സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്‌ഥാനത്തുനിന്ന്‌ തന്നെ മാറ്റണമെന്നാവശ്യപ്പെട്ട്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ അസാധാരണനടപടി

0

തിരുവനന്തപുരം
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്‌ഥാനത്തുനിന്ന്‌ തന്നെ മാറ്റണമെന്നാവശ്യപ്പെട്ട്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ അസാധാരണനടപടി. സര്‍വകലാശാലകളിലെ നിയമവിരുദ്ധതയും രാഷ്‌ട്രീയ ഇടപെടലും സഹിക്കാനാവാത്ത സാഹചര്യത്തിലാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പകരം മുഖ്യമന്ത്രിതന്നെ ചാന്‍സലര്‍ സ്‌ഥാനം ഏറ്റെടുത്താല്‍ മതിയെന്നും നിര്‍ദേശം.
കഴിഞ്ഞ എട്ടിനാണു മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ: ആര്‍. ബിന്ദുവിനും ഗവര്‍ണര്‍ കത്ത്‌ നല്‍കിയത്‌. നിലവില്‍ നിയമസഭാസമ്മേളനം നടക്കാത്തതിനാല്‍, ചാന്‍സലര്‍ സ്‌ഥാനത്തുനിന്നു മാറ്റിക്കൊണ്ട്‌ ഓര്‍ഡിനന്‍സ്‌ തയാറാക്കിയാല്‍ ഉടന്‍ ഒപ്പിട്ടുനല്‍കാമെന്നും കത്തില്‍ വ്യക്‌തമാക്കുന്നു. നാളുകളായി തുടരുന്ന സര്‍വകലാശാലകളിലെ രാഷ്‌ട്രീയ അതിപ്രസരവും പിന്‍വാതില്‍ നിയമനങ്ങളുമാണു സര്‍ക്കാരിനെ ഞെട്ടിച്ച ഗവര്‍ണറുടെ നടപടിക്കു പിന്നില്‍.
നിയമപരമായി ചാന്‍സലറുടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അനാവശ്യ രാഷ്‌ട്രീയ ഇടപെടലുകള്‍ തടസമാകുന്നുവെന്ന്‌ കത്തില്‍ പറയുന്നു. കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട വിഷയമാണു പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്‌. വിരമിക്കുന്ന വി.സിയെ വീണ്ടും നിയമിക്കുന്നതില്‍ തരക്കേടില്ലെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശവുമായാണ്‌ ഒരാള്‍ തന്നെ കാണാന്‍ വന്നത്‌. നിയമമാണു പ്രധാനമെന്നു പറയുമ്പോഴും നിയമവിരുദ്ധമായതു ചെയ്യാനാണു നിയമോപദേശം. ആ നിയമോപദേശത്തില്‍ എ.ജിയുടെ ഒപ്പുമുണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഉടന്‍ പോയി ഒപ്പ്‌ വാങ്ങിക്കൊണ്ടുവരുകയായിരുന്നു. ശരിയല്ലെങ്കിലും നിയമനം അംഗീകരിച്ചതു സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണെന്നും ഗവര്‍ണര്‍ പറയുന്നു.
കാലടി സംസ്‌കൃതസര്‍വകലാശാല വി.സി. നിയമനത്തിനായി സെര്‍ച്ച്‌ പാനലിന്റെ ചെയര്‍മാനായ ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷന്‍ ഒരാളുടെ പേരുമായി ഗവര്‍ണറെ കണ്ടിരുന്നു. യു.ജി.സി. നിയമപ്രകാരം മൂന്നുപേരുടെ പാനലാണു വേണ്ടതെന്നു ചൂണ്ടിക്കാട്ടി അതു നിരസിച്ചതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
വിദ്യാഭ്യാസവിചക്ഷണരായ ഡോ: സി.ആര്‍.എന്‍. റാവു, ഡോ: കെ.എന്‍. പണിക്കര്‍ തുടങ്ങിയവര്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച വിവരിക്കുന്നതു ചൂണ്ടിക്കാട്ടിയാണു കത്ത്‌ തുടങ്ങുന്നത്‌. കേരളത്തിലെ സര്‍വകലാശാലകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നതു മോശം കാര്യങ്ങളിലാണ്‌. പ്രത്യേകിച്ച്‌ രാഷ്‌ട്രീയനിയമനങ്ങളില്‍. രാഷ്‌ട്രീയമായി ആളുകളെ തിരുകിക്കയറ്റുന്നു. അക്കാഡമിക്‌ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്‌ അതുമായി ഒരു ബന്ധവുമില്ലാത്ത രാഷ്‌ട്രീയക്കാരാണ്‌. ഉന്നതതലങ്ങളില്‍പ്പോലും ഇതാണു കാണുന്നത്‌. കലാമണ്ഡലം കല്‍പ്പിതസര്‍വകലാശാല വി.സിയുമായി ബന്ധപ്പെട്ട്‌ നേരത്തേയുണ്ടായ നിയമപ്രശ്‌നവും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ പാസാക്കിയ സര്‍വകലാശാല അപ്പലേറ്റ്‌ ട്രിബ്യൂണല്‍ ബില്ലും രാഷ്‌ട്രീയലക്ഷ്യത്തോടെയാണ്‌. ട്രിബ്യൂണല്‍ നിയമനത്തിനുള്ള അധികാരം ചാന്‍സലറില്‍നിന്നു മാറ്റിയതും ഹൈക്കോടതിയുടെ അനുമതി തേടേണ്ടതില്ലെന്നുമുള്ള ഭേദഗതി ശരിയല്ല. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ഹൈക്കോടതിയുടെ അനുമതി വേണ്ടെന്നത്‌ അംഗീകരിക്കാനാവില്ല. ഇത്തരത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം തീരെക്കുറഞ്ഞുവരുന്നു. അമിതമായ രാഷ്‌ട്രീയ ഇടപെടലുകള്‍ സര്‍വകലാശാലകളില്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ചാന്‍സലറുടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. മുഖ്യമന്ത്രിതന്നെ ചാന്‍സലര്‍ സ്‌ഥാനം ഏറ്റെടുത്താല്‍ ഇഷ്‌ടമുള്ള ആളുകളെ ഏതു സ്‌ഥാനത്തും നിയമിക്കാം. നിയമഭേദഗതിയിലൂടെ അതു ചെയ്യണം. നിയമസഭ ഇപ്പോള്‍ സമ്മേളിക്കാത്തതുകൊണ്ട്‌ ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്നാല്‍ ഉടന്‍ ഒപ്പുവയ്‌ക്കാമെന്നും ഗവര്‍ണര്‍ വ്യക്‌തമാക്കുന്നു.

Leave a Reply