കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ആശുപത്രിയിലെ പെരുമാറ്റത്തിനെതിരേ സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍

0

കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ആശുപത്രിയിലെ പെരുമാറ്റത്തിനെതിരേ സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍. കെട്ടിടം നിര്‍മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ മാത്രം പോരെന്നും ഇവ പരിപാലിക്കാന്‍ ജീവനക്കാരില്ലെന്ന യാഥാര്‍ഥ്യം എംഎല്‍എ മനസിലാക്കണമെന്നുമാണ് ഇവരുടെ ആക്ഷേപം.

തലവൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ‌ ആശുപത്രിയില്‍ എത്തിയ കെബി ഗണേഷ്കുമാര്‍ എംഎല്‍എ ആശുപത്രി വൃത്തിഹീനമാണെന്ന് ചൂണ്ടിക്കാട്ടി ചൂലെടുത്തു വൃത്തിയാക്കിയിരുന്നു. മൂന്നരക്കോടി രൂപ മുടക്കി നിര്‍മിച്ച ആശുപത്രികെട്ടിടം ഉദ്ഘാടനത്തിന് തയാറായിരിക്കെ ഡോക്ടര്‍മാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നാണ് എംഎല്‍എയുടെ വിമര്‍ശനം.

ഇതിനെതിരെയാണ് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളായ കേരള സ്റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഒാഫിസേഴ്സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഒാഫിസേഴ്സ് ഫെഡറേഷനും രംഗത്തു വന്നത്. 40 കിടക്കയുള്ള ആശുപത്രിയില്‍ ഒരു സ്വീപ്പര്‍ തസ്തിക മാത്രമാണുള്ളത്. എഴുപതു വയസുളളയാള്‍ ജോലിയില്‍ നിന്നു വിരമിക്കുകയും ചെയ്തു. ഒഴിവു നികത്താന്‍ നടപടിയുമില്ല.

ഫിസിയോ തെറാപ്പി ഉപകരണം ഉപയോഗിക്കാത്തതാണു വിമര്‍ശനമുയർന്ന മറ്റൊരു കാര്യം. ജീവനക്കാരില്ലാതെ എങ്ങനെ ഉപയോഗിക്കുമെന്ന് ഡോക്ടര്‍മാര്‍ ചോദിക്കുന്നു. ശുചിമുറിയിലെ ടൈല്‍ ഇളകിയതിനും ചീഫ് മെഡിക്കല്‍ ഒാഫിസര്‍ ‍‍ഡോ.അമ്പിളികുമാരിയാണോ കുറ്റക്കാരിയെന്നും ഡോക്ടര്‍മാര്‍ ചോദിച്ചു. ആശുപത്രികളിലെ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ആയുഷ് സെക്രട്ടറിക്ക് കത്തയച്ചു.

Leave a Reply