ജിഎസ്ടി: അഞ്ചു ശതമാനം നികുതി സ്ലാബ് ഇല്ലാതായേക്കും

0

ന്യൂഡൽഹി: ജിഎസ്ടി സ്ലാബിലെ അഞ്ചു ശതമാനം നികുതി ഒഴിവാക്കുന്നതു ജിഎസ്ടി കൗൺസിൽ പരിഗണനയിലേക്ക്. അഞ്ചു ശതമാനം നികുതി സ്ലാബ് ഒഴിവാക്കി ആ ഗണത്തിൽ വരുന്നവയെ തരംതിരിച്ച് മൂന്നു ശതമാനം, എട്ട് ശതമാനം എന്നിങ്ങനെ നികുതി ഏർപ്പെടുത്താനാണ് ആലോചന. വൻ തോതിൽ ഉപഭോഗം ചെയ്യപ്പെടുന്നവയെ മൂന്നു ശതമാനത്തിലും ബാക്കിയുള്ളവയെ എട്ടു ശതമാനത്തിലും ഉൾപ്പെടുത്തും.

നിലവിൽ 5, 12, 18, 28 എന്നീ ശതമാനങ്ങളിൽ നാലു തലങ്ങളുള്ള ഘടനയാണ് ജിഎസ്ടിക്കുള്ളത്. പുതിയ രീതി നടപ്പായാൽ അഞ്ചു സ്ലാബുകൾ ആകും. സ്വർണത്തിനും സ്വർണഭരണങ്ങൾക്കും മൂന്നു ശതമാനം നികുതിയുണ്ട്. കൂടാതെ, ബ്രാൻഡ് ചെയ്യാത്തതും പായ്ക്ക് ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കൾ പോലുള്ള നികുതി ഒഴിവാക്കപ്പെട്ടവയുടെ പട്ടികയും ഉണ്ട്.

അതേസമയം, വരുമാനം വർധിപ്പിക്കാൻ നികുതി ഒഴിവാക്കപ്പെട്ടിരിക്കുന്ന പട്ടികയിലെ ചില ഇനങ്ങളെ മൂന്നു ശതമാനം നികുതിയിലേക്കു കൊണ്ടുവരുന്നത് കൗൺസിൽ പരിഗണിച്ചേക്കും. ചില ഭക്ഷ്യേതര ഇനങ്ങളെ മൂന്നു ശതമാനം സ്ലാബിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.

അഞ്ചു ശതമാനം സ്ലാബ് ഏഴോ എട്ടോ ഒൻപതോ ശതമാനമായി ഉയർത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഉൾപ്പെടുന്ന ജിഎസ്ടി കൗൺസിൽ അന്തിമ തീരുമാനം എടുക്കുമെന്നും ജിഎസ്ടി വൃത്തങ്ങൾ അറിയിച്ചു.

ഇപ്പോൾ കണക്കാക്കുന്നത് അനുസരിച്ച്, പ്രധാനമായും പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന അഞ്ചു ശതമാനം സ്ലാബിലെ ഓരോ ഒരു ശതമാനം വർധനയും ഏകദേശം 50,000 കോടി രൂപയുടെ അധിക വരുമാനം പ്രതിവർഷം നൽകും.

വിവിധ ഓപ്ഷനുകൾ പരിഗണനയിലുണ്ടെങ്കിലും നിലവിൽ അഞ്ചു ശതമാനം നികുതി ചുമത്തുന്ന മിക്ക ഇനങ്ങൾക്കും എട്ടു ശതമാനം ഏർപ്പെടുത്താനാണ് സാധ്യത കൂടുതൽ. അവശ്യ സാധനങ്ങളെ ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ നികുതി ചുമത്തുകയോ ആണ് നിലവിൽ ചെയ്യുന്നത്. അതേസമയം, ആഡംബര ഇനങ്ങൾ ഏറ്റവും ഉയർന്ന നികുതി പേറുന്നു.

ഏറ്റവും ഉയർന്ന 28 ശതമാനം സ്ലാബിനു മുകളിൽ ചില വസ്തുക്കൾക്ക് സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നടപ്പാക്കുന്നതു മൂലമുള്ള വരുമാന നഷ്ടം നികത്താനാണ് ഈ സെസ് ഉപയോഗിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥ ജൂണിൽ അവസാനിക്കാനിരിക്കെ, സംസ്ഥാനങ്ങൾ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണ്.

നികുതി നിരക്കുകൾ യുക്തിസഹമാക്കിയും നികുതി ഘടനയിലെ അപാകതകൾ തിരുത്തിയും വരുമാനം വർധിപ്പിക്കാനുള്ള വഴികൾ നിർദേശിക്കാനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാരുടെ സമിതിയെ കൗൺസിൽ കഴിഞ്ഞ വർഷം രൂപീകരിച്ചിരുന്നു.

അടുത്ത മാസം ആദ്യത്തോടെ മന്ത്രിമാരുടെ സംഘം ശിപാർശകൾ സമർപ്പിച്ചേക്കും. അത് അന്തിമ തീരുമാനത്തിനായി മേയ് പകുതിയോടെ കൗൺസിലിനു മുമ്പാകെ വയ്ക്കും. 2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കിയ സമയത്ത്, 2022 ജൂൺ വരെ അഞ്ച് വർഷത്തേക്കു സംസ്ഥാനങ്ങൾക്കു നഷ്ടപരിഹാരം നൽകാനും 2015-16ലെ അടിസ്ഥാന വർഷ വരുമാനത്തേക്കാൾ 14 ശതമാനം വാർഷിക വരുമാനം ഉറപ്പാക്കാനും കേന്ദ്രം സമ്മതിച്ചിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ജിഎസ്ടി കൗൺസിൽ പലപ്പോഴും വ്യാപാര- വ്യവസായ മേഖലകളുടെ ആവശ്യങ്ങൾക്കു വഴങ്ങുകയും നികുതി നിരക്കുകൾ കുറയ്ക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഏറ്റവും ഉയർന്ന 28 ശതമാനം നികുതി ചുമത്തുന്ന ചരക്കുകളുടെ എണ്ണം 228ൽനിന്ന് 35ൽ താഴെയായി.

ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വർഷത്തിനപ്പുറം നീട്ടില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുമ്പോൾ, ഉയർന്ന നികുതികളിലൂടെ വരുമാനം കൂട്ടുക എന്നതു മാത്രമാണ് കൗൺസിലിനു മുന്നിലുള്ള ഏക പോംവഴിയെന്നു സംസ്ഥാനങ്ങൾ കരുതുന്നു

Leave a Reply