രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 54 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

0

പാലക്കാട്‌: രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 54 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പാലക്കാട്‌ ജങ്‌ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടികൂടി. ഹാട്ടിയ-എറണാകുളം എ.സി. എക്‌സ്പ്രസില്‍ലെ യാത്രക്കാരനായ ആന്ധ്രപ്രദേശ്‌ കൃഷ്‌ണ ജില്ലയില്‍ ഗുഡിവാടസ്വദേശി സംഘറാം (48)ന്റെ ബാഗിന്റെ രഹസ്യ അറയില്‍ നിന്നാണ്‌ പാലക്കാട്‌ ആര്‍.പി.എഫ്‌. ക്രൈം ഇന്റലിജന്‍സ്‌ ബ്രാഞ്ച്‌ 1.224 കിലോ സ്വര്‍ണം കണ്ടെടുത്തത്‌. ആന്ധ്രയിലെ നെല്ലൂരില്‍ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക്‌ വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന ആഭരണങ്ങളാണിതെന്ന്‌ ആര്‍.പി.എഫ്‌. പറഞ്ഞു.
അന്യസംസ്‌ഥാനങ്ങളില്‍ നിന്നും രേഖകളില്ലാതെ സ്വര്‍ണാഭരണങ്ങള്‍ നികുതിവെട്ടിച്ച്‌ കടത്തിക്കൊണ്ട്‌ വന്നു കേരളത്തിലെ ജ്വല്ലറികളില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്‌ സംഘറാം. നിരവധിതവണ കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന്‌ വില്‌പന നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണവും പ്രതിയെയും പാലക്കാട്‌ ജി.എസ്‌.ടി. വകുപ്പിന്‌ കൈമാറി. പാലക്കാട്‌ ആര്‍.പി.എഫ്‌. കമാന്‍ഡന്റ്‌ ജെതിന്‍ ബി. രാജിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍.പി.എഫ്‌. സി.ഐ. എന്‍. കേശവദാസ്‌, എസ്‌.ഐ. എ.പി. ദീപക്‌, എ.എസ്‌.ഐ. സജി അഗസ്‌റ്റിന്‍, ഹെഡ്‌കോണ്‍സ്‌റ്റബിള്‍ എന്‍. അശോക്‌ എന്നിവരാണ്‌ പരിശോധന സംഘത്തിലുണ്ടായിരുന്നത്‌.

Leave a Reply