Sunday, January 23, 2022

കിഴക്കമ്പലത്ത് ക്വാറി ഉടമ യുവതിയെ പീഡിപ്പിച്ചെന്ന കേസ്ഒതുക്കാൻ കൈക്കൂലി; ബലാത്സംഗക്കേസ് ഒതുക്കിത്തീർക്കാൻ ജി.കെ ഗ്രാനൈറ്റ്സ് ഉടമ നൽകിയത് കോടികൾ!
പോലീസ് സ്റ്റേഷനിൽ മൊഴി നൽകി തിരിച്ചു പോകുമ്പോൾ യുവതിയുടെ വാഹനം തടഞ്ഞ്ഭീഷണിപ്പെടുത്തിയ സംഭവവും പോലീസ് ഒതുക്കി; തടിയിട്ട പറമ്പ് പോലീസിനെ കുടുക്കിയത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം

Must Read

കൊച്ചി; കിഴക്കമ്പലത്ത് ക്വാറി ഉടമ യുവതിയെ പീഡിപ്പിച്ചെന്ന കേസ്ഒതുക്കാൻ കൈക്കൂലി വാങ്ങിയ നാലു പൊലീസുകാരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജി.കെ ഗ്രാനൈറ്റ്സ് ഉടമകളായ സ്റ്റെനി ജോർജ്, ജോർജ് ആൻറണി, മാനേജർ ബാബുരാജ് എന്നിവർ പ്രതികളായ കേസ് ആണ് ഒതുക്കി തീർക്കാൻ ശ്രമിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് പൊലീസിനെതിരെ ഇഡി കേസെടുക്കുന്നത്. ബലാത്സംഗക്കേസ് ഒതുക്കിത്തീർക്കാൻ ജി.കെ ഗ്രാനൈറ്റ്സ് ഉടമയിൽനിന്ന് അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്പാദിച്ചെന്നുകാണിച്ച് പൊതുപ്രവർത്തകനായ അജിത് കൊടകര നൽകിയ പരാതിയിലാണ് നടപടി.

പരാതിയിൽ വിശദമായി അന്വേഷണം നടത്തിയതിനു ശേഷമാണ് ഇഡി രണ്ട്‌ പൊലീസ് സ്റ്റേഷൻ മേധാവികളുൾപ്പെടെ നാലുപേരെ പ്രതിേചർത്തത്. കൊടകര സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന അരുൺ ഗോപാലകൃഷ്ണൻ, തടിയിട്ടപ്പറമ്പ് സ്റ്റേഷൻ എസ്എച്ച്ഒ സുരേഷ്‌കുമാർ, എഎസ്ഐ യാക്കൂബ്, വനിതാ സിപിഒ ജ്യോതി ജോർജ് എന്നിവരെയാണ് പ്രതിേചർത്തിരിക്കുന്നത്. പാറമട ഉടമയുടെ മകനെ രക്ഷിച്ചതിന് പ്രതിഫലമായി വൻതുക കൈപ്പറ്റിയെന്നാണ് പരാതി.

ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്യാത്തത് സംബന്ധിച്ച പരാതിയിൽ ഹൈക്കോടതി വിശദീകരണം ചോദിച്ചപ്പോൾ തടിയിട്ടപ്പറമ്പ് പോലീസ് നൽകിയ സത്യവാങ്മൂലമാണ് പോലീസുകാർക്ക് വിനയായത്. പരാതിക്കാരിയായ പെൺകുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാൻ മാനഭംഗപ്പരാതി കെട്ടിച്ചമയ്ക്കാറുണ്ടെന്നും കൊടകര സ്റ്റേഷനിൽ പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പോലീസ് 2020 സെപ്റ്റംബർ 30-ന് നൽകിയ സത്യവാങ്മൂലം. എന്നാൽ, കൊടകര പോലീസ് പെൺകുട്ടിയുടെ പേരിൽ കേസെടുത്തത് ഒക്ടോബർ ഒന്നിനായിരുന്നു.

ഈ കേസിൽ പെൺകുട്ടിയെ കുടുക്കാൻ കൊടകരയിലെയും തടിയിട്ടപ്പറമ്പിലെയും പൊലീസുകാർ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമാണ് പരാതി നൽകിയത്. ഇതുസംബന്ധിച്ച് ചാലക്കുടി ഡിവൈ.എസ്.പി. അന്വേഷിച്ചെങ്കിലും പോലീസിന് അനുകൂല റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കൊടകര സ്റ്റേഷൻ എസ്.എച്ച്.ഒ. ആയിരുന്ന അരുൺ ഗോപാലകൃഷ്ണനെതിരേ വകുപ്പുതലനടപടിക്ക് ശുപാർശ ചെയ്തിരുന്നു.

