും. കേസില്‍ ഹാരിസിന്റെ അമ്മയ്ക്കും സഹോദരനും ഇയാളുടെ ഭാര്യയും സീരിയില്‍ നടിയുമായ ലക്ഷ്മി പ്രമോദിനും കൊല്ലം കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഇതിനെതിരെ അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം മതി തുടരന്വേഷണം എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
English summary
Harris, who is in remand in the Ramsey suicide case in Kottiyam, has approached the court for bail