കേരളത്തില്‍ ജി.എസ്‌.ടി. തട്ടിപ്പ്‌ വ്യാപകമാകുന്നു

0

തിരുവനന്തപുരം : ചെക്ക്‌പോസ്‌റ്റുകളും മറ്റും ഇല്ലാതായതോടെ കേരളത്തില്‍ ജി.എസ്‌.ടി. തട്ടിപ്പ്‌ വ്യാപകമാകുന്നുവെന്ന്‌ വകുപ്പിന്റെ റിപ്പോര്‍ട്ട്‌. ചെക്ക്‌പോസ്‌റ്റുകള്‍ അവസാനിപ്പിച്ച്‌ ഇ-വേ ബില്ലിന്റെ അടിസ്‌ഥാനത്തില്‍ ചരക്ക്‌ കൊണ്ടുവരുന്നത്‌ സുതാര്യമാക്കിയതോടെയാണു നികുതിവെട്ടിപ്പുകള്‍ വര്‍ധിക്കുന്നത്‌. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം നികുതിവെട്ടിപ്പ്‌ സംബന്ധിച്ച 17,262 കേസുകളാണു ജി.എസ്‌.ടി. ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടിയത്‌. ഇതിലൂടെ 79.84 കോടി രൂപയാണു ഖജനാവിലേക്ക്‌ എത്തിയത്‌.
രേഖകള്‍ ഇല്ലാതെയും അപൂര്‍ണവും തെറ്റായതുമായ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പ്‌ ശ്രമങ്ങളാണ്‌ ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടിയത്‌. വിവിധ ഇന്റലിജന്‍സ്‌ സ്‌ക്വാഡുകള്‍, ഓട്ടോമാറ്റിക്‌ നമ്പര്‍ പ്ലേറ്റ്‌ റെക്കഗ്‌നിഷന്‍ ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വൈലെന്‍സ്‌ സ്‌ക്വാഡുകള്‍ എന്നിവയുടെ പരിശോധന കൂടാതെ പാഴ്‌സല്‍ ഏജന്‍സികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളുടെയും അടിസ്‌ഥാനത്തിലാണ്‌ ഇത്രയും കേസുകള്‍ പിടികൂടിയത്‌.
ജി.എസ്‌.ടി. നിയമപ്രകാരം ഉപഭോക്‌താക്കള്‍ക്ക്‌ ബില്ല്‌ നല്‍കുന്നു എന്ന്‌ ഉറപ്പാക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്‌ഥാന വ്യാപകമായി 2881 ടെസ്‌റ്റ്‌ പര്‍ച്ചേസുകളാണ്‌ നടത്തിയത്‌. ക്രമക്കേടുകള്‍ കണ്ടെത്തിയ 1468 സ്‌ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു. ഇവരില്‍നിന്ന്‌ 20,000 രൂപ വീതം പിഴ ഈടാക്കി. ജി.എസ്‌.ടി. നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ്‌ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയധികം ടെസ്‌റ്റ്‌ പര്‍ച്ചേസുകള്‍ നടത്തുന്നത്‌. ഈ സാമ്പത്തിക വര്‍ഷവും ഇത്തരത്തില്‍ പരിശോധന തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.
ഇന്റലിജന്‍സ്‌ സ്‌ക്വാഡുകള്‍ നടത്തിയ രഹസ്യ വിവരശേഖരണത്തിന്റെ അടിസ്‌ഥാനത്തില്‍ 154 കട പരിശോധനകളും നടത്തി. ഇതേത്തുടര്‍ന്ന്‌ എടുത്ത 84 കേസുകളില്‍നിന്ന്‌ 15.37 കോടി രൂപയും സര്‍ക്കാരിനു ലഭിച്ചു.
ബിസിനസ്‌ ഇന്റലിജന്‍സ്‌ ആന്‍ഡ്‌ ഫ്രോഡ്‌ അനലിറ്റിക്‌സ്‌, അനലിറ്റിക്‌സ്‌ ഇന്‍സൈറ്റ്‌ റിപ്പോര്‍ട്ട്‌ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ ബിനാമി രജിസ്‌ട്രേഷന്‍, ബില്‍ ട്രേഡിങ്‌, സര്‍ക്കുലര്‍ ട്രേഡിങ്‌, വ്യാജ ഇന്‍പുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌ എടുക്കല്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള വെട്ടിപ്പുകള്‍ കണ്ടെത്താനുള്ള നടപടികള്‍ തുടരുമെന്ന്‌ സംസ്‌ഥാന ജി.എസ്‌.ടി. കമ്മിഷണര്‍ അറിയിച്ചു.
സംസ്‌ഥാന ചരക്ക്‌ സേവന നികുതി വകുപ്പ്‌ കമ്മിഷണര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, സ്‌പെഷല്‍ കമ്മിഷണര്‍ ഡോ. വീണ എന്‍. മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍, കമ്മിഷണറുടെ കാര്യാലയത്തിലെ ജോയിന്റ്‌ കമ്മിഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്‌), തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ മേഖലാ ഇന്റലിജന്‍സ്‌ ജോയിന്റ്‌ കമ്മിഷണര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്‌ഥരുടെ മേല്‍നോട്ടത്തിലാണ്‌ ഇന്റലിജന്‍സ്‌ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്‌.

Leave a Reply