പോലീസ് സ്റ്റേഷനിൽ മൊഴി നൽകി തിരിച്ചു പോകുമ്പോൾ യുവതിയുടെ വാഹനം തടഞ്ഞ്ഭീഷണിപ്പെടുത്തിയ സംഭവവും പോലീസ് ഒതുക്കിയിരുന്നു.
2020 ജൂലൈ 10നാണ് സംഭവം.
തടിയിട്ടപറമ്പു പോലീസ് സ്റ്റേഷനിൽ മൊഴി കൊടുത്തു മെഡിക്കലും കഴിഞ്ഞു തിരിച്ചു പോകുന്നതിനിടെ
പെരുമ്പാവൂർ തൃശ്ശൂർ റോഡിലുള്ള അന്നപൂർണ്ണ ഹോട്ടലിന്റെ മുന്നിൽ വച്ചു കേസിലെ പ്രതികളടക്കമുള്ളവർ യുവതിയുടെ കാർ തടഞ്ഞ്ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

വൈകിട്ട് 7 മണിക്കാണ് സംഭവം സ്ഥാപന ഉടമകളും കൂട്ടാളികളും മൂന്ന് കാറുകളിലെത്തി യുവതിയെ തടയുകയായിരുന്നു.
തുടർന്ന്ഇരയും ബന്ധുക്കളും ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകി.
പോലീസിന്റെ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിലിലും പ്രതികളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും പ്രതികൾ സംഭവസ്ഥലത്തു ഉണ്ടായതായി പോലീസ് കണ്ടെത്തിയെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

മൊഴികൊടുക്കാൻ പോകുന്നതിന്റെ തലേ ദിവസം പ്രതികളുടെ സ്ഥാപനത്തിലെ മാനേജർ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടതായും പരാതിക്കാരിയുടെ ബന്ധുക്കൾ മീഡിയ മലയാളത്തോട് പറഞ്ഞു.

14 മിനിറ്റാണ് മാനേജർ യുവതിയോട് സംസാരിച്ചത്. ഇതിനിടെ പലപ്പോഴും ഭീഷണി മുഴക്കിയെന്നും ഇതിൻ്റെ കോൾ റെക്കോർഡ് പോലീസിന് കൈമാറി എന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. മാള സ്വദേശിനിയെ ക്രഷർ ഉടമകൾ പലപ്പോഴായി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. സ്വകാര്യ ഭാഗങ്ങളിൽ കയറി പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അപമാനിച്ചെന്നുമാണ് ആക്ഷേപം.
കിഴക്കമ്പലത്തെ പ്രമുഖ ക്രഷർ യൂണിറ്റിൽ ജീവനക്കാരിയായ യുവതിയാണ് പീഡന പരാതിയുമായി രംഗത്തെത്തിയത്.

ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധമുള്ള ഇവർക്കെതിരെ മാള പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. പിന്നീട് കേസ് തടിയിട്ട പറമ്പ് പോലീസിന് കൈമാറി. നേരത്തെ ക്രഷർ പ്രവർത്തിക്കുന്ന സ്ഥലത്തിൻ്റ പരിധിയിൽ പെട്ട പോലീസ് സ്റ്റേഷനിൽ യുവതി പരാതിയുമായി എത്തിയെങ്കിലും കേസ് എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്ന് പൊതുപ്രവർത്തകർ ഇടപെട്ട് മാള സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ക്രഷർ ഓഫീസിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന യുവതിയെ മറ്റു ജീവനക്കാരില്ലാത്ത സമയത്ത് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

എന്നാൽ അന്ന് പോലീസും ക്രഷർ ഉടമകളും മറ്റൊരു തരത്തിലാണ് പ്രതികരിച്ചത്.

അന്വേഷണം തുടങ്ങി, കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്ന് തടിയിട്ട പറമ്പ് പോലീസ് വ്യക്തമാക്കിയപ്പോൾ ഓഫീസിൽ ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ യുവതി വ്യക്തി വൈരാഗ്യം തീർക്കാൻ ശ്രമിക്കുകയാണെന്ന് ക്രഷർ ഉടമകൾ പ്രതികരിച്ചു.

‘യുവതിയെ ജോലിക്ക് കൊണ്ടുവന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് ക്രഷർ ഉടമകൾ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് പഴയ ജീവനക്കാരനെന്നും ഉടമകൾ പറയുന്നു.
ചന്ദനകടത്തുമായി ബന്ധപ്പെട്ടാണ് ജീവനക്കാരനും ഉടമയും തമ്മിൽ തെറ്റിയതെന്നാണ് വിവരം.

Leave a Reply

Latest News

ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ കാർ അപകടത്തില്‍പ്പെട്ടു

ലൊസാഞ്ചലസ്∙ ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ (74) കാർ അപകടത്തില്‍പ്പെട്ടു. ഷ്വാസ്‌നെഗർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. വെള്ളിയാഴ്ച...

More News