Sunday, November 28, 2021

കേരളത്തിൽ വൻ ദുരന്തവും ചർച്ചയും വിവാദ വിഷയവുമായ ഉരുൾപൊട്ടലിനു കാരണം ക്വാറികളല്ലെന്നു ഭൗമവിദഗ്ധന്‍റെ വെളിപ്പെടുത്തൽ

Must Read

കേരളത്തിൽ വൻ ദുരന്തവും ചർച്ചയും വിവാദ വിഷയവുമായ ഉരുൾപൊട്ടലിനു കാരണം ക്വാറികളല്ലെന്നു ഭൗമവിദഗ്ധന്‍റെ വെളിപ്പെടുത്തൽ. റോക്ക് മെക്കാനിസത്തെക്കുറിച്ചും പാറകളിൽ സംഭവിക്കുന്ന രാസപ്രതികരണങ്ങളെക്കുറിച്ചും വേണ്ടത്ര അറിവില്ലാഞ്ഞിട്ടാണ് ക്വാറികളിൽ ഡൈമാനിറ്റ് പൊട്ടിക്കുന്നതുകൊണ്ടാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുന്നതെന്നു നാം ധരിച്ചുവച്ചിരിക്കുന്നതെന്നും ഭൗമവിദഗ്ധനായ ഡോ.കെ.പി.ത്രിവിക്രമൻ പറയുന്നു.

ഉണ്ടപ്പാറകൾ സൂചിപ്പിക്കുന്നത്

കേരള സര്‍വകലാശാല ജിയോളജി വിഭാഗം മുന്‍ പ്രഫസറും മേധാവിയും തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ എന്‍വയണ്‍മെന്‍റ ആന്‍ഡ് ഡവലപ്‌മെന്‍റിലെ പ്രോഗ്രാം ഓഫീസറുമാണ് ഡോ.കെ.പി. ത്രിവിക്രമന്‍. ഉരുൾപൊട്ടൽ സംഭവിക്കുന്ന എല്ലാ സ്ഥലത്തും കാണപ്പെടുന്നത് ഉണ്ടപ്പാറകൾ ആണെന്ന് അദ്ദേഹം ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. ക്വാറിയിൽ ഡൈനാമിറ്റ് പൊട്ടിക്കുന്നത് മണ്ണിൽ കാര്യമായ പ്രതിഫലനമൊന്നും സൃഷ്ടിക്കില്ല.

പാറയുടെ നിറം

എവിടെ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തു ചെന്നാലും ഉരുളിനൊപ്പം വന്നിരിക്കുന്നതെല്ലാം ഉരുണ്ടു മിനുങ്ങിയ പാറക്കൂട്ടങ്ങളാണെന്നു കാണാം. മാത്രമല്ല അവയുടെ നിറവും ശ്രദ്ധിക്കേണ്ടതാണ്. ക്വാറിയിൽനിന്നു നമുക്കു ലഭിക്കുന്ന പാറയുടെ നിറം ആയിരിക്കില്ല ഇവയ്ക്ക്. ചെളി പുരണ്ട നിറമായിരിക്കും.

കെമിക്കൽ വെതറിംഗ്

പാറകളിൽ സംഭവിക്കുന്ന കെമിക്കൽ വെതറിംഗ് എന്ന രാസപ്രക്രിയയുടെ സൂചനയാണ് ഈ കാണുന്നത്. ഇവിടെ പാറ പൊടിയുകയല്ല. കെമിക്കൽ റിയാക്ഷനിലൂടെ പാറകൾ ചെളിയും ചൈനാ ക്ലേയുമൊക്കെയായി മാറും. ആസിഡോ ആല്‍ക്കലൈന്‍ സൊല്യുഷനോ ഒക്കെ ചേര്‍ന്നാണ് ഈ കെമിക്കല്‍ റിയാക്ഷന്‍ ഉണ്ടാക്കുന്നത്.

ചെളിയിൽ പുതഞ്ഞായിരിക്കും ഇത്തരം പാറക്കൂട്ടങ്ങൾ കാണപ്പെടുക. പാറയുടെ കോർ ആയിട്ടുള്ള ഭാഗം കെമിക്കൽ റിയാക്ഷനു വിധേയമാകാതെ പാറയായി തന്നെ നിലകൊള്ളും. ഇത് ഒന്നോ രണ്ടോ വർഷങ്ങൾക്കൊണ്ട് സംഭവിക്കുന്നതല്ല. ചിലപ്പോൾ നൂറ്റാണ്ടുകൾക്കൊണ്ട് സംഭവിക്കുന്നതാണ്.

പൊട്ടിയൊഴുകാൻ കാരണം

കെമിക്കൽ റിയാക്ഷൻ സംഭവിച്ചു ചെളിയിൽ പുതഞ്ഞിരിക്കുന്ന പാറക്കൂട്ടത്തിലേക്ക് തീവ്രമഴ പെയ്തിറങ്ങുന്നതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. ‌ഇവയിൽ വെള്ളം നിറഞ്ഞു കഴിഞ്ഞാല്‍ ഭൂഗുരുത്വാകർഷണത്താൽ അതിശക്തമായി താഴേക്കു പൊട്ടിയൊഴുകും. സ്വഭാവികമായി ചെളിയും ഉണ്ടപ്പാറക്കൂട്ടങ്ങളുമൊക്കെ ഇതിനൊപ്പം താഴേക്കു പതിക്കും.

