സ്വ’ഇന്ത്യ കയറ്റുമതി നിരോധിച്ചതിനു പിന്നാലെ ആഗോള ഗോതമ്പ്‌ വില റെക്കോഡ്‌ ഉയരത്തില്‍

0

ഇന്ത്യ കയറ്റുമതി നിരോധിച്ചതിനു പിന്നാലെ ആഗോള ഗോതമ്പ്‌ വില റെക്കോഡ്‌ ഉയരത്തില്‍. യൂറോപ്യന്‍ വിപണിയില്‍ വില ടണിന്‌ 435 യൂറോ(ഏകദേശം 35,257 രൂപ) ആയി കുതിച്ചു. ടണ്ണിന്‌ 18,000 രൂപയാണ്‌ ഉത്തരേന്ത്യന്‍ വിപണിയില്‍ ഗോതമ്പ്‌ വില.
ലോകത്തിന്റെ ഗോതമ്പ്‌ കയറ്റുമതിയുടെ 12 ശതമാനവും നിര്‍വഹിച്ചിരുന്ന യുക്രൈനുമേല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ അധിനിവേശം നടത്തിയ പിന്നാലെ ആഗോളതലത്തില്‍ ഗോതമ്പ്‌ വില കുതിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതോടൊപ്പം രാസവള ക്ഷാമവും മോശമായ വിളവെടുപ്പും ആഗോളതലത്തില്‍ തന്നെ പണപ്പെരുപ്പം കുതിക്കാനിടയാക്കുകയും ദരിദ്രരാജ്യങ്ങളില്‍ പട്ടിണിയും സാമൂഹിക അരക്ഷിതാവസ്‌ഥ തീര്‍ക്കുമെന്ന ആശങ്കയിലുമാണ്‌. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ്‌ കയറ്റുമതി രാജ്യമായ ഇന്ത്യ മാര്‍ച്ചിലെ രൂക്ഷമായ ഉഷ്‌ണതരംഗത്തിനു പിന്നാലെയാണ്‌ ഗോതമ്പ്‌ കയറ്റുമതി വിലക്കിയത്‌. ഗോതമ്പ്‌ കയറ്റുമതി ചെയ്യുന്നതില്‍ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ ജി-7 വിദേശകാര്യമന്ത്രിമാരുടെ യോഗം ആശങ്ക അറിയിച്ചു. പ്രതിസന്ധികാലത്ത്‌ ലോകരാജ്യങ്ങള്‍ കയറ്റുമതി – ഇറക്കുമതി നിയന്ത്രണം കൊണ്ടുവന്നാല്‍ വന്‍ തകര്‍ച്ചയുണ്ടാകുമെന്നു ജര്‍മന്‍ കൃഷി-ഭക്ഷ്യമന്ത്രി സെം ഒസ്‌ഡെമിര്‍ പറഞ്ഞു. കാനഡ, ഫ്രാന്‍സ്‌, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, യു.എസ്‌. എന്നിവ അടങ്ങിയതാണു ജി-7.
മാര്‍ച്ച്‌ മുതല്‍ ആഗോള വിപണി വിലക്കയറ്റത്തിന്റെ പിടിയിലാണെന്നാണു യു.എന്‍. റിപ്പോര്‍ട്ട്‌. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച്‌ ഈ വര്‍ഷം ഭക്ഷ്യവസ്‌തുക്കളുടെ വിലയില്‍ 30 ശതമാനം വര്‍ധനയുണ്ടായെന്നാണു റിപ്പോര്‍ട്ട്‌. നാണ്യപ്പെരുപ്പത്തെ തുടര്‍ന്നു യു.എസ്‌. ഫെഡറല്‍ റിസേര്‍വ്‌, ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ട്‌ എന്നിവ പലിശനിരക്ക്‌ ഉയര്‍ത്തിയിട്ടുണ്ട്‌. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ യു.എസ്‌. സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകുമെന്നു ഗോള്‍ഡ്‌മാന്‍ സാച്ചസ്‌ സീനിയര്‍ ചെയര്‍മാന്‍ ലോയ്‌ഡ്‌ ബ്ലാങ്ക്‌യെ്‌ന്‍ മുന്നറിയിപ്പ്‌ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here