ഗുജറാത്ത്‌ എം.എല്‍.എയും ദളിത്‌ നേതാവുമായ ജിഗ്‌നേഷ്‌ മേവാനിയെ അസം പോലീസ്‌ അര്‍ധരാത്രി വീട്ടിലെത്തി അറസ്‌റ്റ്‌ ചെയ്‌തു

0

അഹമ്മദാബാദ്‌: ഗുജറാത്ത്‌ എം.എല്‍.എയും ദളിത്‌ നേതാവുമായ ജിഗ്‌നേഷ്‌ മേവാനിയെ അസം പോലീസ്‌ അര്‍ധരാത്രി വീട്ടിലെത്തി അറസ്‌റ്റ്‌ ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുള്ള മേവാനിയുടെ ട്വീറ്റിനെതിരായ ബി.ജെ.പി. നേതാവിന്റെ പരാതിയിലാണ്‌ അറസ്‌റ്റെന്നാണ്‌ പോലീസിന്റെ വിശദീകരണം.
ബുധനാഴ്‌ച രാത്രി പതിനൊന്നരയോടെ പാലന്‍പുര്‍ സര്‍ക്യൂട്ട്‌ ഹൗസില്‍നിന്നാണ്‌ മേവാനിയെ അസം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തുടര്‍ന്ന്‌ അഹമ്മദാബാദിലെത്തിച്ച അദ്ദേഹത്തെ ഇന്നലെ രാവിലെ വിമാനമാര്‍ഗം അസമിലേക്കു കൊണ്ടുപോയി. അസമിലെ കൊക്രാജാര്‍ സ്വദേശിയായ ബി.ജെ.പി. നേതാവ്‌ അരൂപ്‌ കുമര്‍ ദേ ആണ്‌ ജിഗ്‌നേഷ്‌ മേവാനിക്കെതിരേ പരാതി നല്‍കിയത്‌. കേസിനാധാരമായ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കിയിട്ടുണ്ട്‌.
ക്രിമിനല്‍ ഗൂഢാലോചന, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, സമാധാനം തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെ മനഃപൂര്‍വം അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ക്കു പുറമേ ഐടി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണു കേസെടുത്തിരിക്കുന്നത്‌.
മേവാനിയുടെ അറസ്‌റ്റിനെതിരേ കോണ്‍ഗ്രസ്‌ ഗുജറാത്ത്‌ അധ്യക്ഷന്‍ ജഗദീഷ്‌ താക്കൂറിന്റെ നേതൃത്വത്തില്‍ അഹമ്മദാബാദ്‌ വിമാനത്താവളത്തില്‍ പ്രതിഷേധം നടത്തി. മേവാനിയെ അറസ്‌റ്റ്‌ ചെയ്യാനുള്ള കാരണം വെളിപ്പെടുത്താനോ എഫ്‌.ഐ.ആറിന്റെ പകര്‍പ്പ്‌ കൈമാറാനോ പോലീസ്‌ തയാറായില്ലെന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു.

Leave a Reply