22 ഡിഗ്രിയിൽ കൂടുതലുള്ള ചരിവ് പ്രധാനമാണ്. ഇത്തരം സ്ഥലങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടിയ മഴ പെയ്താൽ ലാൻഡ് സ്ലിപ് എന്ന ഉരുൾപൊട്ടൽ പ്രതിഭാസത്തിനു സാധ്യതയുണ്ട്. ലാൻഡ് സ്ലിപ്പിനേക്കാൾ ഭയാനകമാണ് ലാൻഡ് സ്ലൈഡ്.

മഴയുടെ സ്വഭാവം മാറി

200 മീല്ലിമീറ്റര്‍ മഴ ഒരാഴ്ച കൊണ്ട് പെയ്താല്‍ ഒരു കുഴപ്പവുമില്ല. അതേസമയം, 200 മില്ലി മീറ്റര്‍ മഴ ഒരു ദിവസംകൊണ്ട് പെയ്താല്‍ അതു പ്രശ്‌നം സൃഷ്ടിക്കും. പരിവര്‍ത്തനം വന്ന പാറകള്‍ക്കും ക്ലേയ്ക്കുമിടയിലേക്ക് ഇവ നിറഞ്ഞു പാല്‍പ്പായസം പോലെ താഴേക്കു പതിക്കും. ഉരുള്‍പൊട്ടലിന്‍റെ ഏതു ദൃശ്യങ്ങള്‍ പരിശോധിച്ചാലും അതില്‍ ഉണ്ടക്കല്ലുകള്‍ കാണും.

തീവ്രമഴ പ്രശ്നം

കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കുന്ന തീവ്രമഴയാണ് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും യഥാർഥ കാരണം. കാലാവസ്ഥാ വ്യതിയാനം മൂലം തീവ്ര മഴ ഇനിയും കൂടാൻ തന്നെയാണ് സാധ്യത. ഇവിടെ മാത്രമല്ല, ലോകമെന്പാടും ഈ പ്രതിഭാസം ഉണ്ട്.

സര്‍ക്കാരിനു ചെയ്യാവുന്നതു ലാന്‍ഡ് സോണിംഗ് എന്നൊരു രീതിയാണ്. ഓരോ പ്രദേശത്തെയും വിവിധ സോണുകളായി തിരിക്കുക. ഉരുൾപൊട്ടൽ മേഖല താമസത്തിനു യോജിച്ചതല്ല. താമസിച്ചാല്‍ നിങ്ങളുടെ സ്വന്തം റിസ്‌കില്‍ ആയിരിക്കണമെന്നു സർക്കാർ പറയണം.

വെള്ളത്തിന്‍റെ വഴി

ഇതുപോലെ തന്നെയാണ് നദിയില്‍ വെള്ളം പൊങ്ങാന്‍ കാരണവും മഴ കൂടിയതാണ്. റിവര്‍ ചാനല്‍ എന്നൊരു സംവിധാനമുണ്ട്. വെള്ളത്തിന്‍റെ യാത്രയെ തടസപ്പെടുത്തരുത്. വെള്ളപ്പൊക്കെ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മതില്‍ക്കെട്ടുകള്‍ നിര്‍മിക്കരുത്.

ചുറ്റുമതിലുകള്‍ നിര്‍മിച്ചാല്‍ പ്രളയം വരുമ്പോള്‍ ചെളി വീടിന്‍റെ പരിസരത്ത് അടിഞ്ഞു കൂടാന്‍ ഇടയാക്കും. എന്നാല്‍, തുറന്നു കിടന്നാല്‍ ഇത് ഒഴുകിപ്പൊയ്‌ക്കോളും. റൂം ഫോര്‍ റിവര്‍ എന്നതു റിവര്‍ ചാനല്‍ എന്നതു തന്നെയാണ്. വെള്ളത്തിന് ഒഴുകാന്‍ ഇടം കൊടുക്കുക.

വെള്ളപ്പൊക്ക മേഖലകളില്‍ തറ ഉയരത്തിലോ തൂണുകളിലോ വീടുകള്‍ നിര്‍ബന്ധമാക്കണം. വെള്ളപ്പൊക്കവും കൊടുങ്കാറ്റും പ്രളയത്തില്‍ മുക്കിയ അമേരിക്കയിലെ ചില പ്രദേശങ്ങളില്‍ ഈ രീതി അനുവര്‍ത്തിച്ചിട്ടുണ്ട്. കെ – റെയില്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമോയെന്നു പലർക്കും ആശങ്കയുണ്ട്. ഏതൊരു നിർമിതിയും ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കും.

എന്നാല്‍, അതിനു പരിഹാരമുണ്ട്. അതു കണ്ടെത്തി ചെയ്യണം. പരിഹാരമാർഗങ്ങൾ മുൻകൂട്ടി ചെയ്യുന്നതിൽ നാം പിന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം നാം ചിന്തിക്കുന്നതുപോലെയല്ല, വലിയ പ്രശ്നമായി വളരുകയാണ്. കുട്ടികൾ മുതൽ ഉള്ളവരെ ഇതിന്‍റെ ഗൗരവം ബോധ്യപ്പെടുത്തണം. കനത്തമഴ, വരൾച്ച, പുതിയ രോഗങ്ങൾ പോലെയുള്ളവയും പൊട്ടിപ്പുറപ്പെടാമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News