ബെയ്ജിങ്: മഹാമാരിയായ കോവിഡിൽനിന്നു പതിയെ മോചനം നേടുന്നതിനിടെ ചൈനയിൽ ഹാന്റവൈറസും റിപ്പോർട്ട് ചെയ്തു. എലികളിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതാണ് ഈ വൈറസ്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പടരില്ല. യുന്നാൻ പ്രവിശ്യയിൽ നിന്നുള്ളയാൾക്കാണു ഹാന്റവൈറസ് സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ചയാൾ മരിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഷാൻഡോങ് പ്രവിശ്യയിലേക്കു ബസിൽ പോകുന്നതിനിടെയാണ് ഇയാൾ മരിച്ചതെന്നാണു ഗ്ലോബൽ ടൈംസ് പറയുന്നത്. ബസിലെ ബാക്കി 32 യാത്രക്കാരെയും പരിശോധനയ്ക്കു വിധേയരാക്കി.
എലികളിലൂടെയാണു ഹാന്റവൈറസ് പകരുന്നതെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. വൈറസിന്റെ പേര് പലയിടത്തും പലതാണ്. അമേരിക്കയിൽ ‘ന്യൂ വേൾഡ്’ ഹാന്റവൈറസ് എന്നും യൂറോപ്പിലും ഏഷ്യയിലും ‘ഓൾഡ് വേൾഡ്’ ഹാന്റവൈറസ് എന്നുമാണ് അറിയപ്പെടുന്നത്. ദക്ഷിണ കൊറിയയിലെ ഹാന്റന്‍ നദീതീരത്താണ് ഈ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത്. അങ്ങനെയാണ് ഈ പേരു ലഭിക്കുന്നതും.
എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവ വഴിയാണു രോഗം മനുഷ്യനിലേക്കു പകരുന്നത്. മനുഷ്യശരീരത്തിലേക്ക് എത്തുന്നത് പ്രധാനമായും അന്തരീക്ഷത്തിലൂടെയാണ്. എലികളുടെ വിസർജ്യവും അവ കരണ്ടുതിന്നുന്ന വസ്തുക്കളും അന്തരീക്ഷത്തിലെ പൊടിയോടൊപ്പം കലരുകയും അത് മനുഷ്യൻ ശ്വസിക്കുകയും ചെയ്യുമ്പോഴാണു വൈറസ് ബാധിക്കുക. രക്തപരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. ശ്വാസകോശത്തെയും വൃക്കകളെയുമാണു രോഗം പ്രധാനമായും ബാധിക്കുക. നേരത്തേ ഒട്ടേറെ രാജ്യങ്ങളിൽ ഹാന്റവൈറസ് പരത്തുന്ന ഹാന്റവൈറസ് പൾമനറി സിൻഡ്രം (എച്ച്പിഎസ്) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
∙ മനുഷ്യർക്ക് രോഗം പകരുന്നത് എലികളിൽനിന്നു മാത്രം
മറ്റു സാധ്യതകൾ
1) എലിയുടെ വിസർജ്യം, മൂത്രം, ഉമിനീർ എന്നിവ പറ്റിപ്പിടിച്ച വസ്തുക്കളോ എലി കരണ്ട വസ്തുക്കളോ സ്പർശിച്ച ശേഷം മൂക്കിലോ വായിലോ തൊടുമ്പോൾ
2) എലിയുടെ വിസർജ്യം, മൂത്രം, ഉമിനീർ എന്നിവ വീണ ഭക്ഷണം കഴിച്ചാൽ
3) വൈറസുള്ള എലി കടിക്കുന്നതിലൂടെ (അപൂർവമായി മാത്രം)
∙ മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക് വൈറസ് പകരില്ല
വൈറസ് ബാധിച്ച് 1–8 ആഴ്ചകൾക്കകം ലക്ഷണങ്ങൾ
ആദ്യ ലക്ഷണങ്ങൾ:
ക്ഷീണം, പനി, പേശിവേദന (തുട, അരക്കെട്ട്, പുറംഭാഗം, ചുമലുകള്‍), വയറുവേദന, ഛർദി, വയറിളക്കം, വിറയൽ, തലകറക്കം
രണ്ടാംഘട്ട ലക്ഷണം (രോഗം ബാധിച്ച് 4–10 ദിവസത്തിനു ശേഷം): നെഞ്ചിൽ കഫം നിറയൽ, ചുമ, ശ്വാസതടസ്സം. മുഖത്ത് തലയിണ അമർത്തിപ്പിടിച്ചതു പോലെയും നെഞ്ചിൽ വരിഞ്ഞുമുറുക്കിയതു പോലെയുമുള്ള അവസ്ഥയെന്നാണ് രോഗം ഭേദമായവര്‍ ശ്വാസതടസ്സത്തെ വിശദീകരിച്ചത്.
TOP NEWS
‘വസൂരിയും പോളിയോയും ഉന്മൂലനം ചെയ്ത ഇന്ത്യയ്ക്ക് കൊറോണയേയും തോല്പിക്കാം’
രോഗം ബാധിച്ചാൽ മരണത്തിനുള്ള സാധ്യത: 38%
വൈറസ് ബാധിക്കാനുള്ള സാധ്യതകൾ:
1) നാളുകളായി അടച്ചിട്ടിരിക്കുന്ന ഇടങ്ങൾ തുറന്ന് വൃത്തിയാക്കുമ്പോൾ
2) വീടും മറ്റും വൃത്തിയാക്കുമ്പോൾ
3) നിർമാണ–ശുചീകരണ ജോലികൾക്കിടെ
4) എലികളുള്ള പ്രദേശത്ത് കൂട്ടമായി ജീവിക്കുമ്പോൾ
5) വയലോരങ്ങൾ, കാട്ടു പ്രദേശങ്ങൾ തുടങ്ങി എലികൾ സമൃദ്ധമായുള്ള പ്രദേശങ്ങളിൽ വ്യക്തിശുചിത്വം പാലിക്കാതിരുന്നാൽ.
വൈറസിനെ തടയാൻ:
1) വീട് വൃത്തിയാക്കുമ്പോൾ നിർബന്ധമായും തൂവാല കൊണ്ടോ മറ്റോ മൂക്കും വായും മൂടുക
2) വൃത്തിയാക്കും മുൻപ്, പൊടി ഉയരുന്നത് തടയാൻ വെള്ളം തളിക്കുക
3) ശുചീകരണത്തിനിടെ വ്യക്തിശുചിത്വം ഉറപ്പാക്കുക