സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ സീറ്റിലിരുത്തി ജോലിചെയ്യിപ്പിക്കാന്‍ അക്സസ് കണ്‍ട്രോള്‍ സിസ്റ്റവുമായി സര്‍ക്കാര്‍

0

തിരുവനന്തപുരം∙ സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ സീറ്റിലിരുത്തി ജോലിചെയ്യിപ്പിക്കാന്‍ അക്സസ് കണ്‍ട്രോള്‍ സിസ്റ്റവുമായി സര്‍ക്കാര്‍. പഞ്ച് ചെയ്ത് അരമണിക്കൂര്‍ സീറ്റില്‍ നിന്നു മാറിനിന്നാല്‍ അവധിയായി കണക്കാക്കും. ജീവനക്കാരെ പൂര്‍ണമായും സെന്‍സര്‍ വലയത്തിലാക്കുന്ന പഞ്ചിങ്ങ് അക്സസ് കണ്‍ട്രോള്‍ സിസ്റ്റം ഉടന്‍ പ്രാബല്യത്തിലാകും. സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന പുതിയ സിസ്റ്റം ജീവനക്കാരെ ബന്ധികളാക്കുമെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടന സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ രംഗത്തെത്തി.
രാവിലെ പത്തിനു പഞ്ചു ചെയ്തു മുങ്ങുന്നവരെ കയ്യോടെ പിടികൂടുന്നതാണു പുതിയ അക്സസ് സിസ്റ്റം. 34 വകുപ്പുകളിലേയും ജീവനക്കാര്‍ സെന്‍സര്‍ അധിഷ്ഠിതമായ വാതിലിലൂടെ ഓഫിസിലേക്കു കടക്കുമ്പോള്‍ തന്നെ ഹാജർ രേഖപ്പെടുത്തും. ഓഫിസില്‍ നിന്നു പിന്നീടു പുറത്തുപോകുമ്പോഴും സമയം രേഖപ്പെടുത്തും. തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അവധി രേഖപ്പെടുത്തും.
അവധി രേഖപ്പെടുത്തുന്നതു ശമ്പള സോഫ്റ്റ്‍വെയറായ സ്പാര്‍ക്കിലൂടെയായിരിക്കും. പിന്നീടു സ്വാധീനം ചെലുത്തി മാറ്റാനും കഴിയില്ല. യൂണിയന്‍ പ്രവര്‍ത്തനത്തിനു പോയാലും തിരികെയെത്തുന്നത് അരമണിക്കൂറിനുശേഷമെങ്കില്‍ പിടിവീഴും. ഒരു കോടി 97 ലക്ഷം രൂപ ചെലവാക്കിയാണ് ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നത്. ആദ്യഘട്ട ഉപകരണങ്ങള്‍ എത്തി. കെല്‍ട്രോണിനു ആദ്യഗഡുവായ 56 ലക്ഷം നല്‍കി കഴിഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ ജീവനക്കാരെ ബന്ധിയാക്കുന്നതാണെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടന സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക യോഗങ്ങള്‍ക്കുപോയാലും അവധി മാര്‍ക്കു ചെയ്യുമെന്നാണ് ആരോപണം. എന്നാല്‍ ഇങ്ങനെയുള്ള ജീവനക്കാര്‍ക്കു പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നാണു സര്‍ക്കാര്‍ മറുപടി.
സെക്രട്ടറിയേറ്റില്‍ ഏര്‍പ്പെടുത്തുന്ന പുതിയ അക്സസ് സിസ്റ്റം രണ്ടാംഘട്ടമായി എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലുമെത്തും. കിലോമീറ്ററുകള്‍ താണ്ടി സാധാരണക്കാരെത്തുമ്പോള്‍ ജീവനക്കാര്‍ സീറ്റിലില്ലെന്ന ആക്ഷേപത്തിനു അറുതി വരുത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here