ഗോവയിൽ കോളജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ജിംനേഷ്യം പരീശീലകൻ അറസ്റ്റിൽ

0

പനജി∙ ഗോവയിൽ കോളജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ജിംനേഷ്യം പരീശീലകൻ അറസ്റ്റിൽ. കഴിഞ്ഞ വ്യാഴാ‌ഴ്‌ചയാണു ഗോവയെ നടുക്കിയ ദാരുണമായ കൊലപാതകം നട‌ന്നത്. ഖണ്ടോല ഗവ. കോളേജിലെ പ്രഫസർ ഗൗരി ആചാരി(35) യുടെ കൊലപാതകത്തിൽ മഹാരാഷ്ട്ര സ്വദേശി ഗൗരവ് ബിദ്ര (36)യാണ് പിടിയിലായത്.

സൗഹൃദത്തിൽനിന്നു ഗൗരി ആചാരി പിന്മാറിയതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ കോളജിലേക്കു പോയ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഗൗരി ആചാരിയുടെ മാതാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് ഗൗരവ് ബിദ്രയെ കുടുക്കിയത്. ഗൗരവിന് ഭാര്യയും ഒരു കുട്ടിയും ഉണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ഫിറ്റ്നെസ് പരിശീലകനായ പ്രതി, അണ്ടർ–19 ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പരിശീലനം നൽകിയിരുന്നു. ഒരുമാസം മുൻപ് ഗോവ പൊലീസിന്റെ ഭീകരവിരുദ്ധ സേന(എടിഎസ്)യിലെ അംഗങ്ങൾക്കും ഇയാൾ പരിശീലനം നൽകിയിരുന്നു.

ഗൗരിയുടെ മാതാവ് പരാതി നൽകിയതിനു പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ഓൾഡ് ഗോവ പൊലീസ് ഇൻസ്‌പെക്ടർ ദിനേഷ് ഗഡേക്കർ മാധ്യമങ്ങളോട് പറഞ്ഞു. ഗൗരി സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെ ഗൗരിയെ ആരോ അപായപ്പെടുത്തിയതായി പൊലീസ് ഉറപ്പിച്ചിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കാറിൽ ഉണ്ടായിരുന്നു.

ഗൗരവ് ബിദ്രയുടെ മൊബൈൽ നമ്പറിൽനിന്ന് നിരന്തരം ഫോൺവിളികളും സന്ദേശങ്ങളുമെത്തിയതായി തെളിഞ്ഞതോടെ ഗൗരി ആചാരിയുമായി സൗഹൃദമുണ്ടെന്ന് സമ്മതിച്ചുവെങ്കിലും ഗൗരിയുടെ തിരോധാനത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ഗൗരവ് പൊലീസിനോട് പറഞ്ഞത്. പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഗൗരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി ബിദ്ര സമ്മതിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.

2021ൽ ഗൗരി ഇന്റർനെറ്റിൽ നിന്നാണ് ഗൗരവ് ബിദ്രയുടെ വിലാസം ശേഖരിക്കുന്നത്. വൈകാതെ ഗൗരവ് ബിദ്രയുടെ കീഴിൽ പരിശീലനം ആരംഭിക്കുകയും ചെയ്‌തു. വൈകാതെ ഇരുവരും സൗഹൃദത്തിലായി. കഴിഞ്ഞ മാസം മുതൽ ഗൗരവുമായുള്ള സൗഹൃദം തുടരാൻ താൽപര്യമില്ലെന്ന നിലപാട് ഗൗരി എടുത്തതാണ് ഇയാളെ ചൊടിപ്പിച്ചു. പലവട്ടം കാണാനും സംസാരിക്കാനും ബിദ്ര ശ്രമിച്ചിരുന്നുവെങ്കിലും ഗൗരി തയാറായിരുന്നില്ലെന്നു പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here