ചെന്നൈ: പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനായി സമീപത്തെ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക്ക് ടാങ്കില്‍ വീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു. 24 കാരിയായ ശരണ്യയാണ് മരിച്ചത്. ജോലി ചെയ്യുന്ന ഓഫീസില്‍ ശുചിമുറി ഇല്ലാത്തതിനെ തുടര്‍ന്നാണ് സമീപത്തുള്ള കെട്ടിടത്തിലേക്ക് പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ യുവതിക്ക് പോകേണ്ടി വന്നത്. തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ കലക്കാട്ടൂരിലാണ് സംഭവം.
ശരണ്യ ശുചിമുറിയില്‍ പോയിട്ട് തിരിച്ച് വരാന്‍ വൈകിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് അവളുടെ ചെരുപ്പുകള്‍ സെപ്റ്റിക്ക് ടാങ്കില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അവളെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ശരണ്യയുടെ മരണത്തില്‍ വ്യാപകമായ പ്രതിഷേധമാണ് അധികൃതര്‍ക്കെതിരെ ഉയരുന്നത്.
അവള് എന്റെ ജീവിതമായിരുന്നു. അവളുടെ അകാലമരണം തനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. മകളുടെ ഓഫീസില്‍ ശുചിമുറിയില്ലാത്തതിനെ തുടര്‍ന്ന് അവളും സഹപ്രവര്‍ത്തകരും സമീപത്തെ വീടുകളിലേക്കോ പണി നടക്കുന്ന സമീപത്തെ കെട്ടിടത്തിലേക്കോ പോകുമായിരുന്നു. എന്നാല്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ശരണ്യയുടെ പിതാവ് പറഞ്ഞു.
English summary
Government official dies after falling into septic tank of house under construction while going to the toilet of a nearby building to perform preliminary work